നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ്
എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതാണ്.
അമ്മത്തം ഏറെ വിലമതിക്കപ്പെടുന്ന അവസ്ഥയാണ്. അതുപോലെ നല്ല അമ്മയായിരിക്കുക എന്നത് ഇന്നത്തെകാലത്ത് മുമ്പ് എന്നത്തെക്കാളുമേറെ വെല്ലുവിളികൾ നിറഞ്ഞതുമാണ്. കാരണം ഇന്നത്തെ സ്ത്രീയുടെ ലോകം വളരെയധികം മാറ്റങ്ങൾക്ക് വിധേയമായിക്കഴിഞ്ഞു. അവൾ അമ്മ മാത്രമല്ല ഉദ്യോഗസ്ഥയോ ബോസോ അങ്ങനെ പലപല വേഷങ്ങൾ അണിയുന്നുണ്ട്. കൂടാതെ ആധുനികസാങ്കേതികവിദ്യകളും അവളുടെ ജീവിതത്തിൽ വലിയൊരു പങ്കുവഹിക്കുന്നുണ്ട്. ജോലിത്തിരക്കുകൾ, ഒാഫീസ്കാര്യങ്ങൾ. സൗഹൃദങ്ങൾ, ബന്ധങ്ങൾ… ഇങ്ങനെ പലരീതിയിൽ കെട്ടുപിണഞ്ഞുകിടക്കുമ്പോൾ പലപ്പോഴും അവളിലെ അമ്മയ്ക്ക് വേണ്ടതുപോലെ ശോഭിക്കാൻ കഴിയണമെന്നില്ല. എന്നാൽ അപൂർവ്വം ചില അമ്മമാർ വിവേകത്തോടെ ഇൗ അവസ്ഥയെ സമീപിക്കുകയും അതിൽ വിജയം വരിക്കുകയും ചെയ്തിരിക്കുന്നവരാണ്. ക്രിയാത്മകമായ സമീപനവും പ്രായോഗികമായ ചില ശീലങ്ങളും ഉണ്ടെങ്കിൽ ഇൗ തിരക്കുപിടിച്ച ലോകത്തും ഒരുവൾക്ക് തന്റെ മാതൃത്വം ആഘോഷിക്കാനും അതിൽ ആനന്ദിക്കാനും കഴിയും.
സഹായം ചോദിക്കാൻ മടിക്കാതിരിക്കുക
നല്ലഅമ്മയായിത്തീരാൻ ആഗ്രഹിക്കുന്നവർ ഒരിക്കലും സഹായം ചോദിക്കുന്നതിൽ വിമുഖത കാണിക്കരുത്. തങ്ങൾക്ക് പരിധികളും പരിമിതികളുമുണ്ടെന്ന് അവർക്കറിയാം. അതുകൊണ്ട് ചില കാര്യങ്ങളിൽ അവർക്ക് മറ്റുള്ളവരുടെ സഹായം തേടേണ്ടതായി വന്നേക്കാം. അത്തരം സന്ദർഭങ്ങളിൽ സഹായം ചോദിക്കാൻ മടിക്കരുത്. ഉദാഹരണത്തിന് വീട്ടുജോലികളിൽ ഭർത്താവിനോടോ അല്ലെങ്കിൽ ഭർത്താവിന്റെ ബന്ധുക്കളോടോ സഹായം ചോദിക്കുക. ചില സ്ത്രീകൾ എല്ലാം തങ്ങൾ തന്നെ ചെയ്യണമെന്ന പിടിവാശിയുള്ളവരാണ്. ഇക്കൂട്ടർക്ക് ഉള്ളിൽ നല്ല ദേഷ്യവും കാണും. അതു പ്രകടിപ്പിച്ചുതീർക്കുന്നത് മക്കളോടായിരിക്കും. മക്കൾ എന്തെങ്കിലും ചോദിച്ചുവരുമ്പോഴോ ഭക്ഷണം ആവശ്യപ്പെടുമ്പോഴോ അവർ പൊട്ടിത്തെറിക്കും. കുടുംബത്തിന്റെ നല്ല അന്തരീക്ഷം മുഴുവൻ അതോടെ പൊയ്പ്പോകും. അതേ സമയം ചില ജോലികളിൽ മറ്റുള്ളവരുടെ സഹായം അവരെ മുറിപ്പെടുത്താത്ത വിധത്തിൽ ചോദിക്കുകയാണെങ്കിൽ മക്കളുടെകൂടെ സമയം ചെലവഴിക്കാനും കഴിയും.
