ഇഷ്ടവിഷയത്തിനു ചേരാൻ വീട്ടുകാർ വിസമ്മതിച്ചു; പ്ലസ്ടുകാരൻ ജീവനൊടുക്കി. മാനസിക സമ്മർദ്ദം താങ്ങാനാകാതെ വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. അച്ഛൻ വഴക്കു പറഞ്ഞതിന് എട്ടാം ക്‌ളാസ്സുകാരൻ ആത്മഹത്യ ചെയ്തു. പരീക്ഷയിൽ തോറ്റു ; വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. എൻട്രൻസ് പരീക്ഷയിൽ പ്രതീക്ഷിച്ച മാർക്കുണ്ടായില്ല ; പതിനെട്ടുകാരി ജീവനൊടുക്കി. …
ഈയിടെയായി ഇടയ്ക്കിടക്കു മലയാളം ദിനപത്രങ്ങളിലൽ കാണുന്ന തലക്കെട്ടാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടിൽ ഇത്തരം വാർത്തകൾ കൂടി വരുന്നതും പൊതു സമൂഹത്തെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ഇക്കാരണത്താൽ മനം നീറിയും മനസ്സ് മടുത്തും ജീവിക്കുന്ന മാതാപിതാക്കളുടെ എണ്ണം കഴിഞ്ഞ പതിറ്റാണ്ടിനെക്കാൾ കൂടുന്നുവെന്നത് നമ്മെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുന്നുണ്ട്. ഒരു പക്ഷേ അച്ഛന്റേയും അമ്മയുടേയും സ്വപ്‌നങ്ങൾക്കു ചിറകു നൽകാനാകാതെ പോയതിന്റെ വിഷാദമോ അല്ലെങ്കിൽ ഇഷ്ടപ്രകാരമല്ലാതെ നിർബന്ധബുദ്ധ്യാ ചേർക്കപ്പെട്ട കോഴ്‌സ് കാലയളവിൽ അവരനുഭവിക്കുന്ന മാനസിക സംഘർഷത്തിന്റെ പരിണിത ഫലമായോ പൊതുവിൽ നമുക്കിതിനെ വ്യാഖ്യാനിക്കാമെങ്കിലും, ഒരു പക്ഷേ നമ്മുടെ വീടുകളിലും നാളെ അനുഭവിക്കാനിടയുള്ള ഈ ദുരന്തത്തിന്റെ വ്യാപ്തി നാം കാണാതെ പോകരുത്. ഇത്തരത്തിലുള്ള ബഹുഭൂരിപക്ഷം ദുരന്തങ്ങളുടെയും അകത്തളങ്ങളിലേയ്ക്കു കണ്ണോടിച്ചാൽ വിഷമത്തോടൊപ്പം വല്ലാത്ത ആശങ്കയാണ് സ്വാഭാവികമായും മുഴുവൻ മാതാപിതാക്കൾക്കും അനുഭവവേദ്യമാകുക.
എന്താണ് നമ്മുടെ കുട്ടികൾക്ക് ഇങ്ങനെ സംഭവിക്കാൻ കാരണം? കണക്കുകളും വാർത്തകളും പരിശോധിച്ചാൽ ആത്മഹത്യയിലേക്ക് അവരെ നയിച്ച കാരണങ്ങൾ മിക്കവാറും നിസ്സാരവും അല്ലെങ്കിൽ ബാലിശവുമായെ നമുക്ക് തോന്നൂ. പലപ്പോഴും അവരുടെ അമിതമായ ഇഷ്ടങ്ങളുടെ അവഗണനയും മറ്റു ചിലപ്പോൾ ചില ഇഷ്ടക്കേടുകൾക്കുള്ള നിർബന്ധങ്ങളും കാരണമായി കാണാം.
