ഭര്‍ത്താവും കാമുകിയും ചേര്‍ന്ന് കൊലപ്പെടുത്തിയ വിദ്യയുടെ അമ്മയുടേതാണീ ചോദ്യം. എത്രയോ പ്രസക്തമായ ചോദ്യം.
വര്‍ഷങ്ങള്‍ നീണ്ട ദാമ്പത്യബന്ധങ്ങളില്‍ അസ്വാരസ്യങ്ങള്‍ ഉണ്ടാവുക സ്വഭാവികം. ഒരുമിച്ച് ജീവിക്കുമ്പോള്‍ അധാര്‍മ്മികമായ ചില സ്‌നേഹബന്ധങ്ങളില്‍ വീണുപോകുന്നതും മനുഷ്യസഹജം. മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവരും കുറവായിരിക്കും.മനമോടാത്ത കുമാര്‍ഗ്ഗമില്ലെന്ന് കുമാരനാശാന്‍. ഇവയെ ന്യായീകരിക്കുകയല്ല അംഗീകരിച്ചുകൊണ്ടു തന്നെ പറയട്ടെ. ഇങ്ങനെയുള്ള വ്യത്യസ്തമായ സന്ദര്‍ഭങ്ങളില്‍ പങ്കാളികള്‍ ഒരുമിച്ചെടുക്കേണ്ട ചില തീരുമാനങ്ങളും കൈക്കൊള്ളേണ്ട നടപടികളുമുണ്ട്.ഇരുകൂട്ടരുടെയും സമ്മതത്തോടെയുള്ള വേര്‍പിരിയല്‍. ഒറ്റയ്ക്കൊറ്റയ്ക്ക് നല്ല വ്യക്തികള്‍ ആയിരിക്കുന്ന്പോഴും ഒരുമിച്ചു ചേരുന്പോള്‍ യോജിച്ചുപോകാന്‍ ദുഷ്ക്കരമായ സാഹചര്യമുളള എത്രയോ ദന്പതികളുണ്ട് നമുക്ക്ചുറ്റിനും.
മതങ്ങളുടെയോ ദൈവിശ്വാസത്തിന്റെ പേരില്‍ മാത്രം അസ്വസ്ഥകരമായ ദാമ്പത്യബന്ധം മുന്നോട്ടുകൊണ്ടുപോകുന്നതുകൊണ്ട് ഇരുകൂട്ടര്‍ക്കും നന്മകളുണ്ടാകുന്നില്ല. ഒരുമിച്ചുമുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് ഇരുകൂട്ടര്‍ക്കും ഉറച്ച ബോധ്യമുണ്ടാവുകയോ സാഹചര്യങ്ങള്‍ ഇനിയും ഒരുമിച്ചുപോകുന്നതില്‍ അര്‍ത്ഥമില്ലെന്ന് മനസ്സിലാക്കിക്കൊടുക്കുകയോ ചെയ്യുന്ന സന്ദര്‍ഭങ്ങളില്‍ പരസ്പര സമ്മതത്തോടെ ദമ്പതികള്‍ പിരിഞ്ഞുപോകുകയാണ് നല്ലത്. അതിന് പകരം ഭര്‍ത്താവിനെ കാമുകനൊപ്പം കൊലപ്പെടുത്തുന്നതോ ഭാര്യയെ കാമുകിയ്‌ക്കൊപ്പം കൊലപ്പെടുത്തുന്നതോ അല്ല ശരിയായ രീതി.
