കുട്ടികളിലെ ദുശ്ശീലങ്ങള്‍ മാറ്റിയെടുക്കാം

Date:

spot_img

കുട്ടികളുടെ ദുശ്ശീലങ്ങളെ വളരെ ചെറുപ്പത്തില്‍തന്നെ മാറ്റിയെടുക്കേണ്ടതാണ്. അല്ലെങ്കില്‍ വളര്‍ന്നു വരുംതോറും അവര്‍ കൂടുതല്‍ ദുശ്ശീലങ്ങള്‍ക്ക് അടിമകളാകും. ദുശ്ശീലങ്ങളുള്ള കുട്ടികളെ നേര്‍വഴിക്ക് കൊണ്ടുവരേണ്ടത് മാതാപിതാക്കളുടെ കടമയും, കര്‍ത്തവ്യവുമാണല്ലോ. ചില കാര്യങ്ങള്‍ നമുക്ക് ശ്രദ്ധിക്കാം:-

കുട്ടികള്‍ അസഭ്യവാക്കുകള്‍ പറയുമ്പോള്‍ :- തങ്ങളുടെ മക്കള്‍ അത്തരം വാക്കുകള്‍ എങ്ങനെ പഠിച്ചു എന്നോര്‍ത്ത് അത്ഭുതപ്പെടുന്നവരാണ്, മാതാപിതാക്കള്‍. യഥാര്‍ത്ഥത്തില്‍ ചുറ്റും നടക്കുന്ന കാര്യങ്ങള്‍ അതേപടി പകര്‍ത്താനുള്ള ശ്രമമാണ് കുട്ടികള്‍ നടത്തുന്നത്. മറ്റുള്ളവരുടെ ശ്രദ്ധ പിടിച്ചു പറ്റാന്‍ അവര്‍ കണ്ടെത്തുന്ന മോശം വഴിയാണിത്. മാതാപിതാക്കളുടെ ഭാഗത്തുനിന്നാണ് കൂടുതല്‍ ശ്രദ്ധ വേണ്ടത്. വീട്ടിലുള്ളവര്‍ അറിയാതെപോലും ഇത്തരം മോശം വാക്കുകള്‍ ഉപയോഗിക്കരുത്. പ്രത്യേകിച്ചും, കുട്ടികളുടെ മുമ്പില്‍വെച്ച്. സിനിമകളില്‍നിന്നോ മറ്റോ മറ്റുള്ളവരില്‍നിന്നോ പറഞ്ഞുകേട്ട മോശം വാക്കുകള്‍ ഉപയോഗിക്കുന്ന കൊച്ചുകുട്ടികളെ വളരെ ശ്രദ്ധയോടെ വേണം കൈകാര്യം ചെയ്യാന്‍. ആദ്യമായി ഇത്തരം വാക്കുകള്‍ നല്ല സംസ്ക്കാരത്തിന്റെ ഭാഗമല്ലെന്നും, തെറ്റായ അര്‍ത്ഥമാണ് അവയ്ക്കുള്ളതെന്നും കുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കുന്നത് നല്ലതാണ്. അതുപോലെ ഇത്തരം അസഭ്യവാക്കുകള്‍ വീട്ടിലും പ്രയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുകയും വേണം. കുട്ടികളുടെ മുന്നില്‍വെച്ച് കലഹിക്കുന്നതും, ചീത്ത വാക്കുകള്‍ വിളിച്ചുപറയുന്നതും പാടെ ഉപേക്ഷിക്കാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. 

ഭക്ഷണം കഴിക്കുമ്പോള്‍:- കുട്ടികള്‍ ഭക്ഷണം കഴിക്കുന്ന സമയത്ത് മാതാപിതാക്കളുടെ ശ്രദ്ധ അത്യാവശ്യമാണ്. കളയാതെ ഭക്ഷണം കഴിക്കാന്‍ പഠിപ്പിക്കണം. ബാക്കിയുള്ളത് വേസ്റ്റ് പാത്രത്തില്‍ നിക്ഷേപിക്കാന്‍ പറയണം. ആഹാരം കഴിച്ച് പാത്രങ്ങള്‍ സ്വയം കഴുകി വെയ്ക്കാന്‍ പഠിപ്പിക്കാം. തീന്‍മേശയിലെ മര്യാദകള്‍ പറഞ്ഞു മനസ്സിലാക്കുകയും വേണം. ആര്‍ത്തിയും, അക്ഷമയും വേണ്ടെന്ന് പറഞ്ഞുകൊടുക്കണം. വെള്ളം കുടിക്കുമ്പോഴും, ആഹാരം ചവയ്ക്കുമ്പോഴും ശബ്ദമുണ്ടാക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ആഹാരം കഴിക്കുമ്പോള്‍ സംസാരിക്കുന്ന ശീലവും വേണ്ട. ആഹാരം കഴിക്കുമ്പോള്‍ കാലുകള്‍ ആട്ടുന്നതും, മൂളിപ്പാട്ട് പാടുന്നതും നല്ല ശീലമല്ലെന്ന് ഓര്‍മ്മിപ്പിക്കുക.

