ഗാന്ധിയെ മറന്ന് ഗോഡ്‌സെയെ വാഴ്ത്തുമ്പോള്‍

Date:

spot_img

ലോകത്തിന് സമാധാനം എത്രത്തോളം ആവശ്യമുണ്ട് എന്ന് കാണിച്ചുകൊടുക്കുക മാത്രമല്ലഅത് സ്വന്തം ജീവിതത്തില്‍ നടപ്പിലാക്കുകയും ചെയ്ത ഒരാളുടെ ജന്മദിനമാണ് ഇന്ന്. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജിയുടെ നൂറ്റിയമ്പതാം ജന്മദിനം.

നൂറ്റിയമ്പത് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇങ്ങനെയൊരാള്‍ നമ്മുടെ കാലത്തിലൂടെ കടന്നുപോയി എന്ന് തിരിച്ചറിയുമ്പോള്‍ ഇന്നിന്റെ പശ്ചാത്തലത്തില്‍ നമുക്കേറെ അത്ഭുതവും അതിശയവും തോന്നുന്നുണ്ട്. കാരണം അന്നുവരെ  അത്രമേല്‍ പരിചിതമോ നടപ്പിലാക്കാന്‍ ദുഷ്‌ക്കരമെന്നോ കരുതിയിരുന്ന ഒരു ആശയത്തെ അദ്ദേഹം എത്ര ഭംഗിയോടും വെടിപ്പോടും കൂടി നടപ്പിലാക്കിയെന്നതാണ് അതിന് കാരണം.

ഇന്നിന്റെ സംഘര്‍ഷഭൂമിയിലാണ് ഗാന്ധിജി ജീവിച്ചിരുന്നതെങ്കില്‍ ഒരുപക്ഷേ അത്തരം ദര്‍ശനങ്ങളൊന്നും നടപ്പിലാക്കാന്‍ കഴിയുമായിരുന്നോ എന്നുപോലും സംശയം തോന്നിപ്പോകും. കാരണം ഇന്ന് പണ്ടത്തെക്കാളേറെ നമ്മുടെ മനസ്സില്‍ വിഭാഗീയതയും വര്‍ഗ്ഗീയതയും അക്രമണോത്സുകതയും ആഴത്തില്‍ കടന്നുകൂടിയിട്ടുണ്ട്. നന്മയോടു മുഖംതിരിച്ചുനില്ക്കാനുള്ള കൂസലില്ലായ്മ പോലും പ്രകടമാണ്. 

പക്ഷേ അന്ന് ഗാന്ധിജി മുന്നോട്ടുവച്ച ആശയത്തെ സര്‍വ്വാത്മനാ സ്വീകരിക്കാന്‍ ലോകവും ലോകനേതാക്കളും തയ്യാറായി എന്നത് നിസ്സാരകാര്യമല്ല. ഇന്ന് രാജ്യങ്ങള്‍ തമ്മില്‍ പോര്‍വിളികള്‍മ ുഴങ്ങിക്കൊണ്ടിരിക്കുമ്പോഴാണ് ലോകം  ഗാന്ധിജിയോട് കാണിച്ചതിന്റെ മഹത്വം നമ്മുക്ക് മനസ്സിലാകുന്നത്.സമാധാനത്തിന് വേണ്ടിയുളള ആഗ്രഹം അന്ന് എല്ലാവരിലുമുണ്ടായിരുന്നിരിക്കണം. അതിനെ ഊതിയുണര്‍ത്താന്‍ ഗാന്ധിക്ക് സ്വന്തം നന്മ കൊണ്ട്കൂടുതലായി കഴിഞ്ഞു. മഹത്വമുള്ളവരെ മനസ്സിലാക്കാനും ആദരിക്കാനും അന്നത്തെ ലോകത്തിന് സാധിച്ചു. പക്ഷേ ഇന്ന് അത് എത്രത്തോളമുണ്ട് എന്ന കാര്യത്തില്‍ വേണ്ട്ത്ര സംശയവുമുണ്ട്.ഇങ്ങനെയൊരു കാലഘട്ടത്തില്‍ നിന്നുകൊണ്ട് പിന്തിരിഞ്ഞുനിന്ന് ഗാന്ധിയെ വിലയിരുത്താനും സമീപിക്കാനും ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ ആശയങ്ങളുടെയും ജീവിതദര്‍ശനങ്ങളുടെയും മഹത്വം  കൂടുതലായി വെളിപ്പെട്ടുകിട്ടുന്നത്.

