നമ്മുടെ ചെവികള്‍ പാട്ട് കേള്‍ക്കാന്‍വേണ്ടി മാത്രമായി സൃഷ്ടിക്കപ്പെട്ടവയല്ല എന്നത് നാം ആദ്യം മനസ്സിലാക്കണം. സദാ ഇയര്‍ ഫോണിലൂടെ പാട്ട് കേട്ടുകൊണ്ടിരുന്നാല്‍ കേള്‍വിശക്തി കുറയും എന്നതാണ് വാസ്തവം. ഇയര്‍ ഫോണ്‍ ഉപയോഗിക്കുന്നവര്‍ സ്വയം ഒരു നിയന്ത്രണം പാലിക്കുന്നത് ചെവിയുടെ ആരോഗ്യത്തിനു നല്ലതായിരിക്കും. അതിനുള്ള ചില ടിപ്സ്:-
- പാട്ടിന്റെ ശബ്ദം കുറച്ചുവെച്ചു കേള്‍ക്കാന്‍ ശീലിക്കുക.
- എപ്പോഴും ശബ്ദത്തിന്റെ അളവ് ഒരേ തോതിലായിരിക്കട്ടെ. ഇടയ്ക്കിടെ ശബ്ദം കൂട്ടുകയും, കുറയ്ക്കുകയും ചെയ്യുന്നത് ഒഴിവാക്കുക. നിങ്ങള്‍ വാഹനം ഓടിക്കുന്ന ആളാണെങ്കില്‍ ഇയര്‍ ഫോണ്‍ ഉപയോഗിക്കരുത്. ചുറ്റുമുള്ള ശബ്ദങ്ങള്‍ കേള്‍ക്കാനിടയാകില്ല.
- സംഗീതം, ശബ്ദം എന്നിവയുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ച്ചയായി ശബ്ദം കേള്‍ക്കേണ്ട നിര്‍ബന്ധിതാവസ്ഥ ഉണ്ടാവും. ഇവര്‍ ഒരുമണിക്കൂര്‍ നേരം തുടര്‍ച്ചയായി ശബ്ദം കേള്‍ക്കുന്നുവെങ്കില്‍ അടുത്ത ഒരുമണിക്കൂര്‍ നേരം കാതുകള്‍ക്ക് വിശ്രമം കൊടുക്കുക. ഇടവിടാതെ ചെവിയിലേയ്ക്ക് ശബ്ദം പ്രവഹിപ്പിക്കരുത്.
- കഴിയുന്നതും അല്‍പ്പം വില കൂടിയാലും ഗുണനിലവാരമുള്ള ഇയര്‍ഫോണ്‍ ഉപയോഗിക്കുക.
- ഒരു പ്രാവശ്യം ഒന്നര മണിക്കൂറില്‍ കൂടുതല്‍ സമയം പാട്ട് കേള്‍ക്കരുത്.
- ഇയര്‍ ബഡ് ഘടിപ്പിച്ച ഇയര്‍ഫോണ്‍ ഉപയോഗിക്കരുത്. അത് സാധാരണ ഇയര്‍ ഫോണുകളെക്കാള്‍ എട്ടുമടങ്ങ് ശബ്ദം പെരുപ്പിച്ചു ചെവികളിലേയ്ക്ക് അയയ്ക്കും. അതുകാരണം ചെവികള്‍ക്ക് ഏറെ ദോഷഫലങ്ങളുണ്ടാകും.
- ചിലര്‍ ഒരു ചെവിയില്‍മാത്രം ഘടിപ്പിച്ച് മറ്റൊന്ന് അടുത്തയാളുടെ ചെവിയില്‍ ഘടിപ്പിച്ച് പാട്ട് കേള്‍ക്കും. ഇത് തെറ്റാണ്. ഒരു ചെവിയ്ക്ക് മാത്രം കൂടുതല്‍ ശബ്ദസമ്മര്‍ദ്ദം കൊടുക്കുമ്പോള്‍ ആ ചെവി കേടായി എന്ന് വരാം.
ശബ്ദത്തിന്റെ അളവ് നൂറ്റിയിരുപത് ഡെസിബെല്‍ എന്ന അളവ് താണ്ടിയാല്‍ തലച്ചോറ് പൂര്‍ണ്ണമായും ആ ശബ്ദത്തിന് അടിമയായി തീരും. പിന്നീട് പുറംലോകത്തുള്ള ഒരു ശബ്ദവും തലച്ചോറിനു ആസ്വാദ്യകരമാവില്ല. അതുകൊണ്ട് ചെവികള്‍ക്ക് മാത്രമല്ല, തലച്ചോറിനും ആസ്വാദനശേഷി കുറഞ്ഞു പോകും. ഇയര്‍ ഫോണ്‍ മിതമായി ഉപയോഗിച്ചാല്‍ കേള്‍വിശക്തി സംരക്ഷിക്കാം. സൂക്ഷിച്ചാല്‍ ദു:ഖിക്കേണ്ട.