കൈയടിക്കാം, ഈ തീരുമാനങ്ങൾക്ക്

Date:

spot_img

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാർത്ഥ സമ്പാദ്യം. നാളേയ്ക്കുള്ള ലോകത്തെ കെട്ടിയുയർത്തുന്നത് അവരാണല്ലോ. എന്നാൽ അവർക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും. ഈ സാഹചര്യത്തിലാണ് കുട്ടികൾക്കുവേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങളുടെ പ്രസക്തി വർദ്ധിച്ചിരിക്കുന്നത്. ഇന്ന് കുട്ടികൾ രണ്ടുതരം അടിമത്തങ്ങളിലാണെന്നത് ഒട്ടുമിക്ക മാതാപിതാക്കളും തിരിച്ചറിയുന്നുണ്ട്. ഒന്ന് മൊബൈൽ അടിമത്തം. രണ്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ അടിമത്തം. ഇവയ്ക്ക രണ്ടിനും ഒരുപരിധിവരെ തടയിടാനാണ് പുതിയ രണ്ട് പരിഷ്‌ക്കരണങ്ങൾ വഴി സാധിച്ചിരിക്കുന്നത്.

സ്‌കൂൾ കാന്റീനുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡുകൾ വിൽക്കുന്നതിനു ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിരോധനം ഏർപ്പെടുത്തിയിരിക്കുന്നതാണ് അതിലൊരു നല്ല തീരുമാനം. പുകവലി ഉല്പന്നങ്ങൾക്ക് സ്‌കൂൾ വളപ്പിൽ നിന്ന് നിരോധനം ഏർപ്പെടുത്തിയതുപോലെ തന്നെ പുതിയ നിയമം അനുസരിച്ച് സ്‌കൂൾ വളപ്പിന്റെ 50 മീറ്റർ പരിധിയിൽ ജങ്ക് ഫുഡുകൾ വില്ക്കാനും അവയുടെ പരസ്യങ്ങൾ  സ്ഥാപിക്കാനും പാടുള്ളതല്ല. വിദ്യാർത്ഥികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈറ്റ് റൈറ്റ് എന്ന കാമ്പയിന്റെ ഭാഗമായി ഈ പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

ഇന്ന് സ്‌കൂളുകളുടെയും കോളജുകളുടെയും സമീപത്തുള്ള ഒട്ടുമിക്ക കടകളിലുമുള്ളത് ഉപ്പും മധുരവും കൊഴുപ്പും കൂടുതലായ രീതിയിൽ ചേർത്തിരിക്കുന്നതും പായ്ക്കറ്റുകളിലാക്കിയതുമായ ഭക്ഷണസാധനങ്ങളാണല്ലോ? ഒരു ഷോപ്പിംങിനോ ഫിലിമിനോ പോകുമ്പോഴും പാർക്കിൽ സമയം ചെലവഴിക്കുമ്പോഴും കുട്ടികൾ ആവശ്യപ്പെടുന്നതും ഇത്തരം ഭക്ഷണസാധനങ്ങൾ തന്നെ. ഒരിക്കൽ ഉപയോഗിച്ചുകഴിഞ്ഞാൽ വീണ്ടും വീണ്ടും ഉപയോഗിക്കാൻ തോന്നുന്ന വിധത്തിലുള്ള രുചിയുടെ അടിമത്തം മുതിർന്നവരെ പോലും ആകർഷിക്കുന്നുണ്ട്.
ദീർഘദൂരയാത്രകളിൽ പലരും കൊറിക്കുന്നത് ഇവയൊക്കെതന്നെ. സ്വഭാവികമായും അതുകണ്ടു വളരുന്ന കുട്ടികൾ അത്തരം ഭക്ഷണരീതികളിലേക്ക് ആകർഷിക്കപ്പെടുന്നതിൽ അവരെ കുറ്റം പറയാനുമാവില്ല. അമിതഭാരം, പൊണ്ണത്തടി, ഹോർമോൺ പ്രശ്നങ്ങൾ തുടങ്ങിയവ കുട്ടികളിൽ വർദ്ധിച്ചു വരുന്നതായിട്ടാണ് റിപ്പോർട്ടുകൾ. പോഷകങ്ങൾ കുറഞ്ഞതും കലോറികൾ കൂടിയതുമായ ഭക്ഷ്യ പദാർത്ഥങ്ങളുടെയും പിസ, ബർഗർ, നൂഡിൽസ്, ചിപ്സ്, ഫ്രൈസ് എന്നിവയുടെയും ഉപയോഗമാണ് ഇതിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്. എന്നാൽ പുതിയ മാർഗ്ഗനിർദ്ദേശം  വരുന്നതോടെ കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങൾക്ക് നിയന്ത്രണം വരുമെന്നും ശരിയായ ഭക്ഷണശീലങ്ങളിലേക്ക് അവർ ക്രമേണയെങ്കിലും വഴിമാറിതുടങ്ങുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
സ്‌കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് പൂർണ്ണമായും നിരോധിച്ചുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സർക്കുലറാണ് മറ്റൊരു നല്ലതീരുമാനം. തീയിലേക്ക് ഈയാംപാറ്റകൾ എന്നതുപോലെയാണ് മൊബൈലിന്റെ ലോകത്തിലേക്ക് കുട്ടികൾ ആകർഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്‌കൂൾ വിദ്യാർത്ഥികളുടെ കൈകളിൽ പോലും ഇന്ന് അത് സുലഭമായിക്കഴിഞ്ഞിരിക്കുന്നു.