വിപരീതമെന്ന് പറയട്ടെ ഗാന്ധിയെ മാറ്റിനിര്‍ത്തുകയും  രാഷ്ട്രപിതാ സ്ഥാനം എടുത്തുമാറ്റുകയും ചെയ്യ്തുകൊണ്ടിരിക്കുന്നതിന് സാക്ഷ്യംവഹിക്കേണ്ടിവരുന്ന കാലമാണ് ഇത്.  അനര്‍ഹമായ പലരെയും  പ്രസ്തുത സ്ഥാനത്തേക്ക് അവരോധിക്കാനുള്ള അന്താരാഷ്ട്രമായ നീക്കങ്ങള്‍ പോലും നടന്നുകൊണ്ടിരിക്കുന്നു. ഇതിന്റെയെല്ലാം സൂചനയെന്താണ്? ലോകനേതാക്കളുടെയും ഭരണാധികാരികളുടെയുമെല്ലാം ഉള്ളിലെ അന്ധകാരത്തിന്റെ സൂചനയല്ലേ  ഇത് വ്യക്തമാക്കുന്നത്?

ആയുധങ്ങള്‍ കൊണ്ട് നേടാന്‍ കഴിയുന്നതിലേറെ അഹിംസ കൊണ്ട് നേടാന്‍ കഴിയുമെന്ന് കാണിച്ചുതന്ന മഹാനാണ് ഗാന്ധി. സംഘര്‍ഷങ്ങളില്‍ നിന്നല്ലസമാധാനത്തില്‍ നിന്നാണ് സന്തോഷം ഉണ്ടാകുന്നതെന്ന് മാതൃക കാണിച്ച വ്യക്തിയാണ് ഗാന്ധി. പക്ഷേ അടിച്ചാല്‍ തിരിച്ചടിക്കണമെന്ന് കൊച്ചുകുട്ടികളെ പോലും പറഞ്ഞുപഠിപ്പിക്കുന്ന അമ്മമാരുടെ കാലമാണ് ഇത്.തിരിച്ചടിക്കുന്നതിലാണ് വീരസ്യമെന്നും വിജയമെന്നും അവനേ നായകനാകൂ എന്നുമാണ് ലോകവും മാധ്യമങ്ങളും മുന്നോട്ടുവയ്ക്കുന്ന തെറ്റായ ദര്‍ശനം. അവിടെയാണ് ഗാന്ധിജിയുടെ പ്രസക്തി.

ഗാന്ധിജിയെ തമസ്‌ക്കരിക്കുന്നത് തിന്മയെ പ്രഘോഷിക്കുന്നതിന് തുല്യമാണ്. ഗാന്ധിജിയെ നിഷേധിക്കുന്നത് സമാധാനത്തെ വെറുക്കുന്നതിന് തുല്യമാണ്. വ്യക്തിപരമായി നിങ്ങള്‍ക്ക് ഗാന്ധിജിയെ എതിര്‍ക്കാം. അത് വ്യക്തിപരമായ നിങ്ങളുടെ അവകാശം. പക്ഷേ ആ അവകാശം അദ്ദേഹത്തെ അപഹസിക്കുന്നതിലേക്ക് തിരിയരുത്. അദ്ദേഹത്തിന്റെ മൂല്യങ്ങളെ ഇല്ലായ്മ ചെയ്യാന്‍ ഉപയോഗിക്കുകയുമരുത്.

ലോകചരിത്രത്തിലെ ഒരു നേതാവിനും ഇന്നേവരെ അവകാശപ്പെടാന്‍ കഴിഞ്ഞിട്ടില്ലാത്ത ആദരവും സ്‌നേഹവും നേടാന്‍ കഴിഞ്ഞ അദ്ദേഹത്തെ രാഷ്ട്രീയ നേട്ടങ്ങള്‍ക്ക് വേണ്ടി തള്ളിക്കളയരുത്. നന്മയും സ്വഭാവമഹിമയും തത്വദീക്ഷയുമുള്ള പഴയകാല നേതാക്കന്മാരെയെല്ലാം കൊള്ളരുതാത്തവരായി വിലയിരുത്തപ്പെടുന്ന പ്രവണതകളെ പ്രോത്സാഹിപ്പിക്കരുത്. അന്ന് അവര്‍ അങ്ങനെയൊക്കെ ഇടപെടുകയും മൂല്യങ്ങള്‍ പ്രചരിപ്പിക്കുകയും ആദര്‍ശങ്ങള്‍ക്ക് വേണ്ടി നിലകൊള്ളുകയും ചെയതതുകൊണ്ടാണ് നമ്മുടെരാജ്യം ഇപ്പോഴെങ്കിലും സമാധാനത്തില്‍ നിലനിന്നുപോരുന്നത്. ദീര്‍ഘദര്‍ശനത്തോടെയുളള പല തീരുമാനങ്ങളുടെയും റിസല്‍ട്ട് ഉടനടി ഉണ്ടാകുന്നവയല്ല. ഗാന്ധിയും നെഹ്‌റുവും പോലെയുള്ള മഹാന്മാര്‍ സൃഷ്ടിച്ചെടുത്ത നന്മയാണ് ഇന്ന് നമ്മള്‍ അനുഭവിക്കുന്നത്. ഇപ്പോഴത്തെ നേതാക്കന്മാരുടെ തിന്മയും നന്മയും വേര്‍തിരിച്ചറിയപ്പെടുന്നത് ഇന്ന് തന്നെയായിരിക്കണം എന്നുമില്ല. അത് വരുംതലമുറ വിലയിരുത്തുക തന്നെ ചെയ്യും.