ഉറങ്ങുന്ന സമയത്ത്:- ചില കുട്ടികളില്‍ ഉറക്കത്തില്‍ മൂത്രമൊഴിക്കുന്ന സ്വഭാവം കാണാറുണ്ട്. ഈ ശീലം ചെറുപ്പത്തില്‍തന്നെ മാറ്റണം. കിടക്കയിലേയ്ക്ക് പോകുംമുമ്പ് മൂത്രമൊഴിക്കാന്‍ ശീലിപ്പിക്കുക. കിടക്കയില്‍ മൂത്രമൊഴിക്കുന്നത് നല്ല ശീലമല്ലെന്ന് പറഞ്ഞു മനസ്സിലാക്കുക. 

കൈവിരല്‍ നുണയുന്നത്:- ഇതും ഒരു ദുശ്ശീലമാണ്. ചെറുപ്പത്തില്‍തന്നെ കൈവിരലുകള്‍ നുണയുന്ന ശീലം മാറ്റിയെടുക്കാന്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കണം. കൈവിരല്‍ നുണയുന്ന കുട്ടികള്‍ക്ക് കയ്പ്പുള്ള ദോഷകരമല്ലാത്ത എന്തെങ്കിലും കയ്യില്‍ തേച്ച് ഇതിനൊരു പരിഹാരം കണ്ടെത്തണം. കയ്പ് ഭയന്ന് വിരലുകള്‍ നുണയുന്ന ശീലം കുട്ടികള്‍ താനേ ഉപേക്ഷിച്ചുകൊള്ളും.

പെരുമാറ്റരീതികള്‍:- പൊതുവേ കുട്ടികളുടെ പെരുമാറ്റരീതികളില്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. മുതിര്‍ന്നവരെ ബഹുമാനിക്കാന്‍ ആദ്യം പഠിപ്പിക്കണം. മുതിര്‍ന്നവര്‍ വീട്ടില്‍ വരുമ്പോള്‍ ഇരിക്കുകയാണെങ്കില്‍ എഴുന്നേറ്റു നില്‍ക്കണമെന്ന് കുട്ടികളോട് പറയാം. മുറികള്‍ അലങ്കോലപ്പെടുത്തുന്ന സ്വഭാവം കുട്ടികളില്‍ കാണാറുണ്ട്. സാധനങ്ങള്‍ അവിടെയും, ഇവിടെയും ചിതറിയിടുന്ന ഈ ദുശ്ശീലം മാറ്റിയെടുക്കേണ്ടത് അനിവാര്യമാണ്. ഇത്തരം ദുശ്ശീലങ്ങളെ ശാസനകൊണ്ട് നിര്‍ത്താവുന്നതാണ്. സ്നേഹപൂര്‍വ്വം കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുകയുമാവാം. വിനയവും എളിമയും നന്നെന്ന് ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കുകയുമാവാം.

സംസാരശീലം:- കുട്ടികളുടെ സംസാരം വളരെ ശ്രദ്ധിക്കേണ്ടതുണ്ട്. മുതിര്‍ന്ന വ്യക്തികളോടും, കൂട്ടുകാരോടും ഒരുപോലെ സംസാരിക്കുന്ന കുട്ടികളെ നമ്മുടെയിടയില്‍ കാണാം. ഇത്തരം സംസാരശൈലി തികച്ചും തെറ്റാണ്. കുട്ടികളുടെ പെരുമാറ്റവും, സംസാരവും മറ്റുള്ളവരെ പരിഹസിക്കുന്ന വിധത്തിലോ, ദു:ഖിപ്പിക്കുന്ന രീതിയിലോ ആയിരിക്കരുത്. കുട്ടികളുടെ സംസാരരീതിയെയും, പെരുമാറ്റത്തെയും ആശ്രയിച്ചാണ് മറ്റുള്ളവര്‍ കുട്ടികളെ വിലയിരുത്തുന്നത്. വളര്‍ത്തുദോഷം എന്നുപറയാന്‍ ഒരിക്കലും ഇടം കൊടുക്കരുത്.

കുട്ടികളുടെ ശീലങ്ങള്‍ക്കും, ദുശ്ശീലങ്ങള്‍ക്കും മാതാപിതാക്കള്‍ തന്നെയാണ് ഉത്തരവാദികള്‍. നല്ല ശീലങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലൂടെ കുട്ടികള്‍ ഭാവിയുടെ വാഗ്ദാനങ്ങളായി നല്ല പൌരന്മാര്‍ ആയി വളര്‍ന്നുവരും എന്നതുറപ്പ്!

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!