പലരും കരുതുന്നതുപോലെ അവരുടെ പ്രായത്തിന്റെ കൗതുകങ്ങളിൽ പെടുന്ന സെക്സ് സംബന്ധമായ കാഴ്ചകളോ അറിവുകളോ മാത്രമല്ല അവർ മൊബൈലിന്റെ ലോകത്ത് പരതുന്നത് എന്നും അറിഞ്ഞിരിക്കണം. പബ്ജി പോലെയുള്ള മൊബൈൽ ഗെയിമുകൾക്ക് അവർ അടിമകളായിക്കൊണ്ടിരിക്കുകയാണ്. പോൺസൈറ്റുകളോടുള്ള അടിമത്തം പോലെ തന്നെ അപകടകാരിയാണ് പഠനത്തിൽ
ന ിന്ന് ഉൾവലിഞ്ഞുകൊണ്ട് ഗെയിമുകൾക്ക് പിന്നാലെ പോകുന്നതും.
മക്കൾക്ക് എന്തിനാണ് മൊബൈൽ എന്ന് പല മാതാപിതാക്കളും ചിന്തിക്കാറില്ല. പണ്ടുകാലത്തെ തലമുറ മൊബൈലിൽ നോക്കിയായിരുന്നില്ല സ്‌കൂളിൽ നിന്ന് എത്തിയിരുന്നതും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നതും. ട്യൂഷന് അയ്ക്കുന്ന മക്കൾ എവിടെയെത്തിയെന്നും വൈകുമോയെന്നും അറിയാനാണ് അവർക്ക് മൊബൈൽവാങ്ങിക്കൊടുത്തിരിക്കുന്നതെന്നാണ് പല മാതാപിതാക്കളുടെയും ന്യായീകരണം. അവരോടുള്ള മറുപടിയാണ് ഇതിന് തൊട്ടുമുമ്പിലെ വാചകം.
മക്കൾ എവിടെയെത്തി  എപ്പോൾ വരും എന്നൊക്കെ മിനിറ്റിന് മിനിറ്റിന് ഇടവിട്ട് വിളിച്ച് അന്വേഷിക്കുന്ന ഒരുപിടി മാതാപിതാക്കന്മാരുണ്ട്. ഇതൊക്കെ മറ്റൊരുരീതിയിൽപറഞ്ഞാൽ മക്കളുടെ മനസ്സിൽ അരക്ഷിതത്വബോധമാണ് സൃഷ്ടിക്കുന്നത്. അവരെ ഉത്കണ്ഠാകുലരുമാക്കിത്തീർക്കും. മക്കളെ വിശ്വസിക്കുന്ന മാതാപിതാക്കൾക്കും മാതാപിതാക്കളോട് അവർ അർഹിക്കുന്ന രീതിയിൽ ആദരവും സനേഹവും പുലർത്തുന്ന മക്കൾക്കും സ്‌കൂൾ യാത്രകളിൽ മൊബൈൽ അത്ര അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നുന്നില്ല. മക്കൾക്ക് മൊബൈലുകൾ വാങ്ങിക്കൊടുക്കുമ്പോൾ അതിന്റെ ആവശ്യം കൂടി മാതാപിതാക്കൾ മനസ്സിലാക്കട്ടെ. അതെങ്ങനെ, എപ്പോൾ ഉപയോഗിക്കുന്നുവെന്നും.
സ്‌കൂളുകളിലെ മൊബൈൽ നിരോധനം മാതാപിതാക്കൾക്കും മക്കൾക്കും പുതിയ തിരിച്ചറിവുകൾ നല്കട്ടെ.

More like this
Related

പരീക്ഷയെ ധൈര്യമായി നേരിടാം

പരീക്ഷ എന്നും  പേടിയായിരുന്നു, ഉത്കണ്ഠകളും സംഘർഷങ്ങളുമായിരുന്നു, വിദ്യാർത്ഥികൾക്കും മാതാപിതാക്കൾക്കും. ഇതിൽ ആർക്കാണ്...

പരീക്ഷാകാലത്ത് ശ്രദ്ധ ഭക്ഷണത്തിലും

പരീക്ഷാക്കാലത്തിന്റെ ചൂടിലാണ് എല്ലാവരും. എല്ലായിടത്തും പരീക്ഷകകൾ. പരീക്ഷയ്ക്ക് എങ്ങനെ ഒരുങ്ങണം എന്നതിനെക്കുറിച്ച്...

കുട്ടികൾക്ക് കഴിക്കാൻ എന്താണ് കൊടുക്കേണ്ടത് ?

രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല...

സ്‌കൂൾ ജീവിതം മധുരിക്കാൻ…

ഒരു വ്യക്തിയെ വാർത്തെടുക്കുന്നതിൽ വിദ്യാലയത്തിനുള്ള പങ്ക് നിർവചനാതീതമാണ്. നാം സമൂഹത്തോട് എങ്ങനെ...
error: Content is protected !!