വിഷാദം അഥവാ ഡിപ്രഷൻ സർവ്വസാധാരണമാണ്. ജീവിതത്തിൽ ഒരിക്കലെങ്കിലും അതിലൂടെ കടന്നുപോയിട്ടുള്ളവരായിരിക്കാം കൂടുതൽ പേരും. അല്ലെങ്കിൽ ആരുടെയെങ്കിലും വിഷാദങ്ങൾക്ക് നാം സാക്ഷികളായിട്ടുണ്ടാവാം. വിഷാദത്തിന് അടിമപ്പെടുന്ന ഓരോ വ്യക്തിക്കും നമ്മുടെ പിന്തുണയും സ്നേഹവും പരിഗണനയും വളരെയധികം ആവശ്യമുണ്ട്. അതുകൊണ്ട് വിഷാദത്തിൽ അകപ്പെട്ടു കഴിയുന്ന ജീവിതപങ്കാളിക്കോ മക്കൾക്കോ അല്ലെങ്കിൽ സുഹൃത്തിനോ എല്ലാം എല്ലാം നമ്മുടെ സഹായം ആവശ്യമുണ്ട്. വിഷാദത്തിൽ പെട്ടുപോയവരുമായി അടുത്ത ബന്ധം പുലർത്തുന്നവർ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.
ദയ അല്ല അവർക്കാവശ്യം സഹതാപമാണ്
എന്താണ് ദയയും സഹതാപവും തമ്മിലുള്ള വ്യത്യാസം? ദയ കാണിക്കുന്നത് എപ്പോഴും തന്നെക്കാൾ താഴെയുള്ളവരോടാണ്. സഹതാപമാകട്ടെ നീയും ഞാനും ഒരുപോലെയാണ് എന്ന താദാത്മീകരണവും ഐക്യപ്പെടലുമാണ്. വിഷാദത്തിന് അടിമപ്പെട്ടവരോട് ദയ കാണിക്കരുത്. മറിച്ച് സഹതാപം പ്രകടിപ്പിക്കുക. കൂടെ തപിക്കുക അല്ലെങ്കിൽ ഒരുമിച്ച് സങ്കടപ്പെടുക എന്നതാണ് അത്.
അവർക്കു വേണ്ടി ആയിരിക്കുക
അവരുടെ ഒപ്പമായിരിക്കുക. അവരുടെ ലോകത്തിലായിരിക്കുക.
പരാതികളിൽ മുഖം കറുപ്പിക്കാതിരിക്കുക
വിഷാദത്തിന് അടിപ്പെടുന്നവർ എപ്പോഴും പരാതിപറയുന്ന സ്വഭാവക്കാരായിരിക്കും. എന്നാൽ ആ പരാതികളോട് മുഖം കറുപ്പിക്കരുത്. പോസിറ്റീവായ മനോഭാവത്തോടെ അവയെസ്വീകരിക്കുക. നമുക്ക് അതിനു പരിഹാരമുണ്ടാക്കാമെന്നും നമ്മൾ ഒരുമിച്ച് അത് പരിഹരിക്കുമെന്നും അവരോട് പറയുക.
സ്നേഹം കാണിക്കുക
സ്നേഹം പ്രകടിപ്പിക്കുക. അതൊരിക്കലും ഒളിപ്പിച്ചുവയ്ക്കരുത്. അടുത്തുചെന്നിരിക്കുക. കരം കവരുക, ആലിംഗനം ചെയ്യുക, കണ്ണിൽ നോക്കുക, പുഞ്ചിരിക്കുക. വാക്കുകളെക്കാൾ വലിയ അർത്ഥമുണ്ട് ഇത്തരം ചില പ്രവൃത്തികൾക്ക്. ഇത്തരം സ്നേഹപ്രകടനങ്ങൾ അവരിൽ ഉണർത്തുന്ന ആശ്വാസം വളരെ വലുതാണ്.
വിഷാദത്തിന്റെ പേരിൽ അവരെ കുറ്റപ്പെടുത്താതിരിക്കുക
ജീവിതപങ്കാളിയാണോ വിഷാദത്തിന് അടിപ്പെട്ടിരിക്കുന്നത്? എങ്കിൽ ഒരിക്കലും മക്കളോട് അതേക്കുറിച്ച് കുറ്റപ്പെടുത്തി സംസാരിക്കരുത്. സാധാരണ പോലെയുള്ള ഒരു അസുഖമാണ് വിഷാദമെന്നും അത് പരിഹരിക്കപ്പെടാൻ സമയമെടുക്കുമെന്നും മക്കൾക്ക് പറഞ്ഞുകൊടുക്കുക.
ബാഹ്യലോകവുമായി അടുപ്പിക്കുക
ഒറ്റപ്പെട്ടുകഴിയാനായിരിക്കും വിഷാദരോഗികൾ കൂടുതലായും ആഗ്രഹിക്കുന്നത്. അവരെ അതുകൊണ്ട് പുറംലോകവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുക. ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും സഹായവും തേടുക. പുസ്തകങ്ങൾ വായിക്കാൻ നല്കുക. അനുകൂലമായ സാഹചര്യം ഒരുക്കിക്കൊടുക്കുക.
പ്രോത്സാഹിപ്പിക്കുക
നല്ല വാക്കുകൾ പറയുക, തീരെ ചെറിയ പ്രവൃത്തിയിൽ പോലും അഭിനന്ദിക്കുക. ഓരോ ചുവടുവയ്പ്പിലും കൈപിടിക്കാൻ കൂടെയുണ്ടെന്ന് പറയുക. കൂടുതലായി ചെയ്യാൻ പ്രേരിപ്പിക്കുക.
ദേഷ്യം പിടിക്കാതിരിക്കുക
മോശമായ പെരുമാറ്റം കൊണ്ട് വിഷാദരോഗികളെ കൂടുതൽ വിഷമിപ്പിക്കരുത്. കുറ്റപ്പെടുത്തലോ പഴിചാരലോ വേണ്ട.
നെഗറ്റീവായ കാര്യങ്ങൾ സംസാരിക്കാതിരിക്കുക
സംഭവിച്ചുപോയ ഏതെങ്കിലും ഒന്നിന്റെ പേരിലാണ് വിഷാദം പിടികൂടിയിരിക്കുന്നതെങ്കിൽ അതിന്റെ പേരിലുള്ള കുറ്റപ്പെടുത്തലോ വിചാരണയോ ഒഴിവാക്കുക. സംഭവിച്ചതിനെ അതിന്റെ പാട്ടിന് വിടുക. കുറ്റബോധമോ ആത്മനിന്ദയോ ഉണർത്തുന്ന യാതൊരു വാക്കും സംസാരിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.
പ്രതീക്ഷകൾ നല്കുക
എല്ലാം അവസാനിച്ചിട്ടില്ല , എല്ലാം ശരിയാകും എന്നും പറഞ്ഞ് ബോധ്യപ്പെടുത്തുക. ജീവിതത്തിന്റെ ഇരുപുറമാണ് വിഷാദവും സന്തോഷവും എന്ന് മനസ്സിലാക്കിക്കൊടുക്കുക. വിഷാദത്തിന് അപ്പുറം സന്തോഷം ഉണ്ട് എന്ന് തെളിയിച്ചുകൊടുക്കുക.