ജീവിതത്തിന്റെ ഫൈനല്‍ പലപ്പോഴും നാം ഉദ്ദേശിച്ച രീതിയില്‍ ആയിരിക്കണമെന്നില്ല. അപ്രതീക്ഷിതമായ പല സംഭവവികാസങ്ങളും കൊണ്ട് അത് നമ്മെ അതിശയിപ്പിക്കും. ആരും വിചാരിക്കാത്ത വഴികളിലൂടെ അത് നമ്മെ ചില ലക്ഷ്യങ്ങളിലുമെത്തിക്കും. ഫൈനല്‍സ് എന്ന സിനിമ മുന്നോട്ടുവയ്ക്കുന്ന ഒരു ആശയം അതാണ്.
അതുപോലെ ഓരോരുത്തരുടെയും ഉളളില്‍ എന്തുമാത്രം സാധ്യതകളാണ് ഉള്ളതെന്നും ആ ചിത്രം പറയുന്നു ഇന്നലെ വരെ പത്ര വിതരണം നടത്തിയും കാറ്ററിംങ് ജോലി ചെയ്തും പെണ്ണൊരുവളുടെ സ്‌നേഹത്തിന് വേണ്ടിയും ജീവിച്ചിരുന്ന ഒരു സാധാരണക്കാരന്‍ പയ്യന്‍ അവന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകളെ പുറത്തെടുത്തപ്പോള്‍ അവയ്ക്ക് ഒരു പുലര്‍ക്കാലത്തിന്റെ മുഴുവന്‍ ഭംഗിയുമുണ്ടായിരുന്നു.. പലപ്പോഴും പറയാറുള്ളതുപോലെ മഞ്ഞുകട്ടയുടെ മുകളിലെ ഒരംശം മാത്രമാണ് നാം കാണുന്നത്. അതുകൊണ്ടുതന്നെ അതിന് താഴേയ്ക്ക് എന്തുമാത്രമുണ്ട് എന്ന് തിരിച്ചറിയണമെന്നുമില്ല.
സ്ത്രീയുടെ സഹനത്തെയും ത്യാഗത്തെയും മഹത്വവല്‍ക്കരിച്ചിറങ്ങുന്ന കാക്കത്തൊള്ളായിരം സിനിമകള്‍ക്കിടയില്‍ പുരുഷന്റെ നിസ്വാര്‍ത്ഥമായ സ്‌നേഹവും പ്രണയിനിക്കുവേണ്ടി അവന്‍ ചെയ്യുന്ന ത്യാഗങ്ങളും ഏറ്റെടുക്കുന്ന സഹനങ്ങളുമാണ് ഫൈനല്‍സിനെ ഒരു പ്രേക്ഷകന്‍ എന്ന നിലയില്‍ എന്നെ സന്തോഷപ്പെടുത്തിയത്. പുരുഷ സങ്കല്പങ്ങളെയും നായകസങ്കല്പങ്ങളെയും മാറ്റിയെഴുതിക്കൊണ്ട് പുതിയൊരു സമീപനവും കാഴ്ചപ്പാടും തിരക്കഥാകൃത്തുകൂടിയായ സംവിധായകന്‍ അരുണ്‍ അവതരിപ്പിക്കുമ്പോള്‍ ആ മനസ്സിനെ നമിക്കാതിരിക്കാനാവില്ല.
സ്ത്രീക്കു മാത്രമല്ല പുരുഷനിലുമുണ്ട് അമ്മത്തം നിറഞ്ഞ ഹൃദയം, സെക്‌സ് മാത്രമായി സ്ത്രീയെ കാണാതിരിക്കാനുള്ള വിശാലത. അവന്റെ ഹൃദയത്തിന്റെ നന്മകള്‍ വീരസ്യം മുഴക്കി എതിരാളികളെ തറപറ്റിക്കുന്നതില്‍ മാത്രമല്ല. അല്ലെങ്കില്‍ കോടാനു കോടി പുരുഷന്മാരെല്ലാവരും വീരശൂരപരാക്രമികളുമല്ലല്ലോ.
പുരുഷന്‍ അസാധാരണക്കാരനാകുന്നത് അവന്‍ സാധാരണതകളെയും അസാധാരണമായി സമീപിക്കുകയും സ്വീകരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. തിരികെ ഒന്നും ലഭിക്കാതെ വരുമ്പോഴും ആഗ്രഹിച്ചത് പലപ്പോഴും കിട്ടാതെ വരുമ്പോഴും പിന്നെയും സ്‌നേഹിക്കാനുള്ള സന്നദ്ധത പ്രകടമാക്കുമ്പോഴാണ്. പ്രണയിനിക്കുവേണ്ടി അവള്‍ക്ക് നഷ്ടപ്പെട്ടുപോയ സ്വപ്‌നങ്ങളെ തിരിച്ചുപിടിക്കുമ്പോള്‍ മാനുവല്‍ ചെയ്യുന്നത്് അവളിലെ അവനെയും തന്നിലെ അവളെയും തൃ്്പ്തിപ്പെടുത്തുകയും സന്തോഷിപ്പിക്കുകയുമാണ്.
