നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരോ?

Date:

spot_img

ഓരോ മാതാപിതാക്കളുടെയും കണ്‍മണികളാണ് അവരുടെ പൊന്നോമനകള്‍. തലയില്‍ വച്ചാല്‍ പേനരിക്കും താഴെ വച്ചാല്‍ ഉറുമ്പരിക്കും  എന്ന മട്ടിലാണ് അവര്‍ തങ്ങളുടെ മക്കളെ വളര്‍ത്തിക്കൊണ്ടുവരുന്നതും. സുരക്ഷിതമായിട്ടാണ് മക്കള്‍ ജീവിക്കുന്നതെന്ന് വിശ്വസിക്കുമ്പോഴും ഒളിപ്പിച്ചുവച്ച ക്യാമറക്കണ്ണുകള്‍ നമ്മുടെ മക്കളെ എവിടെയെല്ലാമോ പിന്തുടരുന്നുണ്ടെന്നതും അവരുടെ സ്വകാര്യനിമിഷങ്ങളെ പകര്‍ത്തുകയും അത് ആസക്തികളുടെ സൈറ്റുകളില്‍ പങ്കുവയ്ക്കപ്പെടുകയും ചെയ്യുന്നുണ്ടെന്ന വിവരം നമ്മെ ഞെട്ടിക്കുന്നതാണ്.

അതെ, ചൈല്‍ഡ് പോണോഗ്രഫി വ്യാപകമായികൊണ്ടിരിക്കുന്നു. ആഗോള പീഡോഫീലിയ റാക്കറ്റിന്റെ മുന്‍നിരയിലുളള രാജ്യമാണ് ഇന്ത്യയെന്നുംം അതില്‍ കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്നവരില്‍ മലയാളികള്‍ മുമ്പന്തിയിലുണ്ടെന്നും മാധ്യമങ്ങള്‍ അടുത്തയിടെ റി്‌പ്പോര്‍ട്ട് ചെയ്തിരുന്നു. 2017ലെ കണക്കുപ്രകാരം ആഗോളവ്യാപകമായി ബാല ലൈംഗികതയുടെ കാര്യത്തില്‍ കൈമാറ്റവും ഉപഭോഗവും വഴി മുമ്പന്തിയിലേക്ക് ഇന്ത്യ എത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു വാര്‍ത്തയെങ്കില്‍ രണ്ടുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ ഇന്ത്യ  ആ പദവി നേടിയെടുത്തുകഴിഞ്ഞിരിക്കുന്നു. മുമ്പന്തിയുള്ള രാജ്യങ്ങള്‍ അഭിമാനമാണെങ്കില്‍ ഇക്കാര്യത്തില്‍ നാം അപമാനിതരായിരിക്കുകയാണ്.

 1.16 ലക്ഷം അന്വേഷണങ്ങളാണ് ചൈല്‍ഡ് പോണോഗ്രഫിയുമായി ബന്ധപ്പെട്ട് ഒരു ദിവസം ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും ഓരോ സെക്കന്റിലും  380 പേര്‍ ചൈല്‍ഡ് അശ്ലീല ചിത്രങ്ങള്‍ തിരയുന്നുണ്ടെന്നും 25 ശതമാനത്തിലേറെയും ഇത്തരമാണെന്നുമുള്ള അറിവുകള്‍ നമ്മെ വരിഞ്ഞുമുറുക്കിയിരിക്കുന്ന  ഈ നീരാളിപ്പിടുത്തത്തിന്റെ വ്യാപ്തി വിളിച്ചോതുന്നവയാണ്. പിഞ്ചുകുട്ടികളെ പോലും ലൈംഗികമായി പീഡിപ്പിക്കുകയും കൊലപെടുത്തുകയും ചെയ്യുന്നതുപോലെയുള്ള ക്രൂരതകള്‍ അരങ്ങേറുന്നതും ഇത്തരം ദൃശ്യങ്ങള്‍ വികലമനസുകളില്‍ ഏല്പിക്കുന്ന പ്രതികൂലമായ ആഘാതങ്ങളുടെ അനന്തരഫലമാണ്. അല്ലെങ്കിലും വാതസല്യഭാജനങ്ങളായ കൊച്ചുകുട്ടികളെ ലൈംഗികമായ കണ്ണുകളോടെ കാണാനും സമീപിക്കാനും കഴിയുന്നത്  അപഭ്രംശം സംഭവിച്ച മനസ്സുകള്‍ക്കാണല്ലോ?

