മക്കളുടെ മുമ്പിൽ അരുതാത്ത വാക്കുകൾ

Date:

spot_img

അന്ന് ഏഴാം ക്ലാസുകാരിയായ സാന്ദ്ര ക്ലാസിൽ മൂഡോഫായിരിക്കുന്നത്  ആദ്യം മനസ്സിലാക്കിയത് ക്ലാസ് ടീച്ചർ കൂടിയായ ആനി മിസ്സാണ്. പതിവു ചിരിയില്ല, കളിയില്ല. ക്ലാസിൽ ശ്രദ്ധിക്കുന്നതുമില്ല. ക്ലാസ് തീർന്നപ്പോൾ ടീച്ചർ അവളെ സ്റ്റാഫ് മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി. വിഷമിച്ചിരിക്കുന്നതിന്റെ കാരണം ചോദിച്ചപ്പോൾ ആദ്യമൊന്നും പറയാൻ കൂട്ടാക്കിയില്ലെങ്കിലും നിർബന്ധിച്ചപ്പോൾ കരഞ്ഞുകൊണ്ട് സാന്ദ്ര പറഞ്ഞു, അച്ഛനും അമ്മയും കൂടി  വഴക്ക്. വഴക്കിനിടയിൽ അമ്മ പറഞ്ഞുവത്രെ ഇതിലും ഭേദം ഡിവോഴ്‌സാണെന്ന്. നിനക്ക് അത്രനിർബന്ധമാണെങ്കിൽ അതുതന്നെ നടക്കട്ടയെന്ന് അച്ഛനും പറഞ്ഞുവത്രെ. ഡിവോഴ്‌സ് എന്ന വാക്കിന്റെ അർത്ഥം സാന്ദ്രയ്ക്ക് നന്നായിട്ടറിയാം. അതുകൊണ്ടുതന്നെ മാതാപിതാക്കൾ വേർപിരിയുമോ എന്ന ആശങ്കയിലും ഭയപ്പാടിലുമാണ് അവൾ. സാന്ദ്രയെ പോലെയുള്ള നിരവധി കുട്ടികളെ കൗൺസലിംങ് വേളകളിൽ കണ്ടുമുട്ടാറുണ്ടെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ പറയുന്നു.

സഹപാഠിയായ ഒന്നാംക്ലാസുകാരൻ ഗോകുൽ വഴക്കിനിടയിൽ തന്നെ ഒരു ചീത്തവാക്കു പറഞ്ഞുവെന്ന പരാതിയുമായിട്ടാണ് അനിരുദ്ധ് ക്ലാസ് ടീച്ചറിന്റെ അടുക്കലെത്തിയത്. പരാതി കേട്ട ടീച്ചർ രണ്ടുപേരെയും വിളിച്ചു ചോദ്യം ചെയ്തു. ഗോകുൽ പറഞ്ഞ ചീത്തവാക്ക് എവിടെ നിന്ന് കേട്ടു ആരു പറഞ്ഞു എന്ന് ടീച്ചറുടെ ചോദ്യത്തിന് തലകുനിച്ച് നിന്നുകൊണ്ട് അവൻ മറുപടി പറഞ്ഞു. അമ്മ അച്ഛനെ വിളിക്കുന്നതാണ് ആ വാക്ക്.  അന്തിച്ചിരിക്കാനേ ടീച്ചർക്കായുള്ളൂ.
മാതാപിതാക്കൾ തങ്ങളുടെ ദേഷ്യത്തിനിടയിൽ പകരം വീട്ടാനെന്നോണം പരസ്പരം വലിച്ചെറിയുന്ന വാക്കുകൾ കേട്ടുവളരുന്ന മക്കളിൽ അവയെല്ലാം അരക്ഷിതാവസ്ഥയും പ്രതികൂല മനോഭാവവുമാണ് സൃഷ്ടിക്കുന്നത്. എന്നും അച്ഛനമ്മമാരുടെ വഴക്കു കണ്ടുവളരുകയും ഡിവോഴ്‌സ് ഡിവോഴ്‌സ് എന്ന് നാല്പതുവട്ടം പറയുന്നത് കേൾക്കുകയും ചെയ്യുന്ന കുട്ടികളുടെ മനസ്സിൽ പ്രകടമായ വികാരം ഭയവും അരകഷിതാവസ്ഥയുമായിരിക്കും. തങ്ങൾ സുരക്ഷിതരല്ലെന്നും എപ്പോൾ വേണമെങ്കിലും മുങ്ങിപ്പോകാവുന്ന കപ്പലിലാണ് തങ്ങളെന്നും അവർ മനസ്സിലാക്കിത്തുടങ്ങും. ഇത് അവരുടെ ജീവിതത്തെ അരക്ഷിതാവസ്ഥയിലേക്കായിരിക്കും എത്തിക്കുന്നത്.

