സ്വയം മെച്ചപ്പെടണമെങ്കിൽ ആദ്യം ചെയ്യേണ്ടത് വലുതായി ചിന്തിക്കുകയാണ്. ലോകത്തിലെ എല്ലാ മോട്ടിവേഷനൽ സ്പീക്കേഴ്സും ഒന്നുപോലെ പറയുന്ന കാര്യമാണ് ഇത്. നമ്മൾ നമ്മുടെ കഴിവുകളെയും സാധ്യതകളെയും പലപ്പോഴും കൃത്യമായി വിലയിരുത്തുകയോ മനസ്സിലാക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ നമ്മൾ വലുതായി സ്വപ്നം കാണുന്നുമില്ല. ഇങ്ങനെ ജീവിച്ചാൽ മതി, ഇങ്ങനെയങ്ങ് കഴിഞ്ഞുപോയാൽ മതി എന്ന ചെറിയ രീതിയിൽ സ്വപ്നം കാണുന്നവർക്ക് ഒരിക്കലും വലിയ സ്വപ്നങ്ങളുണ്ടാവില്ല. ഫലമോ വലിയ ജീവിതവും.
വലുതായി സ്വപ്നം കാണുന്നവർക്ക് മാത്രമേ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ കഴിയൂ. വലിയ സ്വപ്നങ്ങൾ കാണുന്നവരെ ലോകം അംഗീകരിക്കണമെന്നോ പ്രോത്സാഹിപ്പിക്കണമെന്നോ ഇല്ല. കാരണം മറ്റൊന്നുമല്ല അവർ ചെറിയ സ്വപ്നങ്ങളുമായി ജീവിക്കുന്നവരാണ്. ദൂരെയുള്ളവയെ അടുത്തുകാണുവാൻ കണ്ണിന് സ്വഭാവികമായ പരിധിയുള്ളതുപോലെ അത്തരക്കാർ ഒരു കാഴ്ചവട്ടത്തിന് അപ്പുറത്തേക്ക് കാര്യങ്ങളെയോ ഭാവിയെയോ നോക്കിക്കാണാൻ കഴിവില്ലാത്തവരാണ്.
ലോകത്തെ തലകീഴായി മറിച്ച ഇന്നത്തെ പല നേട്ടങ്ങളും കണ്ടുപിടിച്ചവരെയൊന്നും അന്നത്തെ സമൂഹവും ബന്ധുക്കളും അത്രകണ്ട് പ്രോത്സാഹിപ്പിച്ചില്ലെന്ന് മാത്രമല്ല ആവശ്യത്തിലേറെ കല്ലെറിയുകയും അപഹസിക്കുകയും ചെയ്തിട്ടുമുണ്ട്. നിനക്ക് ഇതൊക്കെ സാധിക്കുമോ, നീ പറയുന്നത് ശരിയാണോ, ഇങ്ങനെയൊക്കെ ചെയ്യാൻ കഴിയുമോ എന്ന മട്ടിൽ. ഗലീലിയോയും റൈറ്റ് ബ്രദേഴ്സും തോമസ് ആൽവ എഡിസണും ഗ്രഹാംബെല്ലുമെല്ലാം അത്തരത്തിൽ പെടുന്നുണ്ട്.
അതുപോലെ എഴുത്തിന്റെയും മറ്റ് കലാരൂപങ്ങളുടെയും കാര്യത്തിലും അവഗണിക്കപ്പെട്ടവരും പിന്തള്ളപ്പെട്ടവരും ഏറെയുണ്ട്. ഇന്ന് തമിഴകത്തിന്റെ സൂപ്പർ സ്റ്റാറുകളിലൊരാൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിജയ് സേതുപതിയുടെ കാര്യം തന്നെ നോക്കൂ. കാണാൻ ഭംഗിയില്ലെന്നും അഭിനയിക്കാൻ അറിയില്ലെന്നും പറഞ്ഞ് പലയിടത്തു നിന്നും അദ്ദേഹത്തെ പലതവണ പടിയിറക്കിവിട്ടിട്ടുണ്ട്. ഇന്ന് അദ്ദേഹം എത്തിനില്ക്കുന്ന ഉയരം നമുക്കറിയാം. എഴുതി അയ്ക്കുന്ന കഥകളെല്ലാം മടക്കത്തപാലിൽ ഉടനെ തിരികെ വന്നിരുന്ന ഒരു എഴുത്തുകാലത്തെക്കുറിച്ച് നമ്മുടെ എംടിയും പറഞ്ഞിട്ടുണ്ട്. സ്വപ്നങ്ങൾ സ്വന്തമായി ഉണ്ടായിരുന്നതുകൊണ്ടാണ് ഇവരൊന്നും പതറിപ്പോകാതിരുന്നതും ജീവിതത്തിൽ വിജയിച്ചതും. സാഹചര്യങ്ങളെയോ വ്യക്തികളെയോ നോക്കാതെ അവർ തങ്ങളിലേക്ക് തന്നെ നോക്കി. തങ്ങൾക്ക് കിട്ടിയ അനുഭവങ്ങളെ വലുതായി കാണാതെ സ്വന്തം സ്വപ്നങ്ങളെ അവർ വലുതായി കണ്ടു.
ചെറുതായി ചിന്തിക്കുന്നവർ ചെറിയ നേട്ടങ്ങളുമായി കഴിഞ്ഞുകൂടേണ്ടി വരും. വലുതായി സ്വപ്നം കാണുന്നവർ വലിയ നേട്ടങ്ങൾ സ്വന്തമാക്കും. നിങ്ങളുടെ സ്വപ്നങ്ങൾ, ലക്ഷ്യങ്ങൾ നിങ്ങൾക്ക് വലുതായിരിക്കണം. മറ്റുള്ളവർ അവയെ നോക്കി പരിഹസിക്കുമ്പോൾ, നിന്ദിക്കുമ്പോൾ അവ നിങ്ങൾക്കും ചെറുതായും അസാധ്യമായും തോന്നുമ്പോൾ നിങ്ങളുടെ സ്വപ്നങ്ങൾ അനാഥമായിപോവുകയല്ലേ ചെയ്യുന്നത്. അവയ്ക്ക് ആരാണ് കൂട്ടുവരുന്നത്? സ്വപ്നങ്ങളില്ലാത്ത ജീവിതം ദിശാസൂചിയില്ലാത്ത കപ്പലുപോലെയാണ്. അവ എവിടെ വേണമെങ്കിലും തകർന്നടിയും. എപ്പോൾ വേണമെങ്കിലും. നിങ്ങളുടെ ജീവിതത്തിന്റെ കപ്പിത്താൻ നിങ്ങളാണ്. അതിനെ ഏതു തീരത്ത് എത്തിക്കണമെന്ന് തീരുമാനിക്കുന്നത് നിങ്ങളാണ്.
നേട്ടങ്ങളെല്ലാം ആരംഭിക്കുന്നത് സ്വന്തം മനസ്സിൽ നിന്നാണ്. അവ യാഥാർതഥ്യമാകുന്നതിന് മുമ്പേ സ്വപ്നങ്ങളെ മനസ്സിൽ നട്ടുവളർത്തുക, താലോലിക്കുക. സ്വപ്നം സ്വന്തമാക്കാനുള്ള വഴികൾ ആലോചിക്കുക, ശ്രമങ്ങളിൽ ഏർപ്പെടുക.