ബത്തേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ പാമ്പുകടിയേറ്റു അഞ്ചാം ക്ലാസുകാരി മരിച്ചതിന്റെ സങ്കടവും നടുക്കവും ഇപ്പോഴും നമ്മെ ഓരോരുത്തരെയും വിട്ടുപോയിട്ടില്ല. ആ സങ്കടങ്ങളുടെ മുര്‍ദ്ധന്യത്തില്‍ നില്ക്കുമ്പോള്‍ തന്നെയാണ് ഇന്നലെ ചാലക്കുടിയില്‍ വൈദികര്‍ നടത്തുന്ന ഒരു പ്രമുഖ സ്‌കൂളില്‍ വച്ച് ഒരു വിദ്യാര്‍ത്ഥിക്ക് പാമ്പുകടിയേറ്റത്.
രണ്ടും വ്യത്യസ്തമായ സാഹചര്യങ്ങളാണ്. ഒരിടത്ത് സര്‍ക്കാര്‍ സ്‌കൂള്‍. മറ്റൊരിടത്ത് സിബിഎസ്ഇ സ്‌കൂള്‍. അതിന്റേതായ വ്യത്യാസം ഭൂപ്രകൃതിയിലും സ്‌കൂള്‍ കെട്ടിടങ്ങളുടെ സ്ട്രച്ചറില്‍ പോലും കാണും.
എന്നിട്ടും സംഭവിക്കാന്‍ പാടില്ലാത്തത് സംഭവിച്ചു. ആദ്യത്തെ സംഭവത്തെതുടര്‍ന്ന് പല സര്‍ക്കാര്‍ സ്‌കൂളുകളുടെയും പരിസരങ്ങള്‍ പരിശോധനാവിധേയമാക്കുകയും പാമ്പുകളുടെയും മറ്റ് ഇഴജന്തുക്കളുടെയും മാളങ്ങള്‍ കണ്ടെത്തുകയും ചെയ്തതായും വാര്‍ത്തയുണ്ട്. എന്നാല്‍ സുരക്ഷിതമെന്ന് കരുതുന്ന രണ്ടാമത്തെ സംഭവത്തിലെ സ്‌കൂളുകളിലേതുപോലെയുള്ള ഇടങ്ങളില്‍ വേണ്ടത്ര പരിശോധനകള്‍ നടത്തിയുമില്ല.
താരതമ്യേന സുരക്ഷിതമെന്ന് നാം വിചാരിച്ചു. പക്ഷേ ഒരിടവും നമ്മുടെ മക്കള്‍ക്ക് സുരക്ഷിത ഇടങ്ങളല്ലെന്ന് നാം തിരിച്ചറിഞ്ഞു. സംഭവിക്കില്ലെന്ന് കരുതുന്ന സ്ഥലങ്ങളില്‍ വച്ചുപോലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് ജീവഹാനി സംഭവിക്കാന്‍ ഇടയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം.
ഈ രണ്ട് സാഹചര്യങ്ങളും രണ്ടു സംഭവങ്ങളും നമ്മെ മറ്റൊരു രീതിയില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. നമ്മുടെ കുട്ടികളെ വിഷം തീണ്ടാനുള്ള സാഹചര്യങ്ങള്‍ വളരെയെളുപ്പമാണ്. അല്ലെങ്കില്‍ നമ്മുടെ കുട്ടികള്‍ പലയിടങ്ങളിലായി വിഷബാധയേറ്റ് വീണുകൊണ്ടിരിക്കുകയാണ്. ജീവന്‍ നഷ്ടപ്പെടാതെ ജീവിതം നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള സര്‍പ്പദംശനങ്ങളാണ് അതെന്നേയുള്ളൂ.
ശാരീരികമായി ജീവന്‍ നഷ്ടപ്പെടുമ്പോള്‍ മാത്രമേ അവ വാര്‍ത്തയാകുന്നുള്ളൂ. പക്ഷേ ജീവന്‍ നഷ്ടപ്പെടാതെയും ജീവിതം നഷ്ടപ്പെടുന്ന എത്രയോ തരത്തിലുള്ള സര്‍പ്പദംശനങ്ങള്‍ക്കാണ് കുട്ടികള്‍ ഇരകളാകുന്നത് എന്നത് നടുക്കത്തോടെ നാം തിരിച്ചറിയേണ്ട വസ്തുതയാണ്.