അതുപോലെ ആത്മഹത്യ ചെയ്യും എന്ന് ഭീഷണിമുഴക്കുന്ന ഭാര്യാഭർത്താക്കന്മാരുമുണ്ട്. വെറുമൊരു ഭീഷണിയായിരിക്കാം അത് പലപ്പോഴുമെങ്കിലും അതിനെ ഭാവിയിൽ പ്രവൃത്തിപഥത്തിലെത്തിക്കുന്നത് മക്കളായിരിക്കും എന്നത് നടുക്കത്തോടെ മാത്രം നാം ഓർമ്മിക്കേണ്ട ഒരു വസ്തുതയാണ്. പതിനേഴാം വയസിൽ കൈഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച പെൺകുട്ടി കാരണം പറഞ്ഞത് ചെറുപ്പത്തിൽ അമ്മ പതിവായി പറയാറുണ്ടായിരുന്ന ആത്മഹത്യ എന്ന വാക്കായിരുന്നു തനിക്ക് പ്രചോദനം എന്നാണ്. മദ്യപിച്ചെത്തുന്ന അച്ഛനെ അതിൽ നിന്ന് പിന്തിരിപ്പിക്കാൻ അമ്മ പ്രയോഗിക്കുന്ന ആയുധമായിരുന്നു ആത്മഹത്യാഭീഷണി. പത്തിരുപതിലധികം വർഷം നീണ്ട ദാമ്പത്യത്തിൽ അമ്മ ഒരിക്കലും ആത്മഹത്യാശ്രമം പോലും നടത്തിയിട്ടില്ല. പക്ഷേ അത് കേട്ടുവളർന്ന മകൾ ഒരുപ്രത്യേക നിമിഷത്തിൽ അമ്മയുടെ വാക്ക് നിറവേറ്റി.

കൊച്ചുകുട്ടികൾ എതിരാളിയെ തോല്പിക്കാൻ ദേഷ്യത്തിൽ വിളിക്കുന്ന പേരിന്റെ അർത്ഥം അവർ ഒരിക്കലും മനസ്സിലാക്കുന്നില്ല. പക്ഷേ നിത്യവുമെന്നോണം അവർ വീടുകളിൽ നിന്ന് കേൾക്കുന്നത് അത്തരം വാക്കുകളാണ്. ലോവർ ക്ലാസു ഫാമിലികളിൽ മാത്രമേ ഇത് നടക്കൂ മിഡിൽക്ലാസ്, അപ്പർക്ലാസ് കുടുംബങ്ങളിൽ അങ്ങനെയൊന്നും സംഭവിക്കുന്നില്ലല്ലോ എന്ന് പറഞ്ഞ് നാം സമാധാനപ്പെടണ്ട. ഇന്ന് വിദ്യാസമ്പന്നരെന്ന് അവകാശപ്പെടുന്ന സ്ത്രീകൾ പോലും ഭർത്താവിനെ വിളിക്കുന്ന വിശേഷണങ്ങൾ നാം ചിന്തിക്കുന്നതിലും അപ്പുറമാണെന്ന് മനശ്ശാസ്ത്രവിദഗ്ദയായ ഒരു സുഹൃത്ത് ചില അനുഭവങ്ങൾ പങ്കുവച്ചുകൊണ്ട് പറഞ്ഞത് ഓർമ്മിക്കുന്നു. മനസ്സിലെ മാലിന്യം തള്ളാനും അതുവച്ചു പങ്കാളിയെ മാനസികമായി തകർക്കാനും വിദ്യാഭ്യാസനിലവാരം ഒരിക്കലും ഒരു ഘടകമേ അല്ല എന്നതാണ് സത്യം. ഗോകുലിന്റെ അമ്മ ഒരു കോളജ് പ്രഫസറായിരുന്നു എന്നതാണ് വാസ്തവം. അപ്പോൾ കുടുംബമഹിമ, വിദ്യാഭ്യാസം, സമൂഹത്തിലെ സ്ഥാനം ഇതൊന്നുമല്ല ഒരാളെ നല്ല അച്ഛനമ്മമാരോ നല്ല ഭാര്യഭർത്താക്കന്മാരോ ആക്കുന്നത്.

