മൂലമ്പിള്ളിയില്‍ നിന്ന് മരടിലേക്ക് എത്ര ദൂരമുണ്ടാകും? ഭൂമിശാസ്ത്രപരമായ അകലെത്തെക്കാളുപരി ദരിദ്രരില്‍ നിന്ന് സമ്പന്നരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അവകാശങ്ങള്‍ നിഷേധിക്കപ്പെട്ടവരില്‍ നിന്ന് അവകാശവും ആനുകൂല്യങ്ങളും സ്വന്തമാക്കിയവരിലേക്കുള്ള ദൂരമാണ് അതിനുള്ളത്. അത്രയും തന്നെ അകലവും വ്യാപ്തിയും രണ്ടിനുമുണ്ട്. അത്രയും തന്നെ വിവേചനവും നീതിരാഹിത്യവും അവകാശലംഘനവും വാക്കുവ്യത്യാസവും രണ്ടും തമ്മിലുണ്ട്.
മൂലമ്പിള്ളി അറിയില്ലേ, പത്തുവര്‍ഷം മുമ്പ് വികസനത്തിന്റെ പേരില്‍ കുടിയൊഴിപ്പിക്കപ്പെട്ടതു വഴിയാണ് മുലമ്പിള്ളിനിവാസികള്‍ ചരിത്രത്തിന്റെ ഭാഗമായി മാറിയത്. 2008 ഫെബ്രുവരി ആറ് അവരെ സംബന്ധിച്ചിടത്തോളം കറുത്തതും കണ്ണീരില്‍ കുതിര്‍ന്നതുമായ ദിനമായിരുന്നു. വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതിക്കുവേണ്ടി അന്ന് 316 കുടുംബങ്ങളെയാണ് ബലാത്ക്കാരമായി കുടിയൊഴിപ്പച്ചത്. ജെസിബിയുടെ കഴുകന്‍ കൈകള്‍ വീടുകളുടെ കഴുത്തിന് പിടിച്ചുഞെരുക്കി, വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങള്‍ വലിച്ചൂകീറി. സ്ത്രീപുരുഷഭേദമന്യേ പലരും മര്‍്ദ്ദനത്തിനിരകളായി. അടുക്കളയിലെ പാതിവെന്ത ചോറും കറികളും തട്ടിത്തെറിക്കപ്പെട്ടു. അവരുടെ നിലവിളിയുടെ ചിത്രങ്ങള്‍ ഇടയ്‌ക്കെങ്കിലും ഒരോര്‍മ്മപ്പെടുത്തലായി സോഷ്യല്‍ മീഡിയായില്‍ ഇപ്പോള്‍ ഇടം പിടിക്കുന്നുണ്ട്.
എറണാകുളം ജില്ലയില്ലെ ചേരാനെല്ലൂര്‍, ഇടപ്പള്ളി നോര്‍ത്ത്, ഇടപ്പളളി സൗത്ത്, മുളവുകാട്, ഏലൂര്‍, മൂലമ്പിള്ളി, കടുങ്ങല്ലൂര്‍ എന്നീ ഏഴു സ്ഥലങ്ങളിലെ ജനങ്ങളെയാണ് അന്ന് നിര്‍ദാക്ഷിണ്യം കുടിയിറക്കിയത്. വികസനത്തിന്റെ പേരില്‍ ചതിക്കപ്പെടുകയും കുടിയിറക്കപ്പെടുകയുമായിരുന്നുവെന്ന് മനസ്സിലായപ്പോള്‍ സമരമുഖത്തേക്ക് അവര്‍ നിര്‍ബന്ധിതമായി വലിച്ചിഴയ്ക്കപ്പെടുകയായിരുന്നു. അതിന് ശേഷം മാത്രമാണ് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ചത്.
അതനുസരിച്ച് പുതിയ വീട്,വാടകയ്ക്ക് താമസിക്കുന്നവര്‍ക്ക് വാടക, ജോലി എന്നിങ്ങനെ പലതും വാഗ്ദാനം ചെയ്യപ്പെട്ടിരുന്നു. പക്ഷേ 2015 ന് ശേഷം പലര്‍ക്കും വാടകയിനത്തില്‍ ഒരുരൂപ പോലും കിട്ടാതായി. മൂലമ്പിള്ളിയുടെ വേദനയും രോദനവും ഏറെക്കുറെ പൊതുലോകം വിസ്മരിക്കപ്പെട്ടുകഴിഞ്ഞ സമയത്താണ് മരടിലെ ഫഌറ്റ് പൊളിക്കല്‍ പ്രശ്‌നം സജീവമായി മുന്നോട്ടുവന്നത്.