കായികാധ്യാപകന്‍ ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചതിന്റെയും അധ്യാപകന്‍ ഒളിവില്‍ പോയതിന്റെയുമായ ഒരു വാര്‍ത്ത ഓര്‍മ്മിക്കുന്നു. പത്തുകുട്ടികളാണ് അധ്യാപകനെതിരെ പരാതിയുമായി മുന്നോട്ടുവന്നിരിക്കുന്നത്. ഈ സംഭവം ഒരുതരത്തിലുള്ള സര്‍പ്പദംശനം തന്നെയാണ്.
പെണ്‍കുട്ടികളുടെ കാര്യത്തില്‍ സുരക്ഷയെക്കുറിച്ച് പ്രതിവിധികളും മുന്‍വിധികളുമുള്ള സമൂഹം ആണ്‍കുട്ടികളുടെ കാര്യത്തില്‍ പുലര്‍ത്തുന്ന അശ്രദ്ധയും അജ്ഞതയും കൂടി ഇവിടെ വ്യക്തമാകുന്നുണ്ട്. ഒരു ആണ്‍കുട്ടി മറ്റൊരാളില്‍ നിന്ന് തനിക്കുണ്ടാകുന്ന മോശം പെരുമാറ്റത്തെക്കുറിച്ച് വീടുകളില്‍ പോലും തുറന്നുപറയാന്‍ മടിക്കുന്നു. മോശപ്പെട്ട കാര്യമായതുകൊണ്ടുമാത്രമല്ല അങ്ങനെയൊരു സംഭവം തുറന്നുപറയേണ്ടതാണോ എന്ന കാര്യത്തില്‍ പോലും അവന് സംശയമുണ്ട്.
കാരണം ഉപദ്രവങ്ങള്‍ക്ക് ഇരകളായി മാറുന്നത് സ്ത്രീകള്‍ മാ്ത്രമാണെന്നും അവരാണ് പുരുഷനെ സൂക്ഷിക്കേണ്ടതെന്നുമാണല്ലോ വീടുകളില്‍ വച്ചു നാം കൊടുക്കുന്ന ക്ലാസുകള്‍. പക്ഷേ ആണ്‍കുട്ടികളും അവരുടെ ശരീരത്തെ മറ്റൊരാളുടെ താല്പര്യങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടതല്ലെന്നും അത്തരമൊരു സമീപനം ചെറുക്കപ്പെടേണ്ടതാണെന്നും ആണ്‍കുട്ടികളെയും ബോധ്യപ്പെടുത്താതെ പോകുന്നതിന്റെ പ്രശ്‌നമാണ് അവര്‍ ഇത്തരം അനുഭവങ്ങളെ നിശ്ശബ്ദം സഹിക്കേണ്ടിവരുന്നത്.
പല വിദ്യാര്‍ത്ഥികളും മയക്കുമരുന്നിന്റെ അടിമകളായി മാറിക്കൊണ്ടിരിക്കുകയാണ്. അവിശുദ്ധമായ കൂട്ടുകെട്ടുകള്‍, വാഹനത്തട്ടിപ്പ്, കള്ളക്കടത്ത് ഈ ശൃംഖലകളില്‍ കണ്ണിച്ചേര്‍ക്കപ്പെട്ടുപോകുന്ന കുട്ടികളുമുണ്ട്. ഇതും ഒരുതരത്തിലുള്ള വിഷം തീണ്ടലുകള്‍ തന്നെയാണ്.