വ്യായാമം ശീലിക്കുക
നല്ല അമ്മമാർ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുള്ളവരായിരിക്കണം. എങ്കിലേ മക്കളും ആ രീതിയിൽ ജീവിക്കുകയുള്ളൂ. അതുകൊണ്ട് അമ്മമാർ എക്സർസൈസ് ശീലമാക്കിയിരിക്കണം. മേയ്ക്കപ്പിലോ അണിഞ്ഞൊരുങ്ങലിലോ മാത്രമല്ല കാര്യമിരിക്കുന്നതെന്ന് അമ്മമാർ മക്കൾക്ക് പറഞ്ഞുകൊടുക്കണം. നല്ല ആരോഗ്യശീലമുള്ള മക്കളായി വളരുന്നതിന് വേണ്ട എല്ലാ അനുകൂല സാഹചര്യങ്ങളും വീട്ടിൽ ക്രമീകരിക്കുകയും വേണം. വറുത്തത്, പൊരിച്ചത്, പഞ്ചസാര, മൈദ എന്നിവയുടെയെല്ലാം ഉപയോഗം പരമാവധി കുറച്ച് നല്ല ഭക്ഷണശീലം മക്കളെ പഠിപ്പിക്കുക.
പുഞ്ചിരിക്കാനും ആലിംഗനം ചെയ്യാനും സമയം കണ്ടെത്തുക
മക്കളെ നോക്കി പുഞ്ചിരിക്കുന്നത് അവർക്ക് ഏറെ സന്തോഷകരമായ കാര്യമാണ്. അതുകൊണ്ട് മക്കളെ നോക്കി പുഞ്ചിരിക്കണം. ഇടയ്ക്കൊക്കെ അവരെ കെട്ടിപിടിക്കണം. ഉമ്മ കൊടുക്കണം. മറ്റുള്ളവരെ ചിരിച്ചുകാണിക്കുമ്പോൾ നമ്മുടെ ബ്രെയിൻ കെമിക്കൽസ് തന്നെ ഉദ്ദീപിപ്പിക്കുകയും അത് നമ്മുടെ മൂഡ് മെച്ചപ്പെടുത്തുകയും ചെയ്യും. ഭർത്താവിനോടുള്ള ദേഷ്യവും നീരസവും കാരണം മക്കളോട് പോലും പുഞ്ചിരിക്കാൻ മറക്കുന്ന എത്രയോ അമ്മമാരുണ്ട്. അതുകൊണ്ട് ഇനി മക്കളെ നോക്കിയെങ്കിലും അമ്മമാർ പുഞ്ചിരിക്കാൻ തയ്യാറാകണം.
ചെറിയ തമാശകൾ ആസ്വദിക്കുക, കണ്ടെത്തുക
ഒരേപോലെയുള്ള ജോലിയും കാര്യ്ങ്ങളും ആരിലും മടുപ്പുളവാക്കും. പ്രത്യേകിച്ച് അടുക്കളകാര്യങ്ങൾ. അതുകൊണ്ട് അടുക്കളജോലിക്കിടയിൽ ഇത്തിരി തമാശ പറച്ചിലും കളികളുമാകാം. മക്കളെ അടുക്കളയിലേക്ക് ക്ഷണിച്ച് അവരുമായി സംസാരിക്കുകയും കളിക്കുകയും ചെയ്യുന്നത് നല്ല ശീലമാണ്.
യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുക, ഭാവിയിലേക്ക് നോക്കുക
യാഥാർത്ഥ്യങ്ങളെ അംഗീകരിക്കുന്നവരാണ് സന്തുഷ്ടകളായ അമ്മമാർ. അവർക്കറിയാം ചില ദിവസങ്ങൾ ബോറിംങ് ആണെന്ന്… ചില ജോലികൾ മടുപ്പുളവാക്കുന്നവയാണ് എന്ന്. പക്ഷേ എന്തു ചെയ്യാം ചെയ്യാതിരിക്കാനാവില്ലല്ലോ. അവയെ അംഗീകരിക്കുക. പല കാര്യങ്ങളെയും അംഗീകരിക്കാൻ കഴിയാത്തതാണ് തലവേദനയും സ്ട്രെസും സ്ത്രീകളെ പിടികൂടുന്നതിന്റെ കാരണം. ആവശ്യമില്ലാത്ത ചിന്തകളെ തലയിൽന ിന്നിറക്കിവിട്ട് സന്തോഷത്തോടെ ഭാവിയിലേക്ക് നോക്കുക. ഇന്നത്തെപ്രശ്നം ഇന്നോടെ തീർന്നു. അതിനെ ഇനി തലയിലേറ്റി നാളെയും നടക്കണ്ട.
എന്താ ഇൗ അഞ്ചുകാര്യങ്ങൾ നല്ലവയാണെന്ന് തോന്നുന്നില്ലേ. എങ്കിൽ ഇന്നുമുതൽ ജീവിതത്തിൽ ഇതിൻപ്രകാരം മാറ്റങ്ങൾ വരുത്തിക്കോളൂ. നിങ്ങൾക്കും സന്തുഷ്ടയായ ഒരു അമ്മയായിത്തീരാൻ കഴിയും, ഉറപ്പ്.