ഈ രാജ്യത്ത് വിവാഹമോചനം എന്നത് നിഷിദ്ധമായ കാര്യമൊന്നുമല്ല. അടുത്തയിടെ കേരളത്തെ ഞെട്ടിച്ച ഒരു കൊലപാതകം ഇക്കാര്യമാണ് നമ്മുടെ മുന്നിലേക്ക് കൊണ്ടുവരുന്നത്. പ്രേംകുമാറിനും സുനിതയ്ക്കും ഒരുമിച്ചുജീവിക്കാനാണ് താല്പര്യമെങ്കില്‍ ആ വഴിക്ക് അവര്‍ക്ക് ആലോചിക്കാമായിരുന്നു. പക്ഷേ പകരം അവര്‍ ചെയ്തത് എന്താണ്? ആഴ്ചകള്‍ക്ക് മുമ്പ് ശാന്തമ്പാറയില്‍ നടന്ന കൊലപാതകം ഓര്‍മ്മയില്ലേ. ലിജിയെന്ന ഭര്‍ത്തൃമതി കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപെടുത്തി. പിടിക്കപ്പെടുമെന്ന് ഉറപ്പായപ്പോള്‍ഇളയകുഞ്ഞിനും കാമുകനുമൊപ്പം ആത്മഹത്യക്ക ശ്രമിച്ചു. പക്ഷേ കുഞ്ഞ് മരിച്ചു. കാമുകനെയും ലിജിയെയും അപകടനില തരണം ചെയ്തുകഴിഞ്ഞപ്പോള്‍ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
നോക്കൂ ഒരുമിച്ചുജീവിക്കാനുള്ള ശ്രമത്തില്‍ അവര്‍ ചെയ്തുകൂട്ടിയ കൊടുംക്രൂരതകളുടെ ഫലം. ഏതു കൊലപാതകത്തിലും കുറ്റവാളികളെ കണ്ടെത്തുന്നുണ്ട്. അവര്‍ ശിക്ഷിക്കപ്പെടുന്നുണ്ടോ എന്നത് രണ്ടാമത്തെ കാര്യം. പക്ഷേ കൊലപാതകം നടത്തിയതിന് ശേഷം അവര്‍ക്കാ കുറ്റം മറച്ചുവയ്ക്കാന്‍ ഒരിക്കലും കഴിയുന്നില്ല.എത്ര സമര്‍ത്ഥമായി നടത്തിയ കൊലപാതകമാണെങ്കില്‍ പോലും ദൈവത്തിന്റെ കണ്ണ് അവിടെയെല്ലാം പ്രകടമാകുന്നുണ്ട് എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. കൊലപാതകം നടത്തിയതിന് ശേഷം ഇത്തരക്കാര്‍ക്കൊരിക്കലും സമാധാനമോ സന്തോഷമോ സ്വസ്ഥതയോ അനുഭവിക്കാന്‍ കഴിയുന്നില്ല എന്നതിനും പ്രേംകുമാറിന്റെയും സുനിതയുടെയും അനുഭവം തന്നെ വ്യക്തം. കൊലപാതകം എന്ന മഹാപാപത്തെക്കാള്‍ ചെറുതല്ലേ വിവാഹമോചനം? ഇടറിയും കലങ്ങിയും മറ്റേതൊക്കെയോ ഇഷ്ടങ്ങള്‍ ഉള്ളില്‍വച്ച് രണ്ടുവള്ളത്തില്‍ കാല്‍ വച്ച് ജീവിക്കുകയും പുറമേയ്ക്ക് അഭിനയിക്കുകയും ചെയ്യുന്ന എല്ലാ ദമ്പതിമാരും തങ്ങളുടെ ഭാവിയെയും ജീവിതസുരക്ഷയെയും ഓര്‍മ്മിച്ച് അപകടം കുറഞ്ഞ പ്രശ്‌നപരിഹാരമാര്‍ഗ്ഗങ്ങള്‍ കണ്ടെത്തട്ടെ. അങ്ങനെ കണ്ടെത്താത്തവരോട് എന്തായാലും ഒന്നുപറയാതിരിക്കാന്‍ വയ്യ, ആസൂത്രിതമായി നടത്തുന്ന കൊലപാതകങ്ങളല്ല നിങ്ങളുടെ ദാമ്പത്യബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍ക്കുള്ള ഏകപരിഹാരം. കൊലപാതകം നടത്തി ഇണയെ ഇല്ലായ്മ ചെയ്ത് പ്രിയപ്പെട്ടവര്‍ക്കൊപ്പം ജീവിക്കാമെന്ന നിങ്ങളില്‍ ഒരാളുടെയും ആഗ്രഹത്തിന് നീണ്ട കാലാവധിയൊന്നുമുണ്ടായിരുന്നില്ല. ജയിലില്‍ അടയ്ക്കപ്പെട്ട്ശേഷകാലം മുഴുവന്‍ അവിടെ കഴിയാനാണ് അവര്‍ സ്വയം ഏറ്റുവാങ്ങുന്ന വിധി.
നിങ്ങളുടെ ജീവിതം എങ്ങനെയും മുന്നോട്ടുകൊണ്ടുപോകാന്‍ നിങ്ങള്‍ക്ക് അവകാശവും സ്വാതന്ത്ര്യവും ഉള്ളപ്പോള്‍തന്നെ മറ്റുള്ളവരുടെ ജീവനെടുക്കാന്‍ നിങ്ങള്‍ക്കൊരിക്കലും അനുവാദമില്ല എന്ന കാര്യവും മറക്കരുത്.