ഏതെങ്കിലും
ഒരു സ്വപ്നത്തിൽ വെച്ച്
അതി ദീർഘമായൊരു
ചുംബനത്താൽ
ഒരിക്കൽ
നാം കൊല്ലപ്പെടും
അല്ലെങ്കിൽ
പ്രണയത്തിന്റെ
വിഷലഹരി കുടിച്ച്
ഉന്മാദിയായൊരാൾ
ഹൃദയത്തിൽ പേനമുക്കി
എഴുതിയ
മുടിയഴിച്ചിട്ടൊരു കവിതയുടെ
മുനമ്പിൽ വെച്ച്
അവിടെ വെച്ച്
ഓർമ്മകളുടെ അറ്റമില്ലാക്കയത്തിലേക്ക്
നാം കാലിടറി വീഴും
അതുമല്ലെങ്കിൽ
നിന്റെ കഴുത്തിലെ
നീല ഞരമ്പുകളുടെ
തടാകത്തിൽ
നീന്താൻ മറന്ന്
ഒരാലിംഗനത്തിന്റെ
ഉടലാഴങ്ങളിലേക്ക്
കൈകാലുകളിട്ടടിച്ച്
ഞാൻ വീണടിയും
എന്റെ കണ്ണുകൾക്കിടയിലെ
വിജനതയുടെ
അതിർത്തിയിൽ വെച്ച്
വന്യമായൊരു
നോട്ടത്തിന്റെ അമ്പേറ്റ്
നീ പറക്കമുപേക്ഷിച്ച
ഒറ്റത്തൂവലായി
കാഴ്ചയിൽ വീണ് കത്തും
രണ്ടു വാക്കുകൾക്കിടയിലെ
മൗനത്തിന്റെ
നൂൽപ്പാലത്തിലൂടെ
സമാന്തര ദിശകളിലേക്ക്
നടക്കവേ
കാറ്റായി വന്നൊരോർമ്മയുടെ കൈകൾ
നമ്മെ മറവിയുടെ കൊക്കയിലേക്ക്
വലിച്ചെറിയും
ദൈവത്തിന്റെ
ജന്മപുസ്തകത്തിൽ
പിന്നെയും നമ്മുടെ പേരുകൾ
ഒരേ താളിൽ എഴുതപ്പെടും
രണ്ടിലകളായ്
പിന്നെയും തളിർക്കുമെന്ന്
ഒരു ചില്ല നമ്മെ കാത്തിരിക്കും
രണ്ടു താരകളായ്
ഇനിയും പൂക്കുമെന്ന്
ഒരാകാശം വിരുന്നൊരുക്കും
രണ്ടു തിരകളായ്
സ്ഫടികച്ചിറകുകൾ നിവർത്തി
നൃത്തമാടാൻ വരുമെന്ന്
കടൽ കണ്ണും നട്ടിരിക്കും
പക്ഷേ
ഒരേ കാട്ടു തീയിലെ
രണ്ടു കനലുകളായി തന്നെ
നമ്മൾ
പിന്നെയും പുനർജ്ജനിക്കും…
എം. ബഷീർ