മരടിലെ മൂന്നൂറോളം വരുന്ന കുടുംബങ്ങളുടെ പ്രശ്‌നം കേരളത്തിന്റെ മുഴുവന്‍ പ്രശ്‌നമായി അവതരിപ്പിക്കപ്പെട്ടു. ഫഌറ്റ് പൊളിച്ചുനീക്കുന്നതിനുള്ള തടസ്സങ്ങള്‍ നീങ്ങിക്കിട്ടിയില്ലെങ്കിലും ഉടമകള്‍ക്ക് നഷ്ടപരിഹാരം ആനുപാതികമായി ലഭിക്കാന്‍ ഉത്തരവായി.
ഇവിടെ രണ്ടു പ്രശ്‌നങ്ങളെയും അപഗ്രഥിക്കുമ്പോള്‍ നമുക്ക് മനസ്സിലാകുന്ന കാര്യമുണ്ട്. രണ്ടുജീവിതങ്ങളെയും മേലെക്കിടയെന്നും താഴേക്കിടയെന്നും വേര്‍തിരിക്കുകയും പക്ഷപാതപരമായ സമീപനം കാണിക്കുകയും ചെയ്യുന്നു. സമ്പന്നനും ദരിദ്രനും രണ്ടു നീതിയോ? അധികാരകേന്ദ്രങ്ങളില്‍ മുന്നേ വന്ന ദരിദ്രനെ അവഗണിച്ച് വൈകി വന്ന സമ്പന്നന് മുഖ്യപരിഗണനയും സ്ഥാനവും നല്കിവരുന്ന പതിവൂരീതിയുടെ ആവര്‍ത്തനമാണ് ഇവിടെയും കാണുന്നത്. എല്ലായിടത്തും അതുണ്ട് താനും. ദരിദ്രരും സ്വാധീനശേഷിയില്ലാത്തവനും അവഗണിക്കപ്പെടുന്നു.
മുഖം നോക്കിയായിരിക്കരുത് നീതി നടപ്പിലാക്കേണ്ടത്. മുഖം നോക്കിയായിരിക്കരുത് ആനുകൂല്യങ്ങള്‍ വിതരണം ചെയ്യേണ്ടത്. മരടിലെ ഫഌറ്റ് ഉടമകളുടെ അവകാശം ന്യായവും യുക്തവുമാണ്. ഓരോരുത്തരും അദ്ധ്വാനിച്ചുണ്ടാക്കിയ കാശിന് അതിന്റേതായ വിലയും മൂല്യവും കല്പിക്കേണ്ടതുമുണ്ട്. അവരുടെ അവകാശങ്ങള്‍ക്കുവേണ്ടി ഘോരഘോരം പ്രസംഗിക്കുമ്പോഴും അവര്‍ക്ക് ഭേദപ്പെട്ട നഷ്ടപരിഹാരം നല്കുമ്പോഴും മറന്നുപോകരുതാത്ത താണ് മൂലമ്പിള്ളിക്കാരുടെ കാര്യം. വാഗ്ദാനങ്ങള്‍ ഒന്നും നിറവേറ്റപ്പെടാതെ പോയ ദരിദ്രവിഭാഗത്തിന്റെ അവകാശങ്ങളുടെയും നീതിയുടെയും കാര്യം.ഭരണകൂടങ്ങളുടെ അവഗണനയ്ക്കും മറവികള്‍ക്കും ഇരകളായി വര്‍ഷമിത്ര കഴിഞ്ഞിട്ടും ജീവിക്കുന്നവരാണ് അവര്‍.
അവര്‍ക്ക് നല്കിയ വാഗ്ദാനങ്ങളൊന്നും കാര്യമായ രീതിയില്‍ പാലിക്കപ്പെട്ടിട്ടില്ല. കുടിയൊഴിപ്പിക്കപ്പെട്ടതിന്റെ പേരില്‍ ലഭിച്ച സ്ഥലം വാസയോഗ്യമല്ലാത്ത ചതുപ്പുനിലമാണെന്നും കുടുംബത്തിലെ ഒരാള്‍ക്കെങ്കിലും ജോലി നല്കാമെന്ന വാഗ്ദാനം ഇനിയും നിറവേറിയിട്ടില്ലെന്നും മൂലമ്പിള്ളിക്കാര്‍ കാര്യകാരണ തെളിവുസഹിതം നിരത്തുമ്പോള്‍ അതിനെ നിസ്സാരവത്കരിക്കുന്നത് ശരിയല്ല.
