നമ്മളില്‍ പലരും പ്രഭാതഭക്ഷണത്തിന്റെ ഗൌരവം മനസ്സിലാക്കാതെ പ്രാതല്‍ ഒഴിവാക്കുന്നവരാണ്. രാവിലെ ഭക്ഷണം കഴിക്കുന്ന ശീലം പാടെ വര്‍ജ്ജിക്കുന്നവരും ഇല്ലാതില്ല. എന്നാല്‍ ഒരിക്കലും പ്രഭാതഭക്ഷണം ഒഴിവാക്കരുതെന്നാണ് വൈദ്യശാസ്ത്രം നിഷ്ക്കര്‍ഷിക്കുന്നത്. എന്തുകൊണ്ട് പ്രഭാതഭക്ഷണം നിര്‍ബന്ധമായും കഴിക്കണം എന്നതിന് പല കാരണങ്ങളുണ്ട്.
- രാവിലെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് വളരെ കുറവായിരിക്കും. ആ സമയത്ത് ശരീരത്തിനു ആവശ്യമായ ഊര്‍ജ്ജം അഥവാ ശക്തി നല്‍കുന്നത് പ്രഭാതഭക്ഷണമാണ്. രാവിലെ മുതല്‍ വൈകുന്നേരം വരെ നല്ലപോലെ ജോലി ചെയ്യണമെങ്കില്‍ ശരീരത്തിന് ഊര്‍ജ്ജം അത്യന്താപേക്ഷിതമാണ്. അതിനു പ്രഭാതഭക്ഷണവും ആവശ്യമാണ്.
- ചിലര്‍ ശരീരഭാരം കുറയാനായി പ്രഭാതഭക്ഷണം പാടെ ഒഴിവാക്കി മറ്റുള്ള സമയങ്ങളില്‍ അല്പം ഭക്ഷണം കഴിക്കും. ഇവര്‍ക്ക് കാലത്ത് ഭക്ഷണം കഴിക്കാതെയിരിക്കുന്നതുകൊണ്ട് ഉച്ചയ്ക്ക് കുറച്ചു ഭക്ഷണം മാത്രം കഴിക്കാനാവില്ല. അതുകൊണ്ട് ഉച്ചയ്ക്ക് വയറു നിറച്ച് ഭക്ഷണം കഴിക്കും. ആ സമയത്ത് ആരോഗ്യകരമായ ഭക്ഷണം കഴിച്ചു എന്നുവരില്ല. അതുകാരണം ശരീരഭാരം കൂടും എന്നല്ലാതെ കുറയില്ല.
- പ്രഭാതഭക്ഷണം കഴിക്കാതെയിരുന്നാല്‍ ആദ്യം ശരീരത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഇന്‍സുലിന്റെ അളവ് വര്‍ദ്ധിക്കുകയും, മെറ്റബോളിക്ക് ഡിസാസ്റ്റര്‍ ഉണ്ടാവുകയും ചെയ്യുന്നതിന്റെ ഫലമായി ശരീരഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു.
- ജോലിക്ക് പോകുന്നവരും, വിദ്യാര്‍ത്ഥികളും പ്രഭാതഭക്ഷണം കഴിക്കാതെയിരുന്നാല്‍ അവര്‍ക്ക് ജോലിയിലോ, പഠിത്തത്തിലോ ശ്രദ്ധ ചെലുത്താനാവില്ല. പ്രഭാതഭക്ഷണം ഇവര്‍ക്ക് പുത്തനുണര്‍വ്വേകി പ്രവര്‍ത്തികളില്‍ ശ്രദ്ധ വര്‍ദ്ധിപ്പിക്കുന്നു എന്നതാണ് വാസ്തവം.
- വീട്ടിലുള്ള മുതിര്‍ന്നവര്‍ എന്ത് ചെയ്യുന്നുവോ, അതുതന്നെയാണ് കുട്ടികളും പിന്തുടരുക. മുതിര്‍ന്നവര്‍ രാവിലെ ഭക്ഷണം കഴിക്കാതെയിരുന്നാല്‍ കുട്ടികളും അക്കാര്യത്തില്‍ ശ്രദ്ധ ചെലുത്തുകയില്ല. അതുകൊണ്ട് കുട്ടികളുടെ ആരോഗ്യത്തിനും ദോഷമായി ഭവിക്കുന്നു. അതുകൊണ്ട് മുതിര്‍ന്നവര്‍ കുട്ടികള്‍ക്ക് മാതൃകയാവണം.
- പ്രഭാതഭക്ഷണം കഴിച്ചാല്‍ ശരീരത്തിലെ അനാവശ്യമായിട്ടുള്ള കലോറി പെട്ടെന്ന് അലിഞ്ഞു പോകുന്നു.
- പ്രഭാതഭക്ഷണത്തില്‍ പോഷകാംശം ധാരാളം അടങ്ങിയിട്ടുള്ള ധാന്യങ്ങള്‍, പഴങ്ങള്‍, പാല്‍ എന്നിവ ഉള്‍പ്പെടുത്തിയാല്‍ ശരീരത്തിന്റെ ആരോഗ്യം വര്‍ദ്ധിക്കുന്നതോടൊപ്പം ശരീരഭാരവും വര്‍ദ്ധിക്കാതെയിരിക്കുകയും ചെയ്യും.
- പ്രഭാതഭക്ഷണം ഒഴിവാക്കുന്നത് ടെന്‍ഷന്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു.