കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

Date:

spot_img

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ. എന്നാല്‍ അവര്‍ക്ക്  ശാരീരികാരോഗ്യമോ മാനസികാരോഗ്യമോ ഇല്ലെങ്കിലോ. സമൂഹത്തിന്റെ ഭാവിയെ തന്നെ അത് ദോഷകരമായി ബാധിക്കും.

ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കുവേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങളുടെ പ്രസക്തി വര്‍ദ്ധിച്ചിരിക്കുന്നത്.ഇന്ന് കുട്ടികള്‍ രണ്ടുതരം അടിമത്തങ്ങളിലാണെന്നത് ഒട്ടുമിക്ക മാതാപിതാക്കളും തിരിച്ചറിയുന്നുണ്ട്. ഒന്ന് മൊബൈല്‍ അടിമത്തം. രണ്ട് അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുടെ അടിമത്തം. ഇവയ്ക്ക രണ്ടിനും ഒരുപരിധിവരെ തടയിടാനാണ് പുതിയ രണ്ട് പരിഷ്‌ക്കരണങ്ങള്‍ വഴി സാധിച്ചിരിക്കുന്നത്.

സ്‌കൂള്‍ കാന്റീനുകളിലും പരിസരങ്ങളിലും ജങ്ക് ഫുഡുകള്‍ വില്‍ക്കുന്നതിനു ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതാണ് അതിലൊരു നല്ല തീരുമാനം. പുകവലി ഉല്പന്നങ്ങള്‍ക്ക് സ്‌കൂള്‍ വളപ്പില്‍ നിന്ന് നിരോധനം ഏര്‍പ്പെടുത്തിയതുപോലെ തന്നെ പുതിയ നിയമം അനുസരിച്ച് സ്‌കൂള്‍ വളപ്പിന്റെ 50 മീറ്റര്‍ പരിധിയില്‍ ജങ്ക് ഫുഡുകള്‍ വില്ക്കാനും അവയുടെ പരസ്യങ്ങള്‍  സ്ഥാപിക്കാനും പാടുള്ളതല്ല. വിദ്യാര്‍ത്ഥികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈറ്റ് റൈററ് എന്ന കാമ്പയിന്റെ ഭാഗമായി ഈ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറത്തിറക്കിയിരിക്കുന്നത്.

ഇന്ന് സ്‌കൂളുകളുടെയും കോളജുകളുടെയും സമീപത്തുള്ള ഒട്ടുമിക്ക കടകളിലുമുള്ളത് ഉപ്പും മധുരവും കൊഴുപ്പും കൂടുതലായ രീതിയില്‍ ചേര്‍ത്തിരിക്കുന്നതും പായ്ക്കറ്റുകളിലാക്കിയതുമായ ഭക്ഷണസാധനങ്ങളാണല്ലോ? ഒരു ഷോപ്പിംങിനോ ഫിലിമിനോ പോകുമ്പോഴും പാര്‍ക്കില്‍ സമയം ചെലവഴിക്കുമ്പോഴും കുട്ടികള്‍ ആവശ്യപ്പെടുന്നതും ഇത്തരം ഭക്ഷണസാധനങ്ങള്‍ തന്നെ. ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്ന വിധത്തിലുള്ള രുചിയുടെ അടിമത്തം മുതിര്‍ന്നവരെ പോലും ഇതിലേക്കാകര്‍ഷിക്കുന്നുണ്ട്.

ദീര്‍ഘദൂരയാത്രകളില്‍ പലരും കൊത്തിക്കുറിക്കുന്നത് ഇവയൊക്കെതന്നെ. സ്വഭാവികമായും അതുകണ്ടു വളരുന്ന കുട്ടികള്‍ അത്തരം ഭക്ഷണരീതികളിലേക്ക് ആകര്‍ഷിക്കപ്പെടുന്നതില്‍ അവരെ കുറ്റം പറയാനുമാവില്ല. അമിതഭാരം, പൊണ്ണത്തടി, ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയവ കുട്ടികളില്‍ വര്‍ദ്ധിച്ചുവരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. പോഷകങ്ങള്‍ കുറഞ്ഞതും കലോറികള്‍ കൂടിയതുമായ ഭക്ഷ്യപദാര്‍ത്ഥങ്ങളുടെയും പിസ, ബര്‍ഗര്‍, നൂഡില്‍സ്, ചിപ്‌സ്,ഫ്രൈസ് എന്നിവയുടെയും ഉപയോഗമാണ് ഇതിന് കാരണമെന്നും കണ്ടെത്തിയിട്ടുണ്ട്.