ആത്മഹത്യയിലേയ്ക്കു നയിച്ച കാരണങ്ങളെ അക്കമിട്ടു വിശകലനം ചെയ്യാനില്ലെങ്കിലും, സ്വയം ജീവനൊടുക്കുന്നതിന് പകരം, താൽപ്പര്യമില്ലാത്ത കാര്യങ്ങൾ ‘എനിക്ക് താൽപ്പര്യമില്ല’ എന്ന് തല ഉയർത്തി പിടിച്ച് പറയാൻ നമ്മുടെ കുട്ടികൾക്കാവുന്നില്ലയെന്നതും നമ്മളക്കാര്യത്തിന് അവരെ പ്രാപ്തരാക്കുന്നില്ലയെന്ന വസ്തുതയും ഇവിടെ ചർച്ച ചെയ്യപ്പെടേണ്ടതാണ്. ജീവിതമെന്നത് സന്തോഷങ്ങൾ മാത്രം നിറഞ്ഞതല്ലെന്നും ഒട്ടനവധി പ്രതിബന്ധങ്ങളും പ്രതിസന്ധികളും നിറഞ്ഞതാണെന്നും നമുക്കവരെ പഠിപ്പിക്കാനാവുന്നില്ലെന്നതാണ് ഇതിനു പുറകിലെ യാഥാർത്ഥ്യം.ഒപ്പം തോൽവികളിൽ പതറാതെ അതിൽ നിന്നും ക്രിയാത്മകമായ ഊർജ്ജമുൾക്കൊണ്ട് മുന്നേറാനുള്ള പരിശീലനവും നാം അവർക്കു കൊടുക്കുന്നില്ലെന്നതും ഇത്തരുണത്തിൽ നാമോർക്കണം.
പലപ്പോഴും ഒന്നാമനാകാൻ വേണ്ടി മാത്രം അവരിൽ നാം സമ്മർദ്ദം ചെലുത്തുമ്പോൾ നഷ്ടപ്പെടുന്നത് നമുക്കും നമ്മുടെ കുടുംബത്തിനും മാത്രമാണ്.ഒന്നാം സ്ഥാനം ലഭിച്ചില്ലെങ്കിലും ജീവിതത്തിൽ മുന്നേറാമെന്ന് എന്തേ നമ്മൾ ഇവരെ പഠിപ്പിക്കാത്തത്? രണ്ടാം സ്ഥാനവും മൂന്നാം സ്ഥാനവും വിജയികൾക്ക് തന്നെയുള്ളതാണെന്ന് ഇവരെ പറഞ്ഞു മനസിലാക്കാൻ എന്തേ നമ്മൾ മറന്നു പോകുന്നു? ജീവനൊടുക്കുന്ന അത്ര ആത്മധൈര്യവും ബുദ്ധിമുട്ടും വേണ്ട; ജീവിച്ച് കാണിക്കാനെന്ന് എന്ത് കൊണ്ട് നമുക്കവരെ ബോധ്യപ്പെടുത്താൻ സാധിക്കുന്നില്ല?