പങ്കാളിയാണ് പലപ്പോഴും ശത്രുവാകുന്നത്. ആ ശത്രുത തീർക്കാൻ ഉപയോഗിക്കുന്ന വാക്കുകൾ പക്ഷേ ലക്ഷ്യം തെറ്റി സ്വന്തം മക്കളിലേക്ക് തന്നെയാണ് വരുന്നതെന്ന് ദമ്പതികൾ ഒരിക്കലും മറക്കരുത്. നല്ല മാതാപിതാക്കളാകാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും മക്കളുടെ മുമ്പിൽ വച്ച് വഴക്കുകൂടരുത്. പങ്കാളിയെക്കുറിച്ച് മോശമായി സംസാരിക്കരുത്. ശബ്ദമുയർത്തിയും താറടിച്ചും സംസാരിക്കരുത്. മക്കളുടെ ഭാവിയെ ദോഷകരമായി ബാധിക്കുന്ന വാക്കുകളോ പെരുമാറ്റങ്ങളോ ഒരിക്കലും ഉണ്ടാവുകയുമരുത്. പങ്കാളിയെ മോശക്കാരനാക്കി മക്കളുടെ സ്‌നേഹം പിടിച്ചുപറ്റാൻ ശ്രമിക്കുന്നവരാരോ നാളെ അവർ മക്കളുടെ മുമ്പിൽ ചെറുതായിപോവുകയേയുള്ളൂവെന്നും മറന്നുപോകരുത്.

More like this
Related

മറ്റുള്ളവരെന്തു വിചാരിക്കും!

മക്കളുടെ ചില ഇഷ്ടങ്ങൾ അംഗീകരിച്ചുകൊടുക്കാനും അനുവദിച്ചുകൊടുക്കാനും ചില മാതാപിതാക്കളെങ്കിലും മനസു കൊണ്ടു...

ടോക്‌സിക് മാതാപിതാക്കളാണോ?

'എത്ര തവണ അതു ചെയ്യരുതെന്ന് നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട്...''ഈ പ്രശ്നത്തിനെല്ലാം കാരണക്കാരൻ...

ടോക്‌സിക് മാതാപിതാക്കളിൽ നിന്ന് എങ്ങനെ രക്ഷപ്പെടാം? 

ടോക്സിക് മാതാപിതാക്കളെക്കുറിച്ച് ആദ്യം മനസ്സിലാക്കേണ്ട കാര്യം അവരെ ഒരിക്കലും നമുക്ക് മാറ്റിയെടുക്കാൻ...

മാതാപിതാക്കൾ സന്തോഷമുള്ളവരായാൽ…

മാതാപിതാക്കൾ അറിഞ്ഞോ അറിയാതെയോ മക്കളിലേക്ക് നിക്ഷേപിക്കുന്ന ചില സമ്പത്തുണ്ട്. പെരുമാറ്റം കൊണ്ട്,...
error: Content is protected !!