മരടും മൂലമ്പിള്ളിയും ഒന്നുപോലെയാണ്. രണ്ടിടത്തും മനുഷ്യരാണ്. എങ്കിലും ദയനീയത കൂടുതലുണ്ടാക്കുന്നത് മൂലന്പിള്ളി തന്നെയാണ്. അന്നന്നത്തെ അന്നത്തിന് വേണ്ടി കഷ്ടപ്പെടുന്നവരാണ് അവര്‍. ഈ ലോകത്ത് എല്ലാമനുഷ്യനും മാന്യമായി ജീവിക്കാനുള്ള അവകാശമുണ്ട്. ആ അവകാശത്തെ വികസനത്തിന്‍റെപേരില്‍ തുരങ്കം വയ്ക്കരുത്
മനുഷ്യനെ പണത്തിന്റെയും പദവിയുടെയും പേരില്‍ രണ്ടുതട്ടിലാക്കുന്നതും രണ്ടുതരം നീതി കാണിക്കുന്നതും മനുഷ്യത്വത്തിനോടു തന്നെയുള്ള അവഗണനയാണ്. മരടിന് വേണ്ടി ഉയര്‍ത്തിയ നമ്മുടെ ശബ്ദം ഇനി മൂലമ്പിള്ളിക്കുവേണ്ടിയും ഉയരട്ടെ. ന്യായമായ അവകാശങ്ങള്‍ ഇനിയും ലഭിച്ചിട്ടില്ലാത്തതിന്റെ പേരില്‍ സമരമുറകളിലേക്ക് ഇറങ്ങാന്‍ പോവുകയാണെന്ന മൂലമ്പിള്ളിക്കാര്‍ അടുത്തയിടെ നല്കിയ മുന്നറിയിപ്പിന് നമ്മള്‍ പിന്തുണ നല്കണം. മരടും മൂലന്പിള്ളിയും തമ്മിലുള്ള വ്യത്യാസം അവര്‍ തിരിച്ചറിഞ്ഞതുകൊണ്ടാണോ അതെന്നു പോലും നാം സംശയിക്കണം.
ജനിച്ച വീടും ചുവടുറപ്പിച്ചു നടന്ന മണ്ണും നഷ്ടമായി പലായനത്തിന്റെ വേദന തിന്നുന്നവരാണ് മൂലന്പിള്ളിക്കാര്‍.. മറ്റൊരു വാക്കില്‍ പറഞ്ഞാല്‍ അഭയാര്‍ത്ഥികള്‍ തന്നെ. ആ വേദന നാം കാണണം.. ആ രോദനം നാം കേള്‍ക്കണം. സോഷ്യല്‍ മീഡിയാ ഇന്നത്തേതുപോലെ വ്യാപകമാകാതിരുന്ന കാലത്ത് മൂലമ്പിള്ളിക്കു വേണ്ടി പൊരുതാന്‍ അവര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പക്ഷേ ഇന്ന് കഥ മാറി, കാലം മാറി.
സോഷ്യല്‍ മീഡിയായിലൂടെ മൂലമ്പിള്ളിക്കുവേണ്ടി പൊരുതാനും പട നയിക്കാനും ആളുകളുണ്ടാകണം. മറന്നുകളഞ്ഞ ചില യാഥാര്‍ത്ഥ്യങ്ങളെ വര്‍ത്തമാനകാലത്തിന്റെ തികവിലേക്ക് ചൂടോടെ നാം കൈമാറണം.
ഇനിയുള്ള കാലം മൂലമ്പിള്ളിക്കാരുടെ അവകാശങ്ങള്‍ക്കും നീതിക്കും വേണ്ടിയുള്ളതാകട്ടെ.
ഒപ്പം മൂലമ്പിള്ളിക്കാര്‍ക്കൊപ്പം. മനുഷ്യത്വത്തിനൊപ്പം. നിസ്സഹായര്‍ക്കൊപ്പം.