ശരീരത്തിനും മനസ്സിനും ഏറ്റവും അത്യന്താപേക്ഷിതമായ വിശ്രമമാണ് ഉറക്കം. ദിവസം മുഴുവന്‍ ചിലവഴിച്ച ശക്തിയെ നമ്മുടെ ശരീരത്തിനു വീണ്ടെടുക്കാന്‍ ഉറക്കം സഹായിക്കുന്നു. ശരീരത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും ഉറക്കത്തിലൂടെ ശരീരം സ്വയം പരിഹരിക്കുന്നു. ഉറക്കത്തിന്റെ ഗുണദോഷങ്ങള്‍ ഒന്ന് നോക്കാം:-
- ഒരാള്‍ ഏഴോ, എട്ടോ മണിക്കൂര്‍ നേരമെങ്കിലും ശാന്തമായി ഉറങ്ങണം. അതാണ് ശരീരത്തിനു നല്ലത്. അവധിദിവസങ്ങളില്‍ ചിലര്‍ അധികസമയം ഉറങ്ങാറുണ്ട്. അത് നല്ലതല്ല.
- ഏതെങ്കിലും കാരണത്താല്‍ മാനസികമായ പിരിമുറുക്കവും, വ്യഥയും ഉണ്ടാവുമ്പോഴാണ് ഉറക്കം നഷ്ടപ്പെടുന്നത്. തലച്ചോറിലുള്ള “മെലട്ടോനില്” എന്ന ഗ്രന്ഥിയാണ് നമ്മെ ഉറക്കുന്നത്. ഈ ഗ്രന്ഥിയില്‍നിന്നും പുറത്ത് വരുന്ന ദ്രാവകം രക്തത്തില്‍ കലര്‍ന്ന് ശരീരത്തിന്റെ ഉഷ്ണത്തേയും, ബോധത്തെയും കുറയ്ക്കുന്നത് കാരണമാണ് ഉറക്കം വരുന്നത്.
- രാവിലെ എഴുന്നേല്ക്കുമ്പോള് ശരീരവേദന, കണ്ണെരിച്ചില്‍ എന്നിങ്ങനെ അസ്വസ്ഥതകളോന്നും കൂടാതെ ഉന്മേഷത്തോടെ അന്നത്തെ ദിവസം മുഴുവന്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞാല്‍ അതാണ് ഗാഢനിദ്ര.
- പകല്‍സമയത്ത് ഉറങ്ങുന്നതില്‍ ദോഷമില്ല. ശരീരവും, മനസ്സും പകല്‍ സമയത്ത് അല്പനേരത്തെ വിശ്രമം ആവശ്യപ്പെടും. ആ സമയത്ത് ജോലികളെല്ലാം നിര്‍ത്തിവെച്ചു അര മണിക്കൂര്‍ ഉറങ്ങാം. തലച്ചോറിന്റെ ഉന്മേഷം വര്‍ദ്ധിക്കും. രക്തസമ്മര്‍ദ്ദം ഉയരില്ല. ഹൃദയത്തിനും നല്ലതാണ്. എന്നാല്‍ അര മണിക്കൂറില്‍ കൂടുതല്‍ പകലുറക്കം പാടില്ല താനും.
- ഇടത്തേയ്ക്ക് ചരിഞ്ഞു കിടക്കുന്നത് നല്ലതാണ്. മലര്‍ന്നുകിടന്നാല്‍ നെഞ്ചെരിച്ചില്‍ ഉണ്ടാവാം. ഒരിക്കലും കമിഴ്ന്നു കിടക്കരുത്.
- ഭക്ഷണം കഴിച്ചയുടനെ ഉറങ്ങാന്‍ കിടക്കരുത്. ഭക്ഷണശേഷം വീട്ടുമുറ്റത്തോ, ടെറസ്സിനു മുകളിലോ അല്പനേരം ഉലാത്തുക.
- രാത്രികാലത്ത് കൊഴുപ്പും, പ്രോട്ടീനുമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കുക. അവ പെട്ടെന്ന് ദഹിക്കുകയില്ല. ചൂടാറിയ പാല് കിടക്കുന്നതിനു മുമ്പായി കുടിക്കുന്നത് നല്ലതാണ്.
- പഞ്ഞിമെത്ത, പഞ്ഞി തലയിണ, കോട്ടന്‍ പുതപ്പ് എന്നിവ ഉപയോഗിച്ചാല്‍ സുഖമുള്ള ഉറക്കം കിട്ടും.
- വൈകീട്ട് ആറുമണിയ്ക്ക് ശേഷം കാപ്പി, ചായ, മദ്യം, പുകയില എന്നിവ ഒഴിവാക്കുക. ഇവ ഞരമ്പുകളെ ഉത്തേജിപ്പിക്കുന്നതുമൂലം ഉറക്കം വരാന്‍ താമസമുണ്ടാകും. ചായ കുടിക്കണം എന്നുണ്ടെങ്കില്‍ ഹെര്‍ബല്‍ ടീ കുടിക്കുക.
- ഉറങ്ങുന്നതിനു മുമ്പ് ഒരു ചൂടുകുളി നടത്തിയാല്‍ നല്ല ഉറക്കം കിട്ടും.
- നടത്തം, ഓട്ടം, സൈക്കിളിംഗ് എന്നിവയിലേതെങ്കിലും രാവിലെ അര മണിക്കൂര്‍ ചെയ്താല്‍, രാത്രി ശരീരത്തിന് ക്ഷീണം അനുഭവപ്പെട്ട് നല്ല ഉറക്കം കിട്ടും.
- യോഗ, ധ്യാനം എന്നിവ മനസ്സിനെ വിശ്രമാവസ്ഥയില്‍ കൊണ്ടുവന്നു ഉറക്കമുണ്ടാക്കും.
കിടക്കയില്‍ കിടന്നു കഴിഞ്ഞ കാര്യങ്ങളെക്കുറിച്ചും, നാളത്തെ കാര്യങ്ങളെക്കുറിച്ചും ചിന്തിച്ചുകൊണ്ട് മനസ്സിന്റെ സ്വസ്ഥത നഷ്ടപ്പെടുത്താതിരിക്കുക. ഉറക്കം താനേ വന്നുകൊള്ളും.