ആരോഗ്യവും ഭംഗിയുമുള്ള പല്ലുകള്‍ ചിരിയ്ക്ക് ആത്മവിശ്വാസം കൂട്ടും. പല്ലുകളുടെ ആരോഗ്യവും, ഭംഗിയും നിലനിര്‍ത്താന്‍ ചില മാര്‍ഗ്ഗങ്ങള്‍:-
- മധുരം കഴിക്കുന്നത് കഴിവതും കുറയ്ക്കുക. മധുരമുള്ള ആഹാരങ്ങള്‍ കഴിച്ചശേഷം വായില്‍ വെള്ളം കൊണ്ട് നന്നായി കുലുക്കുഴിഞ്ഞു കഴുകണം. ചുവന്ന വൈന്‍ പോലെ നിറമുള്ള പാനീയങ്ങള്‍ കുടിച്ചു കഴിഞ്ഞും വായ കഴുകാന്‍ മറക്കരുത്. ഇല്ലെങ്കില്‍ പല്ലിനു നിറവ്യത്യാസം ഉണ്ടാകാം.
- ജ്യൂസും മറ്റു പാനീയങ്ങളും സ്ട്രോ ഉപയോഗിച്ച് കുടിക്കുക.
- പല്ലിന്റെ വെണ്മയ്ക്കും ബാക്ടീരിയകളെ അകറ്റാനും ഫ്ലൂറൈഡ് ഉള്ള ടൂത്ത് പേസ്റ്റ് തെരഞ്ഞെടുക്കുക.
- നഖം കടിക്കുന്ന ശീലം പാടെ കളയുക. ഇത് പല്ലില്‍ പോടുകളും പൊട്ടലുമുണ്ടാക്കും.
- ടൂത്ത് ബ്രഷ് മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കരുത്. ബ്രഷ് ഇടയ്ക്ക് ചൂടുവെള്ളത്തില്‍ ഇട്ടുവെയ്ക്കുന്നത് നാരുകളുടെ കാഠിന്യം കുറയ്ക്കാന്‍ സഹായിക്കും.
- ബ്രഷ് 45 ഡിഗ്രിയില്‍ ചരിച്ചു പിടിച്ചു വൃത്താകൃതിയില്‍ പല്ല് തേയ്ക്കുന്നതാണ് ഉത്തമം. പല്ലിനൊപ്പം നാക്കും വൃത്തിയാക്കിയാലേ വായ്നാറ്റം അകറ്റാനാകൂ. വായ്നാറ്റം അകറ്റുന്നതിന് ആഹാരത്തിനു ശേഷം ഷുഗര്‍ ഫ്രീ ച്യൂയിംഗ് ഗം ഉപയോഗിക്കാം.
- കുപ്പിയുടെ അടപ്പ് കടിച്ചു പൊട്ടിക്കുന്നതും മറ്റും പല്ലുകളുടെ ആരോഗ്യം ക്ഷയിപ്പിക്കുന്നതിനാല്‍ അവ ഒഴിവാക്കുക.
- ആപ്പിള്‍, കാരറ്റ്, പോപ്പ്കോണ്‍ എന്നിവ പോലുള്ള ആഹാരങ്ങള്‍ കഴിച്ച ശേഷം നിര്‍ബന്ധമായും വായ കഴുകണം. ഇത് പല്ലിനിടയിലെ ഭക്ഷ്യാവശിഷ്ടങ്ങള്‍ മാറ്റി പല്ല് വൃത്തിയാക്കാന്‍ സഹായിക്കും.