ചൈല്‍ഡ് പോണോഗ്രഫികളില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പല ദൃശ്യങ്ങളും വ്യക്തികള്‍ അറിയാതെ ഒപ്പിയെടുത്തിരിക്കുന്നതാണ്. അല്ലെങ്കില്‍ മോര്‍ഫിംങിന് വിധേയമാക്കപ്പെട്ടതാണ്.  മൊബൈലില്‍ പകര്‍ത്തപ്പെടുന്നതാണ് ഇവയേറെയും.ഇതാണ് ചൈല്‍ഡ് പോണോഗ്രഫിയുടെ അപകടകരമായ മറ്റൊരു മുഖം. അറിവോ സമ്മതമോ ഇല്ലാതെ  വ്യാപകമായ നഗ്നചിത്രങ്ങളുടെ പേരില്‍ എത്രയോ കൗമാരക്കാര്‍ ഈ മണ്ണില്‍ആത്മഹത്യ ചെയ്തിട്ടുണ്ട്.

ഗ്രാമത്തിലെ കുട്ടികളോ നഗരത്തിലെ സ്‌കൂളുകളില്‍ പഠിക്കുന്നവരോ ആണ് കൂടുതലായും ചൈല്‍ഡ് പോണോഗ്രഫിയുടെ ഇരകളായി മാറുന്നത് എന്ന കാര്യവും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.ഇത്തരം സൈറ്റുകള്‍ ഇന്ത്യയില്‍ നിരോധിച്ചിട്ടുള്ളവയാണ്. എങ്കിലും സാങ്കേതികവിദ്യകളുടെ സാധ്യതകളെ ഉപയോഗിച്ചു നിയമം ലംഘിക്കുന്നവര്‍ ധാരാളം.

കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധശിക്ഷ വിധിക്കാന്‍ പോലുമുള്ള നിയമപരിഷ്‌ക്കരണം നടത്താന്‍ അധികാരികളെ പ്രേരിപ്പിച്ചിരിക്കുന്നതിന് പിന്നിലുള്ളതും ഈ കൊടുംതിന്മ വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതുതതന്നെ കുട്ടികളുള്‍പ്പെടുന്ന ലൈംഗികദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കും കഠിനശിക്ഷകള്‍ തന്നെയാണ്. അതുപോലെ അത്തരം ദൃശ്യങ്ങള്‍ മൊബൈലിലും മറ്റും സൂക്ഷിക്കുന്നതും കുറ്റകരമാണ്.

ചൈല്‍ഡ് പോണോഗ്രഫിയില്‍ പെണ്‍കുഞ്ഞുങ്ങള്‍ മാത്രമല്ല ഉള്‍പ്പെടുന്നത് എന്നും മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം. ആണ്‍പെണ്‍ വ്യത്യാസമില്ലാതെ അതിന്റെ ഇരകളാക്കപ്പെടുന്നുണ്ട്. മക്കള്‍ക്ക് അടി്സ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട വിദ്യാഭ്യാസവും മൂല്യങ്ങളും നല്കുന്നതില്‍ മാത്രം മാതാപിതാക്കളുടെ ഉത്തരവാദിത്തം അവസാനിക്കുന്നില്ല എന്നാണ് ഇത്തരം ഞെട്ടിക്കുന്ന വാര്‍ത്തകള്‍ നമ്മോട് പറയുന്നത്. മാതാപിതാക്കള്‍ മക്കളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ട സമയമാണിത്. അതുപോലെ തങ്ങളെ ഒപ്പിയെടുക്കാന്‍ കഴിയുന്ന ക്യാമറാക്കണ്ണുകളെക്കുറിച്ച് കൗമാരക്കാരെങ്കിലും ബോധവാന്മാരായിരിക്കുകയും വേണം.

More like this
Related

അപ്പ ആരാ അപ്പേ?

കഴിഞ്ഞ ദിവസം കട്ടിലിൽ കിടന്ന് ഒരു പുസ്തകം വായിച്ചുകൊണ്ടിരുന്നപ്പോൾ ആറുവയസുകാരനായ രണ്ടാമൻ...

കുട്ടികൾ മോഷ്ടിച്ചാൽ…?

മകന്റെ ബാഗ് തുറന്നുനോക്കിയ അമ്മ അതിനുള്ളിൽ കണ്ടത് മകന്റേതല്ലാത്ത ഒരു പെൻസിൽ....

കുട്ടികളുടെ ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം

കുട്ടികളെ നാം വേണ്ടത്ര ഗൗരവത്തിലെടുക്കാറില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് നാം അവരുടെ ആത്മാഭിമാനത്തെ...

കൈയടിക്കാം,കുട്ടികള്‍ക്കു വേണ്ടിയുള്ള നല്ല രണ്ട് തീരുമാനങ്ങള്‍ക്ക്

കുട്ടികളാണ് കുടുംബത്തിന്റെയും സമൂഹത്തിന്റെയും യഥാര്‍ത്ഥ സമ്പാദ്യം. നാളെയ്ക്കുള്ള ലോകത്തെ കെട്ടിയുയര്‍ത്തുന്നത് അവരാണല്ലോ....
error: Content is protected !!