തളര്‍ന്നുകിടക്കുന്ന ആലീസിന് മുമ്പില്‍ വിജയിയായി മുട്ടുമടക്കി അവളുടെ മടിത്തട്ടിലേക്ക് മുഖം ചേര്‍ക്കുമ്പോള്‍ മാംസനിബദ്ധമല്ലാത്ത സ്‌നേഹത്തിന്റെ മഹാകാവ്യം തന്നെയാണ് മാനുവല്‍ രചിക്കുന്നത്. അതെ, ഫൈനല്‍സ് പുരുഷനെ വ്്യത്യസ്തമായി അടയാളപ്പെടുത്തുന്ന സിനിമ കൂടിയാണ്്.പ്രചോദനാത്മകമായ ഒരുചിത്രമാണ് ഫൈനല്‍സ്. ഇപ്പോള്‍ പുറത്തിറങ്ങുന്ന ബയോപിക് ചിത്രങ്ങളുടെ പട്ടികയില്‍ പെടുത്താവുന്ന ചിത്രമാണ് ഫൈനല്‍സ്. കായികലോകം വിഷയമാകുന്ന ചിത്രമാണ് ഫൈനല്‍സ് . കായികലോകത്തിന്റെ അഴിമതിയുടെയും പകവീട്ടലിന്റെയും കഥ പറയുന്ന ചിത്രമാണ് ഫൈനല്‍സ്. ഇങ്ങനെ ഈ ചിത്രത്തെക്കുറിച്ച് വിശേഷിപ്പിക്കാന്‍ പലതുമുണ്ട്.
സൈക്ലിംങ് പരിശീലനത്തിനിടയില്‍ ആലീസിന് അപകടം സംഭവിച്ചതില്‍ ചിത്രത്തിന്റെ ആദ്യപാതി എത്തിനില്ക്കുമ്പോള്‍ അപ്രതീക്ഷിതമായ നടുക്കവും ക്ഷോഭവും പ്രേക്ഷകന് ഉണ്ടാകുന്നുണ്ട്. അതും മുക്കാല്‍ മണിക്കൂറിനുള്ളില്‍. അതുവരെ പതിഞ്ഞ താളത്തില്‍ പൊയ്‌ക്കൊണ്ടിരുന്ന ചിത്രം ഇടവേള കഴിയുന്നതോടെ മറ്റൊരു തലത്തിലേക്ക് ഉയരുമ്പോള്‍ അതുവരെയുണ്ടായിരുന്ന വിരസതയില്‍നിന്ന് പ്രേക്ഷകര്‍ക്ക് മോചനം ലഭിക്കുകയും പിന്നെ വര്‍ഗീസ് മാഷിനും മാനുവലിനുമൊപ്പം പ്രേക്ഷകരും യാത്ര തുടങ്ങുകയും ചെയ്യുന്നു. ആലീസായി എത്തിയ രജീഷയും വര്‍ഗീസ് മാഷായി വന്ന സുരാജും മാനുവലായി വന്ന നിരഞ്ജനും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കി. ആദ്യപാതിയില്‍ ആലീസിന്റെ കഥയായിരിക്കും സിനിമയെന്ന് കരുതുമ്പോള്‍ ഇടവേളയ്ക്ക് ശേഷം കഥാഗതിയെ മുഴുവന്‍ മാനുവല്‍ ഏറ്റെടുത്തു നിയന്ത്രിക്കുകയാണ് ചെയ്യുന്നത്. സമീപകാലത്തിറങ്ങിയ വെടിക്കെട്ടും പൂരങ്ങളുമായി പുറത്തിറങ്ങിയ എത്രയോ സിനിമകളെക്കാള്‍ നന്മ കൊണ്ടും ശാന്തതകൊണ്ടും കൃത്രിമത്വമില്ലായ്മ കൊണ്ടും മേലെ നില്ക്കുന്ന സിനിമ തന്നെയാണ് ഫൈനല്‍സ്. ഓണത്തിന്റെ ആഘോഷങ്ങള്‍ക്കിടയില്‍ അല്ല അതുകഴിഞ്ഞ് സ്വസ്ഥമായി കാണേണ്ടതും അനുഭവിക്കേണ്ടതുമായ സിനിമയാണ് ഫൈനല്‍സ്.
വിനായക്