എന്നാല്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം  വരുന്നതോടെ കുട്ടികളിലെ അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍ക്ക് നിയന്ത്രണം വരുമെന്നും ശരിയായ ഭക്ഷണശീലങ്ങളിലേക്ക് അവര്‍ ക്രമേണയെങ്കിലും വഴിമാറിതുടങ്ങുമെന്നും നമുക്ക് പ്രതീക്ഷിക്കാം.
സ്‌കൂളുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് പൂര്‍ണ്ണമായും നിരോധിച്ചുകൊണ്ടു പൊതുവിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ സര്‍ക്കുലറാണ് മറ്റൊരു നല്ലതീരുമാനം. തീയിലേക്ക് ഈയാംപാറ്റകള്‍ എന്നതുപോലെയാണ് മൊബൈലിന്റെ ലോകത്തിലേക്ക് കുട്ടികള്‍ ആകര്‍ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ കൈകളില്‍ പോലും ഇന്ന് അത് സുലഭമായിക്കഴിഞ്ഞിരിക്കുന്നു.

പലരും കരുതുന്നതുപോലെ അവരുടെ പ്രായത്തിന്റെ കൗതുകങ്ങളില്‍ പെടുന്ന സെക്‌സ് സംബന്ധമായ കാഴ്ചകളോ അറിവുകളോ മാത്രമല്ല അവര്‍ മൊബൈലിന്റെ ലോകത്ത് പരതുന്നത് എന്നും അറിഞ്ഞിരിക്കണം. പബ്ജി പോലെയുള്ള മൊബൈല്‍ ഗെയിമുകള്‍ക്ക് അവര്‍ അടിമകളായിക്കൊണ്ടിരിക്കുകയാണ്. പോണ്‍സൈറ്റുകളോടുള്ള അടിമത്തം പോലെ തന്നെ അപകടകാരിയാണ് പഠനത്തില്‍ന ിന്ന് ഉള്‍വലിഞ്ഞുകൊണ്ട് ഗെയിമുകള്‍ക്ക് പിന്നാലെ പോകുന്നതും.

മക്കള്‍ക്ക് എന്തിനാണ് മൊബൈല്‍ എന്ന് പല മാതാപിതാക്കളും ചിന്തിക്കാറില്ല. പണ്ടുകാലത്തെ തലമുറ മൊബൈലില്‍ നോക്കിയായിരുന്നില്ല സ്‌കൂളില്‍ നിന്ന് എത്തിയിരുന്നതും സ്‌കൂളിലേക്ക് പുറപ്പെട്ടിരുന്നതും. ട്യൂഷന് അയ്ക്കുന്ന മക്കള്‍ എവിടെയെത്തിയെന്നും വൈകുമോയെന്നും അറിയാനാണ് അവര്‍ക്ക് മൊബൈല്‍വാങ്ങിക്കൊടുത്തിരിക്കുന്നതെന്നാണ് പല മാതാപിതാക്കളുടെയും ന്യായീകരണം. അവരോടുള്ള മറുപടിയാണ് ഇതിന് തൊട്ടുമുമ്പിലെ വാചകം.

മക്കള്‍ എവിടെയെത്തി  എപ്പോവരും എന്നൊക്കെ മിനിറ്റിന് മിനിറ്റിന് ഇടവിട്ട് വിളിച്ച് അന്വേഷിക്കുന്ന ഒരുപിടി മാതാപിതാക്കന്മാരുണ്ട്. ഇതൊക്കെ മറ്റൊരുരീതിയില്‍പറഞ്ഞാല്‍ മക്കളുടെ മനസ്സില്‍ അരക്ഷിതത്വബോധമാണ് സൃഷ്ടിക്കുന്നത്. അവരെ ഉത്കണ്ഠാകുലരുമാക്കിത്തീര്‍ക്കും.

മക്കളെ വിശ്വസിക്കുന്ന മാതാപിതാക്കള്‍ക്കും മാതാപിതാക്കളോട് അവര്‍ അര്‍ഹിക്കുന്ന രീതിയില്‍ ആദരവുംസനേഹവും പുലര്‍ത്തുന്ന മക്കള്‍ക്കും സ്‌കൂള്‍ യാത്രകളില്‍ മൊബൈല്‍ അത്ര അത്യാവശ്യമുള്ള കാര്യമാണെന്ന് തോന്നുന്നില്ല. മക്കള്‍ക്ക് മൊബൈലുകള്‍ വാങ്ങിക്കൊടുക്കുമ്പോള്‍ അതിന്റെ ആവശ്യം കൂടി മാതാപിതാക്കള്‍ മനസ്സിലാക്കട്ടെ. അതെങ്ങനെ എപ്പോള്‍ ഉപയോഗിക്കുന്നുവെന്നും.

സ്‌കൂളുകളിലെ മൊബൈല്‍ നിരോധനം മാതാപിതാക്കള്‍ക്കും മക്കള്‍ക്കും പുതിയ തിരിച്ചറിവുകള്‍ നല്കട്ടെ.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കുട്ടികളെ പ്രതികൂലമായി ബാധിക്കുന്ന ടീവി ദൃശ്യങ്ങള്‍

ടീവി എന്നത് മിതമായി ഉപയോഗിച്ചാല്‍ ഏറെ ഗുണകരമായ ഒന്നാണ്. അമിതമായാല്‍ ഏറെ...
error: Content is protected !!