പ്രാര്‍ത്ഥനകളെ അനാഥമാക്കിയും പ്രിയപ്പെട്ടവരെ കണ്ണീരിലാഴ്ത്തിയും അഭീല്‍ ജോണ്‍സണ്‍ വിടവാങ്ങിയപ്പോള്‍ കായിക മത്സരങ്ങള്‍ക്കിടയിലെ സുരക്ഷയെക്കുറിച്ചുള്ള ചിന്തകള്‍ വീണ്ടും തലപൊക്കുന്നു.
സംസ്ഥാന സ്‌കൂള്‍ അത്‌ലറ്റിക് മീറ്റിനിടെ ഹാമര്‍ തലയില്‍ വീണു പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ത്ഥിയാണ് അഭീല്‍. ഒക്ടോബര്‍ നാലിന് സംഭവിച്ച ആ ദുരന്തത്തില്‍ നിന്ന് ഇന്നലെയാണ് അവന്‍ വേദനകളും കായികമത്സരങ്ങളുമില്ലാത്ത ലോകത്തിലേക്ക് യാത്രയായത്. ഹാമര്‍ ത്രോ മത്സരം നടക്കുന്നതിന് സമീപത്തുതന്നെ ജാവലിന്‍ത്രോ മത്സരവും നടന്നിരുന്നു. ജാവലിന്‍ മത്സരം കണ്ടുനിന്ന അഭീലിന്റെ തലയില്‍ ഹാമര്‍ വന്നിടിക്കുകയും തലയോട്ടി പൊട്ടിച്ചിതറുകയുമായിരുന്നു. അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും അവനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ കഴിഞ്ഞിരുന്നില്ല. കളിക്കളങ്ങളില്‍ നിര്‍ബന്ധമായും പാലിക്കേണ്ട സുരക്ഷയുടെ അഭാവമാണ് അഭീലിന്റെ ദുരന്തത്തിന് കാരണമായതെന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഗൗരവത്തോടെ കാണുകയും സാധിക്കാവുന്നതുപോലെ ഒഴിവാക്കാന്‍ കഴിയുമായിരുന്ന അപകടങ്ങളെ ഒഴിവാക്കാന്‍ വേണ്ടത്ര മുന്‍കരുതലുകള്‍ സ്വീകരിക്കാന്‍ കഴിയാതെ പോയതുമാണ് ദുരന്തം ക്ഷണിച്ചുവരുത്തിയത്.
ഗെയിം മാനുവല്‍ അനുസരിച്ച് ഹാമര്‍ ത്രോ,ജാവലിന്‍ ത്രോ മത്സരങ്ങള്‍ ഒരേ ഫീല്‍ഡിലോ അടുത്തടുത്തോ നടത്താന്‍പാടില്ലാത്തതാണ്. പക്ഷേ ആധുനിക സൗകര്യങ്ങളുള്ള പാലായിലെ സ്റ്റേഡിയത്തിലാണ് ഈ അപകടം നടന്നത്. ഇതിലൂടെ വ്യക്തമാകുന്നത് കുറ്റകരമായ അനാസ്ഥയാണ് ദുരന്തകാരണമായതെന്നാണ്. കാര്യങ്ങളെ മുന്‍കൂട്ടി കാണുവാന്‍ അധികാരികള്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടുതന്നെ ഈ മരണത്തില്‍ നിന്ന് ധാര്‍മ്മികമായി കൈകഴുകാന്‍ ഇതിന്റെ ചുമതലക്കാര്‍ക്ക് കഴിയുകയില്ല. സംഘാടകര്‍ക്കെതിരെ മനപ്പൂര്‍വ്വമല്ലാത്ത നരഹത്യക്കെതിരെ കേസെടുത്തിരിക്കുന്നത് ഇങ്ങനെയൊരു സാഹചര്യത്തിലാണ്.
കളിമത്സരങ്ങള്‍ക്കിടയില്‍ സംഭവി്ക്കുന്ന ആദ്യത്തെ സുരക്ഷാപ്പിഴവോ അപകടമരണമോ അല്ല അഭീലിന്റേതെന്നാണ് കായികചരിത്രം പറയുന്നത്. 2008 ലും 2012 ലും സമാനമായ രീതിയില്‍ അപകടം നടന്നിട്ടുണ്ട്. ഇതില്‍ 2008 ലെ അപകടത്തില്‍പെട്ട കുട്ടി മരണമടയുകയും ചെയ്തിരുന്നു. ഈ മുന്‍പാഠങ്ങള്‍ മറന്നുപോകുകയോ അവയോട് അനാസ്ഥ പുലര്‍ത്തുകയോ ആണ് പാലാ ചെയ്തത്.
കേരള ബ്ലാസ്റ്റേഴ്‌സിന്റെ സ്‌കോര്‍ലൈന്‍ സ്‌പോര്‍ട്‌സ് അക്കാദമിയില്‍ ഫുട്്‌ബോള്‍ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടിരുന്ന വ്യക്തികൂടിയായിരുന്നു അഭീല്‍. ഫുട്‌ബോള്‍ മേഖലയില്‍ ഉയര്‍ന്നുവരണമെന്ന അഭീലിന്റെ സ്വപ്‌നമാണ് ഇവിടെ ചിതറിക്കപ്പെട്ടുപോയത്.അനുശോചനങ്ങളും കുറ്റപ്പെടുത്തലുകളും ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ നിലയ്ക്കും. പക്ഷേ അഭീലിന്റെ വീട്ടുകാര്‍ക്ക് സംഭവിച്ച നഷ്ടങ്ങള്‍ക്ക് പകരം വയ്ക്കാനാവില്ല. ആ കണ്ണീരിന്റെ ഉറവ നിലയ്ക്കുകയുമില്ല. മക്കളെ സ്വപ്നങ്ങളോടെ വളര്‍ത്തുകയും അവരുടെ സ്വപ്നങ്ങള്‍ക്കൊപ്പം ചിറകുവിരിച്ചുപറക്കുകയും ചെയ്യുന്നവരാണ് ഓരോ മാതാപിതാക്കളും. അവരുടെ കണ്ണീരുകള്‍ ഇനി തോരുകയില്ല.
ഇനിയൊരിക്കലും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കട്ടെ. ഇനിയൊരു അഭീല്‍ ഉണ്ടാവാതിരിക്കട്ടെ.
കായികവീഥിയില്‍ ചിതറിത്തെറിക്കപ്പെട്ട അഭീല്‍, നിനക്ക് കണ്ണീരില്‍ കുതിര്‍ന്ന ഒരു അന്ത്യചുംബനം …