വാഹനങ്ങള്‍ ഓടിക്കുന്നതിനു നിര്‍ബന്ധമായും ഉണ്ടാകേണ്ട രേഖയാണല്ലോ ഡ്രൈവിംഗ് ലൈസന്‍സ്. ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കുന്നത് നിയമവിരുദ്ധമാണ്.
മോട്ടോര്‍ വാഹനവകുപ്പ് നടത്തുന്ന രണ്ടു ഘട്ടങ്ങളായുള്ള പരീക്ഷകളുടെ അടിസ്ഥാനത്തിലാണ് ഡ്രൈവിംഗ് ലൈസന്‍സ് നല്‍കുന്നത്. ഡ്രൈവിംഗ് പഠിക്കാനായി ലേണേഴ്സ് ലൈസന്‍സും, രണ്ടാം ഘട്ടത്തില്‍ പ്രായോഗികപരീക്ഷയുടെ അടിസ്ഥാനത്തില്‍ ഡ്രൈവിംഗ് ലൈസന്‍സും നല്‍കുന്നു.
ലേണേഴ്സ് ലൈസന്‍സിന് ഫോം – 2 ല്‍ ലേണേഴ്സ് ലൈസന്‍സിനുള്ള പൂരിപ്പിച്ച അപേക്ഷ, ഫോം – 3 ന്‍റെ പൂരിപ്പിച്ച ഒരു കോപ്പി, ഫോം – 1 എ യിലുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, മേല്‍വിലാസവും വയസ്സും തെളിയിക്കുന്നതിന് സാക്ഷ്യപ്പെടുത്തിയ രേഖ (സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, വോട്ടര്‍ പട്ടിക ഇതിലൊന്ന്), അഞ്ചു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, കണ്ണ് ടെസ്റ്റ് ചെയ്ത മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, നിശ്ചിത ഫീസ് അടച്ച രശീത് തുടങ്ങിയ രേഖകള്‍ ഹാജരാക്കണം.
ലേണേഴ്സിന് ചോദിക്കുന്ന 20 ചോദ്യങ്ങളില്‍ 12 എണ്ണം ശരിയാക്കിയാല്‍ മതി. ലേണേഴ്സ് ലൈസന്‍സ് കിട്ടി മുപ്പത് ദിവസങ്ങള്‍ക്കു ശേഷം ഡ്രൈവിംഗ് ലൈസന്‍സ് ടെസ്റ്റിനുള്ള ഡേറ്റ് കിട്ടും. ടെസ്റ്റില്‍ വിജയിച്ചാല്‍ സ്വകാര്യവാഹനങ്ങള്‍ ഓടിക്കാന്‍ 20 വര്‍ഷമോ, അമ്പതു വയസ്സോ ഏതാണ് ആദ്യം, അത്ര നാളത്തേയ്ക്കാണ് ലൈസന്‍സ് കിട്ടുന്നത്.
ലൈസന്‍സ് നഷ്ടപ്പെട്ടാല്‍ – ലൈസന്‍സ് കളഞ്ഞുപോയി എന്ന് പോലീസ് സ്റ്റേഷനില്‍ പരാതി കൊടുത്ത ശേഷം ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റ്, 50 രൂപ പത്രത്തില്‍ നോട്ടറി പബ്ലിക്കിന്റെ പക്കല്‍നിന്നും കിട്ടിയ അഫിഡവിറ്റ് എന്നിവ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാന്‍ വേണം. ഫീസ് 300 രൂപയാണ്. ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ് എടുക്കാന്‍ ലൈസന്‍സിന്‍റെ നമ്പര്‍ അറിയേണ്ടത് ആവശ്യമാണ്. അതിനാല്‍ ലൈസന്‍സിന്‍റെ നമ്പര്‍ എഴുതി സൂക്ഷിക്കുകയോ, ലൈസന്‍സിന്‍റെ ഫോട്ടോസ്റ്റാറ്റ് എടുക്കുകയോ ചെയ്യാം.
ലൈസന്‍സ് പുതുക്കാന്‍ – കാലാവധി കഴിഞ്ഞു 30 ദിവസത്തിനകം ലൈസന്‍സ് പുതുക്കണം. കാലാവധി കഴിഞ്ഞ് അഞ്ചു വര്‍ഷമായാല്‍ ലൈസന്‍സ് പുതുക്കി നല്‍കില്ല. വീണ്ടും പുതിയ ലൈസന്‍സ് എടുക്കേണ്ടി വരും. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സ്, ഫോം 9 ല്‍ പുതുക്കാനുള്ള അപേക്ഷ, സാക്ഷ്യപ്പെടുത്തിയ ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോ, നാല് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് (സ്വകാര്യവാഹനങ്ങള്‍ക്ക് ആവശ്യമില്ല), നിശ്ചിത ഫീസ് അടച്ച രസീത് എന്നിവ ലൈസന്‍സ് പുതുക്കാന്‍ ഹാജരാക്കണം.