പാലിയം എന്ന ലത്തീൻ പദത്തിൽ നിന്നാണ് പാലിയേറ്റീവ് എന്ന വാക്കിന്റെ ഉത്ഭവം. അതിന്റെ അർത്ഥം സംരക്ഷണം, പുതപ്പ് എന്നെല്ലാമാണ്. പാലിയേറ്റീവ് കെയറിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ് ഹോം കെയർ.
കാരിത്താസ് കാൻസർ ഇൻസ്റ്റിറ്റ്യൂട്ടിൽ പാലിയേറ്റീവ് കെയർ ആരംഭിക്കുകയെന്ന ഡോക്ടർ മേരിയുടെ ആശയം അന്ന് പരക്കെ സ്വാഗതം ചെയ്യപ്പെട്ടിരുന്നില്ല. കാരണം രോഗികളെ വീട്ടിൽ ചെന്ന് സൗജന്യമായി പരിശോധിക്കുമ്പോൾ സ്വഭാവികമായി ആശുപത്രിയിലേക്കുള്ള രോഗികളുടെ എണ്ണം കുറയുമെന്നായിരുന്നു അധികൃതരുടെ ധാരണ. പക്ഷേ ഡോക്ടർ മേരിയുടെ വഴികൾ ശരിയായിരുന്നുവെന്ന് പിന്നീട് കാലം തെളിയിച്ചു.
അങ്ങനെ മധ്യകേരളത്തിലെ പാലിയേറ്റീവ് കെയറിന് രൂപവും ഭാവവും നല്കിയ ഡോക്ടർ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ സാന്ത്വനചികിത്സാ കേന്ദ്രങ്ങളെ ഒരേ കുടക്കീഴിൽ കൊണ്ടുവരികയും നിരവധി പഞ്ചായത്തുകളിൽ പാലിയേറ്റീവ് കെയർ സെന്ററുകൾ സ്ഥാപിക്കാൻ പ്രേരണയാകുകയും ചെയ്തു.
ഏറെ പ്രതിബന്ധങ്ങളെ നേരിട്ട അന്നത്തെ പാലിയേറ്റീവ് കെയർ ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ നിന്നെത്തുന്ന വിദഗ്ദർക്ക് വരെ പഠിക്കാനും പ്രചോദനമേകാനും കഴിയുന്ന വിധത്തിലുള്ള സ്ഥാപനമായി വളർന്നുകഴിഞ്ഞിരിക്കുന്നു എന്നതാണ് ഡോക്ടർ മേരിയെ ഇന്ന് ഏറെ സന്തുഷ്ടയാക്കുന്നത്.
പ്രായമായ രോഗികളെ ഒരിക്കലും ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കാൻ ബന്ധുക്കൾ അനുവദിക്കരുത് എന്നാണ് ഡോക്ടർ പറയുന്നത്. ജീവിതത്തിലേക്ക് മടങ്ങിവരില്ലെന്ന് നിശ്ചയമായിക്കഴിഞ്ഞാൽ ബന്ധുക്കളിൽ നിന്ന് അകറ്റി എന്തിനാണ് ഐസിയുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിച്ച് രോഗികളെ കഷ്ടപ്പെടുത്തുന്നത്? ഡോക്ടർ ചോദിക്കുന്നു. അവരെ സമാധാനപൂർവം മരിക്കാൻ അനുവദിക്കുക. വെള്ളമിറങ്ങാത്ത സാഹചര്യമാണെങ്കിൽ ഡ്രിപ് നല്കുക. വൃത്തിയായും സ്വസ്ഥമായും രോഗിയെ കിടത്തുക, ഏറ്റവും പ്രിയപ്പെട്ടവരെ അവസാനമായി കാണാൻ അവസരം കൊടുക്കുക, അവർ അടുത്തിരുന്ന് പ്രാർത്ഥിക്കുകയോ അവരോട് യാത്ര ചോദിക്കുകയോ ചെയ്യട്ടെ. ഇങ്ങനെയൊക്കെയല്ലേ നാം വൃദ്ധരെ മരിക്കാൻ അനുവദിക്കേണ്ടത്. രോഗി രക്ഷപ്പെടുകയില്ലെന്ന് മനസ്സിലായാൽ അവരെ വീടുകളിലേക്ക് പറഞ്ഞയ്ക്കാൻ ആശുപത്രിക്കാർ തയ്യാറാകണമെന്നും ഡോക്ടർ അഭിപ്രായപ്പെടുന്നു.