വാളയാറില്‍ നിന്നുയരുന്ന വിലാപങ്ങള്‍

Date:

spot_img

മന:സാക്ഷിയുള്ള ഏതൊരാളുടെയും നെഞ്ചിലെ നീറ്റലും വിങ്ങലുമാണ് വാളയാര്‍ . അടപ്പള്ളത്തു പീഡനത്തിരയായി ദൂരൂഹസാഹചര്യത്തില്‍ മരണമടഞ്ഞ സഹോദരിമാരുടെ  വേദനയും ആ കുടുംബത്തിന്റെ സങ്കടവും ഏതൊരാളെയും തകര്‍ത്തുകളയുന്നതാണ്. പക്ഷേ നിയമം ആ കണ്ണീരു കാണാതെ പോയി. കാരണം നിയമത്തിന് വേണ്ടത് തെളിവുകളാണല്ലോ?

തെളിവുകളുടെ അഭാവത്തില്‍ ശിക്ഷിക്കപ്പെടേണ്ടവര്‍ നിരപരാധികളായി പുറത്തുവിലസുന്ന കാഴ്ച ഞെട്ടിച്ചുകളയുന്നു. മുഖം നോക്കാതെ നീതി നല്കുന്നതിന്റെ പ്രതീകമാണ് കോടതിമുറിയിലെ നീതികന്യക. പക്ഷേ ദരിദ്രരുടെയും ചൂഷിതരുടെയും ജീവിതങ്ങള്‍ക്ക് നേരെയാണോ ആ കന്യക കണ്ണുകെട്ടിയിരിക്കുന്നതെന്ന് ചോദിക്കാന്‍ തോന്നുന്നു ഇതൊക്കെ കാണുമ്പോള്‍. .
പതിമൂന്നും ഒമ്പതും വയസു പ്രായമുള്ള കുട്ടികള്‍ ലൈംഗികമായി പീഡിപ്പിക്കപ്പെടുക. പിന്നീട് ദുരൂഹസാഹചര്യത്തില്‍ അവര്‍ മരണമടയുക. കൂട്ടിവായിക്കുമ്പോള്‍ സാധാരണക്കാരന് പോലും സംശയം തോന്നുന്ന സാഹചര്യത്തെ പക്ഷേ നിരുത്തരവാദിത്തത്തോടെ അധികാരികള്‍ കൈയൊഴിഞ്ഞു.  അതുകൊണ്ടാണ് വാളയാര്‍ കേസിലെ തുടര്‍നടപടികള്‍ക്ക് വീഴ്ച പറ്റിയെന്ന് ജനപ്രതിനിധികള്‍ക്കും തുറന്നു സമ്മതിക്കേണ്ടിവന്നത്.

 ഒമ്പതുവയസുകാരി കൊല്ലപ്പെട്ടതാകാമെന്ന പോലീസ് സര്‍ജന്റെ നിര്‍ദ്ദേശം അവഗണിച്ചതും കുട്ടികളുടെ മാതാപിതാക്കളുടെ മൊഴി ആദ്യകേസില്‍ ഉള്‍പ്പെടുത്താത്തതും ഗുരുതരമായ വീഴ്ചയായി നിരീക്ഷിക്കപ്പെടുന്നുണ്ട്. കുറ്റവാളികളെക്കാള്‍ ശിക്ഷിക്കപ്പെടേണ്ടത് കുറ്റകൃത്യങ്ങള്‍ക്ക് കൂട്ടുനില്ക്കുന്നവരെയും തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരുമാണ്. 

കുറ്റവാളികളുടേതിനെക്കാള്‍ ക്രിമിനല്‍ മനസ്സാണ് ഇവരുടേത്. അല്ലെങ്കില്‍ കുറ്റവാളികള്‍ പോലും ശിക്ഷിക്കപ്പെടാത്ത സാഹചര്യത്തില്‍ കുറ്റവാളികളെ സംരക്ഷിച്ചവരും രക്ഷപ്പെടാന്‍ അവസരമൊരുക്കിയവരും എങ്ങനെയാണ് ശിക്ഷിക്കപ്പെടുക? 

കൊടും കുറ്റവാളികള്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുക്കാന്‍ വരുന്നവക്കീലന്മാരെ ഭരിക്കുന്നത് എന്തു ധാര്‍മ്മികതയാണ്?  വാളയാര്‍ കേസിലെ പ്രതികളുടെ വക്കാലത്ത് നടത്തിയിരുന്നത് പാലക്കാട് ശിശുക്ഷേമ സമിതി ചെയര്‍മാനായിരുന്നു എന്ന് അറിയുന്നതിലും വലിയ വൈരുദ്ധ്യം മറ്റെന്തുണ്ട്? വേട്ടക്കാരനും തുണക്കാരും എല്ലാം ഒരേ വഞ്ചിയില്‍. നമ്മുടെ സമൂഹത്തിന് സംഭവിക്കുന്ന മൂല്യച്യൂതിയുടെ അടയാളം തന്നെയാണ് ഇത്.