അതുകൊണ്ട് ഗാന്ധിയെ മറന്ന് ഗോഡ്‌സെ യെ വാഴ്ത്തരുത്. ഗാന്ധിയുടെ ദര്‍ശനങ്ങളും മൂല്യങ്ങളും പുതിയ തലമുറയ്ക്ക് നമ്മള്‍ കൈമാറണം. അത്തരം കാഴ്ചപ്പാടുകള്‍ കൊണ്ട് വരുംതലമുറയെ നമ്മള്‍ സമ്പന്നരാക്കണം.
ഗാന്ധിജിയുടെ ആത്മകഥ ഏറ്റവും കൂടുതല്‍ വായിച്ചത് മലയാളികളാണെന്ന വാര്‍ത്തയും ഓര്‍ത്തുപോകുന്നു. നമ്മുടെ ഉള്ളിലെ നന്മയും സത്യത്തോടും അഹിംസയോടുമുള്ള താല്പര്യവുമാണ് അതിന്റെ പിന്നിലെ പ്രേരകം. നമുക്ക് ഗാന്ധിജിയുടെ അനുയായികളാകാം. സത്യവും നീതിയും സനാതനമൂല്യങ്ങളും മുറുകെപിടിക്കുന്നവരാകാം. അസ്വസ്ഥതയുടെ ആകാശത്ത് അപ്പോള്‍ മാത്രമേ സമാധാനത്തിന്റെ വെള്ളരിപ്രാവുകള്‍ പറന്നുതുടങ്ങുകയുള്ളൂ. കുടുംബത്തിലും സമൂഹത്തിലും രാജ്യത്തിലും സമാധാനം ഇല്ലെങ്കില്‍ പിന്നെയെന്തു ഗുണം? സമാധാനത്തിനും നീതിക്കും സന്തോഷത്തിനും കാരണം തിരയുന്നവരെല്ലാം ഗാന്ധിജിയിലേക്ക്തിരിയട്ടെ.

More like this
Related

ഒന്നു മിണ്ടാതിരിക്കാമോ?

നിസ്സാരമായ എന്തോ കാര്യത്തിന്റെ പേരിലുള്ള  വിയോജിപ്പ് വ്യക്തമാക്കിക്കൊണ്ടായിരുന്നു അവരുടെ സംസാരം ആരംഭിച്ചത്....

ആൾക്കൂട്ടത്തിൽ തനിയെയാകുന്നുണ്ടോ?

വിവാഹം, ബർത്ത്ഡേ പാർട്ടി.. ആഘോഷങ്ങൾ പലതുമാവാം. അവിടെ ക്ഷണിതാവായിട്ടാണ് ചെല്ലുന്നതെങ്കിലും ഒറ്റപ്പെട്ടുപോയതുപോലെയൊരു...

ലഹരിയിൽ മുങ്ങുന്നവർ

പത്താം ക്ലാസുകാരനാണ് ഈ കഥയിലെ നായകൻ. സ്‌കൂൾ ലീഡർ കൂടിയാണ്.  ബുദ്ധിമുട്ടുള്ള...

‘മരമാകുന്ന അടയ്ക്കകൾ’

'അടയ്ക്കയാണേൽ മടിയിൽ വയ്ക്കാം. അടയ്ക്കാ മരമാകുമ്പോഴോ.'  പ്രചാരത്തിലുള്ള ഒരു പഴഞ്ചൊല്ലാണ് ഇത്....
error: Content is protected !!