ജനിക്കുമ്പോൾ തന്നെ മക്കളെ ഡോക്ടറും എഞ്ചിനീയറും കളക്ടറും ആക്കുന്ന ഒരു തരം മാനസിക രോഗത്തിനടിമകളാണ് നമ്മിൽ ഭൂരിഭാഗം വരുന്ന മാതാപിതാക്കളുമെന്നതാണ് സത്യം. തീരെ ചെറിയ ക്ലാസുകളിൽ നിന്നു തന്നെ വിദ്യാഭ്യാസമെന്ന മഹായുദ്ധത്തിന്റെ കോപ്പുകൂട്ടൽ നാം ആരംഭിക്കുകയായി. ആദ്യഘട്ടം സ്വപ്‌നങ്ങളുടേതാണെങ്കിൽ അടുത്ത ഘട്ടം കുത്തിയേൽപ്പിക്കലിന്റെതാണ്. ഒരു പക്ഷേ തനിക്കാകാൻ പറ്റാതെ പോയ ഡോക്ടറേയും സിവിൽ സർവീസുകാരനേയും വാർത്തെടുക്കാൻ അവരെ പ്രാപ്തരാക്കി തുടങ്ങുന്നതാണ് രണ്ടാം ഘട്ടം. അവിടെ അവന്റെയും അവളുടേയും സ്വപ്‌നങ്ങളില്ല; നമ്മുടെ സ്വപ്‌നങ്ങൾ നിറവേറ്റാനുള്ള പരീക്ഷണ വസ്തുക്കളായി നമ്മുടെ മക്കൾ മാറുമ്പോൾ, അവിടെ സ്‌നേഹപ്രകടനങ്ങളേക്കാൾ പ്രാമുഖ്യം വെറുപ്പിനും രോഷത്തിനുമാണെന്ന് നാമറിയുന്നില്ല. തളർന്ന് അവശനായി വീണാലും, ജയം വരെ പോരാടുക എന്നതിൽ കവിഞ്ഞ് വേറൊരു സാധ്യതയും ഇവർക്ക് മുമ്പിൽ നാം അവതരിപ്പിച്ചിട്ടില്ല. നഴ്‌സറി ക്ലാസ് മുതലുള്ള ആ യുദ്ധത്തിന്റെ മൂർദ്ധന്യാവസ്ഥയാണ് കുട്ടി അഭിമുഖീകരിക്കുന്ന പത്താം ക്ലാസ് പരീക്ഷ. കുട്ടി പത്തിൽ എത്തുന്നതോടെ, മുൻ വർഷങ്ങളിലെ കളിയും ചിരിയും നഷ്ടപ്പെട്ട് അവർ, സ്വമേധയാ സമ്മർദ്ദങ്ങൾ ഏറ്റെടുക്കുകയായി. ഓരോ വിഷയങ്ങൾക്കും സ്‌പെഷലിസ്റ്റ് അധ്യാപകരെ തേടിയും ടൂഷൻ സെന്ററുകൾ തേടിയും അലഞ്ഞു തിരിയുന്ന മാതാപിതാക്കളും ഉറങ്ങാനും വിശ്രമിക്കാനും സമയം കൊടുക്കാതെ വായിക്കൂ… പഠിക്കൂ… എന്ന് അലമുറയിടുന്ന മാതാപിതാക്കളും ഇന്നിന്റെ പതിവുകാഴ്ചകൾ തന്നെയായി. പത്തെന്ന കടമ്പ കഴിഞ്ഞാൽ പിന്നെ എൻട്രൻസ ്പ്രയാണമാണ്. തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന, കൂണുപോലെ വളർന്നു പൊങ്ങുന്ന എൻട്രൻസ് സ്ഥാപനങ്ങളും അവിടെ കഴിഞ്ഞ വർഷത്തേക്കാൾ മികച്ച വിജയ ശതമാനം, ഇപ്രാവശ്യവും എങ്ങിനെ നേടിയെടുക്കാം എന്ന് ചിന്തിക്കുന്ന മാനേജുമെന്റും കൂടിയാവുമ്പോൾ എവിടെയാണ് നമ്മുടെ കുട്ടികൾക്ക് സ്വസ്ഥത? ഇനി സ്‌കൂളും ട്യൂഷ്യനും കഴിഞ്ഞ് വീട്ടിലെത്തിയാലോ, അവിടെയും ഒരു യുദ്ധ സമാന അന്തരീക്ഷമാണ് നമുക്ക് കാണാനാകുക. അ+കൾക്കു വേണ്ടിയുള്ള ഈ യുദ്ധത്തിൽ അതിനു താഴെയുള്ള മറ്റൊരു ഗ്രേഡിനും പ്രസക്തിയില്ല പോലും.
