അഭിമന്യൂമാരെ വീണ്ടും സൃഷ്ടിക്കുന്ന ബില്ലുകള്‍

Date:

spot_img

ഭരിക്കുന്നത് ഏത് രാഷ്ട്രീയപാര്‍ട്ടിയുമായിരുന്നുകൊള്ളട്ടെ എല്ലാവര്‍ക്കും അണികള്‍ വേണം. കൊടി പിടിക്കാനും കൊല്ലാനും ചുവരെഴുത്തുകള്‍ നടത്താനും. കൊടിയുടെ നിറമോ പാര്‍ട്ടിയുടെ പേരോ ്അവിടെ പ്രസക്തമല്ല. നമ്മുടെ കലാലയങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു നിലവിലെ രാഷ്ട്രീയപ്രവര്‍ത്തനവും പരിശീലനവുമെല്ലാം നടന്നുകൊണ്ടിരുന്നത്. എന്നാല്‍ കലാലയം പഠിക്കാനുള്ളതാണെന്നും അവിടെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍പാടില്ലെന്നും പ്രഖ്യാപിച്ചു കലാലയങ്ങളിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങള്‍ വിലക്കിക്കൊണ്ട് ഹൈക്കോടതി 2017 ല്‍ ഉത്തരവിറക്കിയിരുന്നു. ചെറിയ രീതിയിലെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനങ്ങളുടെ അതിരുകടന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കടിഞ്ഞാണിടാന്‍ പ്രസ്തുത ഉത്തരവിന് കഴിയുകയും ചെയ്തിരുന്നു.

പക്ഷേ ഇപ്പോള്‍ നാം കണ്ടുകൊണ്ടിരിക്കുന്നത് രാഷ്ട്രീയം കലാലയങ്ങളില്‍ നിയമവിധേയമാക്കാനുള്ള നിയമനിര്‍മ്മാണം നടപ്പില്‍ വരുത്താനുള്ള ചില നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നതായിട്ടാണ്.  ഒക്ടോബര്‍ 28 ന് നിയമസഭാസമ്മേളനത്തില്‍ ഇത് സംബന്ധിച്ച് ബില്‍ അവതരിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
 ഓരോ കോളജ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കളുടെയും നെഞ്ചിലെ തീയെരിക്കുന്നതാണ് ഇത്തരമൊരു ആലോചനയും നിയമനിര്‍മ്മാണവും. എല്ലാ മാതാപിതാക്കളും വലിയ പ്രതീക്ഷയോടെയാണ് മക്കളെ കോളജുകളിലേക്ക് അയ്ക്കുന്നത്. മക്കള്‍ പഠിക്കണമെന്നും നാളെ കഴിവിനും പ്രയത്‌നത്തിനും  അനുസരിച്ച് വലിയൊരു നിലയില്‍ അവര്‍ എത്തണമെന്നും ഓരോ മാതാപിതാക്കളും ആഗ്രഹിക്കുന്നുണ്ട്,  സ്വപ്‌നം കാണുന്നുമുണ്ട്.