ഇവര്‍ക്കുമുണ്ടാവില്ലേ പെണ്‍മക്കള്‍? അല്ലെങ്കില്‍ സഹോദരിമാര്‍? ഇനി അതുമല്ലെങ്കില്‍ ഭാര്യയും അമ്മയും? പൊടിക്കുഞ്ഞുങ്ങളുടെ മേല്‍ ശാരീരീകാതിക്രമം കാണിക്കുന്നവര്‍ക്ക് വധശിക്ഷ നല്കണമെന്ന നിയമത്തെ സാധൂകരിക്കേണ്ടത് ഇത്തരം ചില നെറികേടുകള്‍ കാണുമ്പോഴാണ്. കോടതിയില്‍ന ിന്ന് രക്ഷപ്പെട്ടാലും സ്വന്തം മനസ്സാക്ഷിയുടെ മുമ്പില്‍ നിന്ന് ഇവര്‍ക്ക് എന്നെങ്കിലും രക്ഷപ്പെടാന്‍ കഴിയുമോ ആവോ? അല്ലെങ്കില്‍ ഇവര്‍ക്ക് മനസ്സാക്ഷിയുണ്ടോ.. ഉണ്ടായിരുന്നെങ്കില്‍ ഇത്തരം ക്രൂരതകള്‍ അവര്‍ ചെയ്യുമായിരുന്നില്ലല്ലോ അല്ലേ?

ലൈംഗികപീഡനത്തിന് ഇരകളാകുന്നവര്‍ ജീവിച്ചിരുന്നാലും മരിച്ചുകഴിഞ്ഞാലും അവര്‍ക്ക് നീതികിട്ടുന്നില്ല എന്നത് വലിയൊരു വിരോധാഭാസമായി തോന്നുന്നു. കേരളത്തെ തന്നെ പിടിച്ചുകുലുക്കിയ ഓരോ പീഡനങ്ങളുടെയും വിവരണങ്ങള്‍ ഓര്‍ത്തുനോക്കിയാല്‍ മതി ഇക്കാര്യം മനസ്സിലാവാന്‍. അതില്‍  ജിഷയും സൗമ്യയും മരിച്ചുപോയി. പക്ഷേ ഗോവിന്ദച്ചാമിയെ പോലെയുള്ളവര്‍ ജയിലില്‍ തടിച്ചുതുടുത്തു ജീവിക്കുന്നു. പ്രമുഖയായ നടിയുടെ കേസുപോലും ഇന്നും തീര്‍പ്പാകാതെ കിടക്കുകയാണ്. 

ഈ സാഹചര്യത്തില്‍ നടന്‍ പൃഥിരാജ് എഴുതിയ കുറിപ്പ് ഏറെ ശ്രദ്ധിക്കപ്പെടേണ്ടവയാണ്. ആ വാക്കുകള്‍ ഇപ്രകാരമാണ്.

അപകടകരമായ വിധത്തില്‍ നമ്മള്‍ സ്വയം കീഴടങ്ങാന്‍ തയ്യാറായി കഴിഞ്ഞിരിക്കുന്നുവെന്നാണ് എനിക്ക് തോന്നുന്നത്. ഒരു ജനത അവരുടെ ഘടന നിലനിര്‍ത്തുന്ന ഭരണവ്യവസ്ഥയില്‍ പ്രതീക്ഷ കൈവിടുമ്പോള്‍ എല്ലായ്‌പ്പോഴും വിപ്ലവം ഉണ്ടാകും. ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍.

അതെ വിപ്ലവം ഉണ്ടാകുക തന്നെ വേണം. ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരുതരത്തില്‍. കാരണം ഇവിടെ നീതി പുലരണം, മനുഷ്യത്വം ഉണ്ടാകണം. കുറ്റവാളികളെ സംരക്ഷിക്കുന്നവരുടെ പാര്‍ട്ടിയുടെ പേരോ കൊടിയുടെ നിറമോ നോക്കാതെ അതിനെതിരെ പോരാടാനും പൊരുതാനും കഴിയണം.

കുറ്റവാളികള്‍ക്കുവേണ്ടി രംഗത്തിറങ്ങുന്നത് ആരുമായിരുന്നുകൊള്ളട്ടെ അവരോട് ഒരേ ഒരു ചോദ്യം നാണമില്ലേ മിസ്റ്റര്‍? നിങ്ങളെ നയിക്കുന്നത് എന്തു ലക്ഷ്യമാണ്.എന്തു മനോഭാവമാണ്. നിങ്ങള്‍ നേടുന്നത് എന്താണ്.. നിരപരാധികളുടെ കണ്ണീരില്‍ കെട്ടിയുയര്‍ത്തുന്ന നേട്ടങ്ങളെല്ലാം ഒരുപ്രളയത്തില്‍ ഒലിച്ചുപോകാനുള്ളതേയുള്ളൂവെന്ന് മറക്കരുത്.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!