ചില മാതാപിതാക്കൾ പത്താം ക്ലാസിനൊപ്പം തന്നെ മക്കളെ മെഡിക്കൽ-എഞ്ചിനീയറിങ്ങ് പ്രവേശന പരീക്ഷകളുടെ കോച്ചിങ് ക്ലാസ്സുകളിലേക്കും വിട്ടു തുടങ്ങുന്നുണ്ട്. മറ്റു ചിലരാകട്ടെ ഒരു പടി കൂടെ കടന്ന് അഞ്ചാം ക്ലാസ്സുമുതൽ സിവിൽ സർവിസ് കോച്ചിംഗും ആരംഭിക്കുകയായി. വീട്ടിൽ നിന്നും സ്‌കൂളിൽ നിന്നും കോച്ചിംഗ് സെന്ററിൽ നിന്നുമുള്ള ഈ സമ്മർദാന്തരീക്ഷത്തിൽ എങ്ങിനെ നമ്മുടെ കുഞ്ഞുങ്ങൾക്ക് പിഴയ്ക്കാതിരിക്കും?
ഒരു കാര്യം ഉറപ്പാണ്; അകാലത്തിൽ പൊലിഞ്ഞ ആ ജീവനുകൾ മകനേയും മകളായും നമ്മുടെ വീടിന്റെ അകത്തളങ്ങളിലും നീറി നീറി ജീവിക്കുന്നുണ്ട്. നമ്മുടെ ഇഷ്ടങ്ങൾക്കും സ്വപ്‌നങ്ങൾക്കും നാം കൊടുക്കുന്ന അമിത പ്രമുഖ്യം, നമ്മുടെ മക്കളുടെ മനസമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കാനുള്ള അവസരങ്ങളുടെ പ്രകടമായ നിരാസം തന്നെയാണ്. സ്‌കൂളിലെ കൗൺസിലിംഗ് മുറി കളിലേക്കുള്ള നമ്മുടെ വിദ്യാർത്ഥികളുടെ ഒഴുക്കിനെ നാം കണ്ണടച്ച് ഇരുട്ടാക്കരുത്. ഒഴിവു കിട്ടുമ്പോൾ നിങ്ങൾ കേരളത്തിലെ പ്രമുഖ ആശുപത്രികളുടെ സൈക്യാട്രി വാർഡുകളിലൊക്കെയൊന്ന് കടന്ന് ചെല്ലണം. അടച്ചിട്ട മുറികളിൽ നിർവികാരതയോടെയും നിസ്സംഗതയോടെയും കഴിച്ചു കുട്ടുന്ന കുട്ടികളുടെ പ്രായവും അവരവിടെ വരാനുണ്ടായ സാഹചര്യവും പറ്റുമെങ്കിലടവിടുത്തെ ഡ്യൂട്ടി സ്റ്റാഫിൽ നിന്നൊന്നു മനസ്സിലാക്കാൻ ശ്രമിക്കണം. നിങ്ങൾ പൊട്ടിക്കരയുകയോ സഹതപിക്കുകയോയില്ല; ആ കാരണം കേൾക്കുന്ന നിമിഷം തന്നെ നിങ്ങളുടെ മനസ്സു മരവിച്ചിരിക്കും.
ഇഷ്ട സ്വപ്‌നങ്ങളും പ്രതീക്ഷകളും നഷ്ടപ്പെട്ട അവരെയോർത്ത് വിലപിക്കേണ്ടതില്ല.കാരണം അതിനുള്ള ധാർമ്മിക അവകാശം നമുക്കോ അവരുടെ മാതാപിതാക്കൾക്കോയില്ലെന്നു പറയാം.കാരണം അവരുടെ സ്വപ്‌നങ്ങൾ തല്ലിക്കെടുത്തിയവരിൽ ഞാനും നിങ്ങളും മുൻപന്തിയിൽ തന്നെയുണ്ട്.