സര്‍ക്കാര്‍ സ്‌കൂളുകളിലെ പോലെ സുരക്ഷിതമല്ലാത്ത ഇടങ്ങളില്‍ അപകടങ്ങള്‍ ഉണ്ടാവുന്നതിനെ അതേരീതിയില്‍ കാണാന്‍ കഴിഞ്ഞാലും സ്വകാര്യ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ പരിസരങ്ങളില്‍ സമാനമായ ദുരന്തങ്ങള്‍ ഉണ്ടാവുന്നത് നമ്മെ കൂടുതലായി ഞെട്ടിച്ചുകളയുന്നതുപോലെയാണ് കുടുംബങ്ങളില്‍ നിന്ന് തന്നെ കുട്ടികള്‍ക്ക് ഏല്‌ക്കേണ്ടിവരുന്ന സര്‍പ്പദംശനങ്ങളുടെ ആഘാതവും. വളരെ അപ്രതീക്ഷിതമാകുന്നതിനാല്‍ അത് നല്കുന്ന ആഘാതവും വളരെ കുടുതലായിരിക്കും.
അടുത്തയിടെ ഒരുസുഹൃത്ത് അവന് പരിചയത്തിലുള്ള ഒരു വ്യക്തിയുടെ കാര്യം പങ്കുവച്ചത് ഇങ്ങനെയാണ്. സ്വന്തം പിതാവ് പത്താംവയസില്‍ ദുരുപയോഗപ്പെടുത്തിയ പെണ്‍കുട്ടിയാണ് ഇന്ന് അയാളുടെ ഭാര്യ. അപ്പനില്‍ നിന്ന് പീഡനം ഏറ്റുവാങ്ങിയതിന്റെ നടുക്കം വര്‍ഷമിത്രകഴിഞ്ഞിട്ടും അവളെ വിട്ടുപോയിട്ടില്ല. ഫലമോ ദാമ്പത്യധര്‍മ്മം അനുഷ്ഠിക്കാന്‍ സാധിക്കാതെ വിവാഹബന്ധം ഇന്ന് വേര്‍പിരിയലില്‍ എത്തിനില്ക്കുന്നു. സഹോദരന്‍കുട്ടിക്കാലത്ത് ലൈംഗികമായി ഉപയോഗിച്ചതിന്റെ പേരില്‍ ഇന്ന് സ്വവര്‍ഗ്ഗാനുരാഗിയായി മാറിക്കഴിഞ്ഞ ഒരാളുടെഅനുഭവവും ഓര്‍മ്മയിലുണ്ട്.
ഇതൊക്കെ ചെറുപ്രായത്തിലേ കുട്ടികള്‍ക്ക് ഏല്‌ക്കേണ്ടിവരുന്ന സര്‍പ്പദംശനങ്ങള്‍ തന്നെയാണ്. കുടുംബങ്ങളില്‍ മാതാപിതാക്കള്‍ക്കിടയിലെ അസ്വാരസ്യങ്ങള്‍ ഇത്തരത്തില്‍ മക്കളുടെ സൈ്വര്യജീവിതത്തില്‍ വിഷംകലര്‍ത്തുന്നതും കാണാതെ പോകരുത്. ഉന്നതരായ വ്യക്തികളുടെ പോലും കുടുംബജീവിതങ്ങള്‍ തെല്ലും സുഖകരമല്ലാത്ത രീതിയിലാണ് മുന്നോട്ടുപൊയ്‌ക്കൊണ്ടിരിക്കുന്നത് എന്നത് അടക്കം പറയുന്ന ചില പരസ്യകാര്യങ്ങളാണ്.
ജീവന്‍ നഷ്ടപ്പെട്ടുകഴിയുമ്പോള്‍ അത് വാര്‍ത്തയാകുന്നു. പക്ഷേ ജീവിതം നഷ്ടപ്പെടുമ്പോള്‍ അത് പലരും അറിയാതെ പോകുന്നു. ജീവന്‍പോലെതന്നെയാണ് ജീവിതവും എന്ന് നാം മനസ്സിലാക്കണം. ജീവന്‍ ബാക്കിയായിരിക്കെ ജീവിതം നഷ്ടപ്പെടുന്നത് ജീവന്‍ നഷ്ടപ്പെടുന്നതിന് തുല്യം തന്നെയാണ്.