ലോകത്ത് ഏറ്റവും അമൂല്യമായത് എന്താണ്? സ്വര്‍ണ്ണമോ, പ്ലാറ്റിനമോ, ധനമോ ഒന്നുമല്ല. അവയെക്കാള്‍ വിലയേറിയ ഒന്നേയുള്ളൂ. അത് നിങ്ങളുടെ സമയമാണ്. സമയം നഷ്ടപ്പെട്ടാല്‍ തിരിച്ചു കിട്ടില്ല. ഉപയോഗിക്കുന്നത് കൃത്യമായ പ്ലാനിംഗോടുകൂടി ആണെങ്കില്‍ സമയം നിങ്ങള്‍ക്ക് എന്തും നല്‍കും. എന്തും!
സമയം ശരിയായ വിനിയോഗിക്കാത്തവന്‍ ജീവിതത്തില്‍ ഒന്നും നേടുന്നില്ല. അപ്പോള്‍ സമയത്തെ എങ്ങനെ സമീപിക്കണം എന്നതാണ് ലോകത്തെ ഏറ്റവും വലിയ പഠനം. അതില്‍ ചില മാര്‍ഗ്ഗങ്ങള്‍ ഇതാ:-
- ഓരോദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ തലേന്നുതന്നെ പ്ലാന്‍ ചെയ്തു ഉറപ്പിക്കുക. ചെയ്യേണ്ട കാര്യങ്ങള്‍ കുറിച്ച് വയ്ക്കുക. പ്രതിബന്ധങ്ങള്‍ മുന്‍കൂട്ടി കണ്ട് തരണം ചെയ്യുന്നതിനെക്കുറിച്ച് മാനസിക തയ്യാറെടുപ്പ് നടത്തുക.
- ചെയ്യേണ്ട കാര്യങ്ങള്‍ക്ക് മുന്‍ഗണനാക്രമത്തില്‍ നമ്പര്‍ നിശ്ചയിക്കുക. യാത്ര ആവശ്യമുള്ളവയില്‍ അടുത്തടുത്ത് ഉള്ളവയ്ക്ക് അടുത്തടുത്ത ക്രമനമ്പര്‍ നല്‍കുക.
- ഓരോ പ്രവര്‍ത്തിയ്ക്കും ആവശ്യമായ സമയം മുന്‍കൂട്ടി നിശ്ചയിക്കുക. ആ സമയത്തിന്നുള്ളില്‍ അവ ചെയ്തു തീര്‍ക്കാന്‍ പരിശ്രമിക്കുക.
- ഒരു ജോലി തുടങ്ങുന്നതിനു മുമ്പേ അതിനു മുമ്പുള്ള ജോലി പൂര്‍ത്തിയാക്കുക. അല്ലെങ്കില്‍ വൈകുന്നേരം ആകുമ്പോഴേയ്ക്കും ഒരു ജോലിയും പൂര്‍ത്തിയാകാത്ത സ്ഥിതി വരും.
- എന്താണ് ചെയ്യുന്നത്, അതില്‍മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക. കഴിഞ്ഞു പോയതിനെ പറ്റിയോ, വരാന്‍ പോകുന്ന ജോലിയിലെ കാര്യങ്ങളെപ്പറ്റിയോ ആശങ്കപ്പെട്ട് ഉത്സാഹം നഷ്ടപ്പെടുത്താതിരിക്കുക.
- സമയം നിശ്ചയിക്കുമ്പോള്‍ അല്‍പ്പം എക്സ്ട്രാ സമയം മുന്‍കൂട്ടി കണ്ടുകൊണ്ടു പ്ലാന്‍ ചെയ്യുക. ഉദാഹരണത്തിന് ഉച്ചയ്ക്ക് ഒരുമണിയ്ക്ക് ഒരിടത്ത് എത്തണമെങ്കില്‍ 15 മിനിറ്റ് മുമ്പ് അവിടെയെത്തി ചേരുന്ന രീതിയില്‍ പരിപാടി നിശ്ചയിക്കുക.
- ആരെയെങ്കിലും സന്ദര്‍ശിക്കണമെങ്കില്‍ അയാള്‍ സ്ഥലത്തുണ്ടോ, അയാള്‍ക്ക് മറ്റു തിരക്കുകള്‍ ഉണ്ടോ എന്ന് കൃത്യമായി അറിഞ്ഞതിനു ശേഷം മാത്രം യാത്ര തിരിക്കുക.
- കയ്യില്‍ എപ്പോഴും ഒരു ചെറിയ ഡയറി കരുതുക. നിങ്ങള്‍ക്ക് തോന്നുന്ന ആശയങ്ങളും, പ്ലാനുകളും പെട്ടെന്ന് തന്നെ കുറിച്ചിടുക.
- ആവശ്യത്തില്‍ കൂടുതല്‍ ജോലി ഏറ്റെടുക്കാതിരിക്കുക. താങ്ങാവുന്നതിന്നപപുരം ജോലി വരികയാണെങ്കില്‍ പറ്റില്ല എന്ന് പറയാനുള്ള ധൈര്യം ഉണ്ടായിരിക്കുക.
- സമയം നഷ്ടപ്പെടുന്നതിനെക്കുറിച്ച് ചിന്തിച്ചോ, പറഞ്ഞോ സമയം കളയാതെ ഉടനടി പ്രവര്ത്തിപഥത്തിലേയ്ക്ക് എത്തുക.