എല്ലാ നഷ്ടങ്ങളെക്കാളും മേലെ നില്ക്കും മക്കളുടെ നഷ്ടങ്ങൾ. പ്രാണൻ നല്കിപോലും മക്കളുടെ ജീവൻ രക്ഷിക്കാൻ അച്ഛനോ അമ്മയോ ആരുമാവട്ടെ തയ്യാറാകുന്നതും അതുകൊണ്ടാണ്. എന്നിട്ടും കൺമുമ്പിൽ മക്കളുടെ ജീവൻ ഒരു പൂവ് പോലെ പൊഴിഞ്ഞുവീഴുന്നത് നോക്കിനില്ക്കാൻ ഏത് അച്ഛനും അമ്മയ്ക്കുമാണ് കഴിയുന്നത്?
ഇടനെഞ്ചു പൊട്ടിക്കരയാൻ മാത്രമേ അവർക്കാ ആ നിമിഷങ്ങളിൽ കഴിയുകയുള്ളൂ. ഇതാ മകന്റെ പ്രാണനെ പൊതിഞ്ഞുപിടിച്ച് ഒരു അച്ഛൻ പാടുന്ന പാട്ട്. കണ്ണുനിറഞ്ഞും ചങ്കു കലങ്ങിയും മാത്രം കേൾക്കാൻ കഴിയുന്ന ഈ പാട്ട് ഫാസിലിന്റെ പപ്പയുടെ സ്വന്തം അപ്പൂസ് എന്ന ചിത്രത്തിലേതാണ്.
മകന്റെ ഇഷ്ടങ്ങൾക്കൊപ്പം എപ്പോഴും അവന്റെ അരികിൽ ആയിരിക്കാൻ കഴിയാതെ പോയ അച്ഛനാണ് ആ ചിത്രത്തിലെ നായകൻ. അപ്രതീക്ഷിതമായാണ് തന്റെ മകൻ തന്നെ മകനെ വിട്ടുപിരിയാൻ പോകുന്നു എന്ന നടുക്കുന്ന വാർത്ത അയാളറിയുന്നത്. പിന്നെ ദൈവങ്ങൾക്ക് മുമ്പിൽ അയാൾ മകനെയുമെടുത്ത് യാത്രകൾ തുടരുകയാണ്. മകന്റെ ഏതിഷ്ടവും സാധിച്ചുകൊടുക്കാനുള്ള നെട്ടോട്ടത്തിൽ
പുന്നാരത്തേനേ നിൻ ഏതിഷ്ടം പോലും
എന്നെക്കൊണ്ടാവുമ്പോലെല്ലാം ഞാൻ ചെയ്യാം എന്നാണ് വാക്ക് നല്കുന്നത്.
സ്നേഹത്തിന്റെ പൂഞ്ചോല തീരത്തു നിന്ന് അയാൾ, തന്നെ അകാലത്തിൽ വിട്ടുപിരിഞ്ഞ പ്രിയ ഭാര്യയോടായി പാടുന്നത് ഇങ്ങനെയാണ്
ഏതമൃതും തോൽക്കുമീ തേനിനെ
നീ തന്നുപോയ്
ഓർമ്മകൾ തൻ പൊയ്കയിൽ മഞ്ഞുതുള്ളിയായ്
എന്നുയിരിൻ രാഗവും താളവുമായ് എ്ന്നുമെൻ
കണ്ണനെ ഞാൻ പോറ്റിടാം
പൊന്നുപോലെ കാത്തിടാം.
മിഴിനീർ നിറഞ്ഞ് അയാൾക്കൊന്ന് മാത്രമേ അവസാനമായി പ്രാർത്ഥിക്കാനുള്ളൂ.
വീഴല്ലേ തേനേ വാടല്ലേ പൂവേ.
മരണം വിധിക്കപ്പെട്ടിരിക്കുന്ന ആ നിമിഷങ്ങളിൽ അല്ലെങ്കിൽ അതല്ലാതെ മറ്റെന്താണ് അയാൾക്ക് പാടാനുള്ളത്? സ്വന്തം ജീവൻ പോലും അയാൾ മകന് വേണ്ടി ത്യജിക്കാൻ ആ നിമിഷങ്ങളിൽ സന്നദ്ധനാണ്. അയാൾക്കൊന്ന് മാത്രമേ വേണ്ടൂ. മകന്റെ ജീവൻ.