ഇതു കുറ്റപ്പെടുത്തലിന്റെ അവസരത്തേക്കാളുപരി തിരുത്തലിന്റെ സാധ്യതയാകണം. മനസ്സും ശരീരവും മരവിച്ച, നിർവികാരരും നിസ്സംഗരുമായ തലമുറയെയല്ല; ഓജസ്സും തെളിച്ചവുമുള്ള തലമുറയെയാണ് നമുക്കാവശ്യം. മക്കൾ കളക്ടറോ കമ്മീഷണറോ ഡോക്ടറോ ഗവേഷകനോ ആയില്ലെങ്കിലും സമൂഹത്തിൽ ജീവിക്കാനവർക്കിടമുണ്ടാകും. അവർ, നമുക്കിഷ്ടമുള്ള മേഖലയിലോ നാം സ്വപ്‌നം കണ്ട മേഖലയിലോ അല്ല; അവർക്കിഷ്ടമുള്ള മേഖലയിൽ പ്രശോഭിക്കട്ടെ. ഇനി അധ്യാപകരോട് ഒരു വാക്ക്; ഒരു ദിവസം കുട്ടി ഐഡന്റിറ്റി കാർഡ് ധരിച്ചില്ലെങ്കിലും പ്രത്യേക സാഹചര്യം മൂലം അൽപ്പം വൈകി വന്നാലും, യാദൃശ്ചികമായി ഒരു നിമിഷം ക്ലാസ്സിൽ ഇരുന്നു ഉറങ്ങിയാലും നമ്മുടെ മുകളിലെ ആകാശമൊന്നും ഇടിഞ്ഞു വീഴില്ല. ഒരു സപ്ലിമെന്ററി പേപ്പർ ഉണ്ടായതു കൊണ്ടോ, ഇന്റേണൽ മാർക്ക് അൽപ്പം കുറഞ്ഞതിന്റെ പേരിലോ അവന്റെ ഭാവിയിൽ ദോഷകരമായി ഒന്നും സംഭവിക്കാനും പോകുന്നില്ല. അവർ വൈകി വന്നതിനും ഉറങ്ങിയതിനും പരീക്ഷ പാസ്സാകാതെ പോയതിനും നാമറിയാത്ത കാരണങ്ങളുണ്ടായിരിക്കാം. അതുകൊണ്ടു തന്നെ അവൻ ചെയ്യുന്നതിന്റെ പിന്നിലുള്ള കാരണം കൂടി അന്വേഷിക്കേണ്ട ചുമതല അധ്യാപകർക്കുണ്ട്. സിലബസിലെയും അച്ചടിച്ച പുസ്തകങ്ങളിലെയും കാര്യങ്ങൾ പഠിപ്പിക്കുകയെന്നതിനപ്പുറം അവരെ സ്‌നേഹിക്കുകയും പരിഗണിക്കുകയും അധ്യാപകരുടെ ബാധ്യത തന്നെയാണ്.
ഒരു കാര്യം ഓർക്കുക; സ്‌നേഹിക്കുന്നവനേ ശാസിക്കാനും ശിക്ഷണം നൽകാനുമുള്ള അധികാരമുള്ളൂ. അവരുടെ പ്രശ്‌നങ്ങളെ അറിയാനും പക്വതയോടെ പരിഹരിക്കാനും മാതാപിതാക്കളോടൊപ്പം ആരെങ്കിലുമൊക്കെ ഉണ്ടെന്നു അവർക്ക് ബോധ്യപ്പെടണം. അപ്പോഴാണ് അവരുടെ ജീവിതം വർണ്ണശബളമാകും. നമ്മുടെ മുന്നിലിരിക്കുന്ന വിദ്യാർത്ഥികളുടെ ജീവിതം വർണ്ണശബളമാക്കാൻ, ഇനിയതിനായില്ലെങ്കിൽ അവരുടെ ജീവിതത്തിൽ അൽപ്പം നിറമെങ്കിലും ചാലിക്കാൻ നമുക്കു കഴിയട്ടെ.
ഡോ. ഡെയ്‌സൻ പാണേങ്ങാടൻ,
അസി. പ്രഫസർ,
സെന്റ്.തോമസ് കോളേജ്, തൃശ്ശൂർ