പക്ഷേ അവരുടെ സ്വപ്‌നങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്നത് മിക്കപ്പോഴും കലാലയങ്ങളിലെ രാഷ്ട്രീയമാണ്. പ്രീഡി്ഗ്രി വിദ്യാഭ്യാസം സ്‌കൂളുകളിലേക്ക്  മാറ്റിയതോടെ എട്ടും പൊട്ടും തിരിയാത്ത പ്രായത്തിലെ, രാഷ്ട്രീയത്തിലേക്കുള്ള എടുത്തുചാട്ടത്തിന് ഒരുപരിധിവരെനിയന്ത്രണം വയ്ക്കാനും സാധിച്ചിരുന്നു.കുറെക്കൂടി പക്വതയും ചിന്താശേഷിയും പ്രകടമാക്കിയതിന് ശേഷമാണല്ലോ പലരും ഉപരിപഠനത്തിനായി ചേരുന്നത്.എന്നാല്‍ കലാലയങ്ങളിലെ രാഷ്ട്രീയം നിയമവിധേയമാക്കുകയും അത്തരത്തിലുള്ള ബില്‍ പാസാക്കുകയും ചെയ്യുമ്പോള്‍ രാഷ്ട്രീയപ്രവര്‍ത്തനം ഒരു ആവശ്യവും കടമയുമായിമാറും. ഏതെങ്കിലും ചില ആശയസംഹിതകളുടെ സ്വാധീനത്തില്‍ പെട്ട് ഒഴുക്കില്‍പെട്ട ഒരിലപോലെ നമ്മുടെ യുവജനങ്ങളുടെ ഭാവി മാറും. കലാലയങ്ങളില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത് രാഷ്ട്രീയത്തിന്റെ പേരിലുള്ള പകപോക്കലുകളും അക്രമങ്ങളുമാണ് എന്ന് സമീപകാലത്തെ പല കലാലയവിശേഷങ്ങളും നമ്മോട് പറഞ്ഞുതരുന്നുണ്ട്. പഠിക്കാന്‍ ആഗ്രഹിച്ച് വന്നിട്ട്  അതിനുള്ള സാധ്യതകള്‍ ഇല്ലാത്തതിന്റെപേരില്‍ ആത്മഹത്യാശ്രമങ്ങള്‍ വരെ വിദ്യാര്‍ത്ഥികള്‍ നടത്തിയിട്ടുണ്ട്. ഇങ്ങനെയൊരു സാഹചര്യത്തില്‍ നിയമസഭ നടപ്പാക്കാന്‍ പോകുന്ന ബില്ലിനെ ആശങ്കയോടെവേണം നാം നോക്കിക്കാണേണ്ടത്.

നമുക്ക് രാഷ്ട്രീയമല്ലരാഷ്ട്രബോധമാണ് ഉണ്ടാവേണ്ടത്. രാഷ്ട്രബോധമുള്ള യുവതയാണ് ഉണ്ടാവേണ്ടത്. പക്ഷേ വൈരുധ്യമെന്ന് പറയട്ടെ ഇന്ന് ഭൂരിപക്ഷം ചെറുപ്പക്കാര്‍ക്കും രാഷ്ട്രബോധമില്ല രാഷ്ട്രീയമേ ഉളളൂ.  ഏതെങ്കിലുമൊക്കെ ആശയസംഹിതകളില്‍ വിശ്വസിക്കുകയും ബ്രെയ്ന്‍ വാഷ് ചെയ്യപ്പെടുകയും ചെയ്യുന്നവര്‍. സ്വന്തം ബുദ്ധികൊണ്ട് ചിന്തിക്കേണ്ടതിന് പകരം അവര്‍ മറ്റുള്ളവരുടെ ബുദ്ധികൊണ്ട് ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. നഷ്ടപ്പെടുന്നത് തങ്ങള്‍ക്ക് മാത്രമാണെന്ന കേവലചിന്തപോലും അവര്‍ക്ക് ഇല്ലാതാകുന്നു. നാന്‍ പെറ്റ മകനേ എന്ന് വാവിട്ടുനിലവിളിക്കുന്ന ഒരമ്മയുടെ ചിത്രം ഇന്നും നമ്മുടെ മനസ്സുകളില്‍ നിന്ന് മാഞ്ഞുപോയിട്ടുണ്ടാവില്ല. ചേതനയറ്റു കിടക്കുന്ന കലാലയരാഷ്ട്രീയത്തിന്റെ ഇരയായിമാറിയ മകനെ കെട്ടിപിടിച്ചാണ് ആ അമ്മ കരഞ്ഞത്. അഭിമന്യുവിന്റെ അമ്മയാണത്. ആ നിലവിളി ഇനിയും നമ്മെ പൊള്ളിക്കുകയോ കണക്കിലെടുക്കുകയോ ചെയ്തിട്ടില്ലെന്നാണ്  ഇത്തരത്തിലുള്ള നീക്കങ്ങള്‍ കാണുമ്പോ ള്‍ നാം ശങ്കിക്കേണ്ടത്. ഇനിയൊരു അഭിമന്യൂ ഒരു കലാലയത്തിലും ഉണ്ടാകാതിരിക്കട്ടെ. ഇനി ഒരമ്മയും കലാലയരാഷ്ട്രീയത്തിന്റെ പേരില്‍ അറുത്തെടുക്കപ്പെട്ട തങ്ങളുടെ പൊന്നോമനയെ പ്രതി വിലപിക്കാന്‍ ഇടവരാതിരിക്കട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!