ബിച്ചുതിരുമലയുടെ ഭാവതീവ്രത നിറഞ്ഞവരികൾക്ക് ഹൃദയദ്രവീകരണക്ഷമമായ ഈണം നല്കിയിരിക്കുന്നത് ഇളയരാജയാണ്.
മരണം മാത്രമല്ല മക്കളെ മാതാപിതാക്കളിൽ നിന്നകറ്റുന്നത്. മറ്റ് തരത്തിലുള്ള വേർപാടുകളും വേർപിരിയലുകളും മക്കളുമായുള്ള ബന്ധത്തിൽ മാതാപിതാക്കൾക്ക് അനുഭവിക്കേണ്ടിവരുന്നുണ്ട്. താലോലം, ദേശാടനം എന്നീ ചിത്രങ്ങളിലെ മക്കൾ മാതാപിതാക്കൾക്ക് നഷ്ടമാകുന്നത് ഇപ്രകാരമാണ്. ഒരിടത്ത് മകളെ യഥാർത്ഥ അവകാശിക്ക് മടക്കി കൊടുക്കുകയാണ് അതിലെ അച്ഛൻ. മറ്റൊരിടത്താവട്ടെ മകനെ സന്യാസത്തിന് അയക്കലും. രണ്ടിടത്തും നഷ്ടങ്ങൾ. വേർപിരിയലുകൾ…
ഇനിയെന്നു കാണും മകളേ
നിൻറെ മൊഴിയെന്ന് കേൾക്കും മകളേ
ഓമനിച്ചോമനിച്ച് കൊതി തീർന്നില്ല
താലോലം പാടി കഴിഞ്ഞില്ല
എന്നാണ് കൈതപ്രത്തിന്റെ വരികൾക്കും ഈണത്തിനും ഒപ്പം യേശുദാസ് ഗദ്ഗദത്തോടെ പാടുന്നത്. എല്ലാ അച്ഛന്മാരുടെയും അവസ്ഥയും അതുതന്നെ. അവർ ഒരുപാട്ടും മക്കൾക്കായി പാടിത്തീർത്തിട്ടില്ല. ഒരുമിച്ചിരുന്നുണ്ടും കഥ പറഞ്ഞും അണിയിച്ചൊരുക്കിയും മതിവരാതെ ഓരോരോ അനിവാര്യതകളിൽ മക്കൾ അവരോട് യാത്ര പറയുമ്പോൾ,
ഓർക്കാനിനി നിൻ വളകിലുക്കം
നിന്നേ അറിയാൻ ഇനിയൊരു കനവു മാത്രം എന്ന് ആ സങ്കടം ഒഴുകിയിറങ്ങുന്നു.
നിൻമുഖം തുടച്ചൊരീ പുടവത്തുമ്പും
ഞാനെപ്പോഴും നെഞ്ചോടു ചേർക്കും എന്ന് ആത്മാലാപവും കണ്ണുനിറയ്ക്കുന്നവയാണ്.
ഒരു നേരത്തേങ്കിലും മക്കൾ വീടുകളിൽ നിന്ന് മാറിനില്ക്കുമ്പോഴാണ് നാം അറിയുന്നത് ഇത്തിരി നേരം മുമ്പുവരെ ഒരു സൈ്വര്യോം തരില്ല എന്ന് മക്കളെയോർത്ത് പിറുപിറുത്തിരുന്നുവെങ്കിലും ഇപ്പോൾ വീടുറങ്ങിപ്പോയല്ലോ എന്ന്. വീടിന്റെ ആ നിശ്ശബ്ദതയ്ക്ക് വല്ലാത്തൊരു ആഴമുണ്ട്. മക്കൾ പഠനത്തിനോ ജോലിക്കോ വിവാഹിതരായോ ഒക്കെ വീടുവിട്ടിറങ്ങുമ്പോൾ എല്ലാ വീടുകളും ഉറങ്ങിപ്പോകുന്നു.
ദേശാടനത്തിലെ അച്ഛനമ്മമാർ പാടുന്നത് ലോകത്തിലെ എല്ലാ അച്ഛനമ്മമാർക്ക് വേണ്ടി കൂടിയാണെന്ന് തോന്നിപ്പോകും ആ പാട്ടു കേട്ടാൽ.
കളിവീടുറങ്ങിയല്ലോ കളിവാക്കുറങ്ങിയല്ലോ
ഒരു നോക്കു കാണുവാനെൻ
ആത്മാവ് തേങ്ങുന്നല്ലോ
തഴുകുന്ന തിരമാലകളേ ചിരിക്കുന്ന പൂക്കളേ
അറിയില്ല നിങ്ങൾക്കെന്റെ അടങ്ങാത്ത ജന്മദുഃഖം
ശരിയാണ്, അച്ഛനമ്മമാരുടെ ഈ ജന്മദുഃഖത്തിന്റെ ആഴം അറിയാൻ ഇന്നേവരെ ഒരു അളവ് കോലുകളും നിർമ്മിക്കപ്പെട്ടിട്ടില്ല.
ഇനിയെന്ന് കാണുമെന്നായ് പിടഞ്ഞുപോയ്
എന്റെ ഇടനെഞ്ചിൽ ഓർമ്മകൾ തുളുമ്പിപോയി
മക്കളെയോർത്തു തുളുമ്പിപോകുന്ന ഓർമ്മകൾ ഇടനെഞ്ചിൽ സൂക്ഷിക്കുന്നവരുടെ പേരുകൂടിയാണ് മാതാപിതാക്കൾ. മക്കൾ എത്ര വളർന്നാലും എങ്ങനെയെല്ലാം അകന്നുപോയാലും അവരുടെ വിചാരം ഇങ്ങനെയാണ്,
എത്രയായാലുമെൻ ഉണ്ണിയല്ലേ അവൻ
വില പിടിയാത്തൊരെൻ നിധിയല്ലേ
എന്റെ പുണ്യമല്ലേ
ഇനി മക്കളെ വേർപിരിഞ്ഞ് പോകേണ്ടിവരുന്ന ഒരമ്മയുടെ സങ്കടം കൂടി അറിയണം. താൻ കൂടി പോയാൽ ഈ ലോകത്തിൽ തന്റെ മക്കൾ തികച്ചും അനാഥരായിപോകുമെന്ന സങ്കടത്താൽ ഹൃദയത്തിൽ മുറിവേറ്റ ഒരമ്മയുടെ സങ്കടം ആകാശദൂത് സിനിമയിൽ നാം അനുഭവിച്ചറിഞ്ഞതാണ്.
രാപ്പൂവും വിട ചൊല്ലുകയും രാപ്പാടി കേഴുകയും ചെയ്യുമ്പോൾ തന്റെ പുൽക്കൂട്ടിലെ കിളിക്കുഞ്ഞിനുറങ്ങുവാൻ താരാട്ടുപാടുന്ന അമ്മപ്പൈങ്കിളിയെ വരച്ചുകാണിക്കുന്നത് ഒഎൻവിയും ഔസേപ്പച്ചനും ചേർന്നാണ്. ഓരോ ദുരന്തങ്ങളിലും മക്കൾ മാത്രം ഒറ്റയ്ക്കാകുമ്പോൾ അവരുടെ സങ്കടപ്പാട്ടുകൾ ഇതുതന്നെയാണ്.
വിണ്ണിലെ പൊൻതാരകൾ
ഒരമ്മ പെറ്റോരുണ്ണികൾ
അവരൊന്നു ചേർന്നോരങ്കണം
നിൻ കണ്ണിനെന്തുത്സവം
അതെ മക്കൾ ഒരുമിച്ചായിരിക്കുന്നത് കാണുന്നതാണ് ഏതൊരു അമ്മയുടെയും സന്തോഷം. പക്ഷേ അനിവാര്യമായ വിധി തന്നിൽ നിന്ന് മാത്രമല്ല പരസ്പരം പോലും വേർപിരിക്കുമെന്ന് അറിയുമ്പോൾ ആ അമ്മയുടെ ഹൃദയത്തിൽ നിന്ന് ഒഴുകിയിറങ്ങുന്ന ചോരച്ചാലുകളിൽ ഇങ്ങനെയും ചില ചോദ്യങ്ങളുണ്ട്
വിട ചൊല്ലുവാനായ് മാത്രമോ
നാമൊന്നു ചേരും ഈ വിധം
അമ്മപ്പൈങ്കിളി ചൊല്ലൂ നീ ചൊല്ലൂ
ചെല്ലക്കുഞ്ഞുങ്ങൾ എങ്ങുപോയ് ഇനി
അവരൊന്ന് ചേരില്ലേ?