ഡെയിൽ കാർനെജീ എഴുതിയ ഒരു സെൽഫ് ഹെൽപ്പ് ബുക്കാണ് ‘ഹൗ റ്റു വിൻ ഫ്രണ്ട്സ് ആന്റ് ഇൻഫ്‌ളുവൻസ് പീപ്പിൾ’. 1936 ൽ പുറത്തിറങ്ങിയതാണെങ്കിലും ഈ കൃതിയുടെ പ്രസക്തി ഇന്നും നഷ്ടപ്പെട്ടിട്ടില്ല. തങ്ങളുടെ മനസ്സിന്റെ ഇടുങ്ങിയ ചിന്താധാരകളിൽ നിന്ന് പുറത്തുകടക്കാനും കഴിവുകളെ കണ്ടെത്തി പ്രകാശിപ്പിക്കാനും ഓരോ വ്യക്തിക്കും പ്രചോദനം നല്കുന്ന ബുക്കാണ് ഇത്. ആത്മവിശ്വാസം, ക്ഷമിക്കാനുള്ള കഴിവ്, അർത്ഥപൂർണ്ണതയോടെ ഈ ജീവിതത്തെ നേരിടാനുള്ള മാർഗ്ഗം, ജീവിതത്തിലെ തീരെ ചെറിയ കാര്യങ്ങളെ പോലും അവഗണിക്കാതിരിക്കാനുള്ള സന്നദ്ധത ഇങ്ങനെ ഒരുപിടി മാർഗ്ഗനിർദ്ദേശങ്ങൾ അദ്ദേഹം ഇതിൽ നല്കുന്നുണ്ട്. അദ്ദേഹം പറയുന്നവയിലെ ഏറ്റവും പ്രസക്തമെന്ന് തോന്നുന്ന ചില കാര്യങ്ങളാണ് ഇവിടെ പരാമർശിക്കുന്നത്.
ആരോഗ്യപ്രദമായ ഭക്ഷണരീതി
നന്നായി ജീവിക്കണമെങ്കിൽ സ്വന്തം ശരീരം ഗൗരവത്തോടെ നോക്കണം. ശരീരം ദുർബലവും അനാരോഗ്യകരവുമായി മാറിയാൽ പല നേട്ടങ്ങളും ചിലപ്പോഴെങ്കിലും പ്രയോജനരഹിതമായി അയാൾക്കെങ്കിലും തോന്നിയേക്കാം. അതുകൊണ്ട് ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധ പതിപ്പിക്കുക. പച്ചക്കറികളും പഴവർഗ്ഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക. പ്രമേഹം, അസ്ഥി തേയ്മാനം, ഹൃദ്രോഗം, ചിലയിനം കാൻസറുകൾ എന്നിവയിൽ നിന്നെല്ലാം ഇത് നമ്മെ രക്ഷിക്കും. വ്യായാമം, നടത്തം എന്നിവയും പ്രധാനപ്പെട്ടവയാണ്.
ഹോബി കണ്ടെത്തുക
നിലവിൽ പലതരം ഹോബികളുള്ള ഒരു വ്യക്തിയായിരിക്കാം നിങ്ങൾ. എങ്കിലും പുതുതായി ഒരു ഹോബി കണ്ടെത്തുക. അത് നിങ്ങളെ കൂടുതൽ ഊർജ്ജ്വസ്വലനും ഉത്സാഹിയുമാക്കും. മൊബൈലിന്റെ ബാറ്ററി റീചാർജ് ചെയ്യുന്നതുപോലെയാണ് അത്. വ്യത്യസ്തങ്ങളായ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുക. വായന, നീന്തൽ, പാചകം, എഴുത്ത്, പെയ്ന്റിങ് ഇങ്ങനെ പലതരം മേഖലകളിൽ കൂടുതൽ അഭിരുചിയുണ്ടെന്ന് തോന്നുന്നവ കണ്ടെത്തുക, അതിൽ സന്തോഷം കണ്ടെത്തുക.
യാത്രകൾ നടത്തുക
യാത്രകൾ നമ്മുടെ കാഴ്ചപ്പാടുകൾ തിരുത്തിക്കുറിക്കുന്നവയാണ് ചെറിയ ചെറിയ യാത്രകൾ ഇടയ്ക്കിടെ നടത്തുക. ചെറിയ ലോകത്തെ വിശാലമായ സാഹസികതയിലേക്ക് വളർത്താൻ ഇവ സഹായിക്കും. മാത്രവുമല്ല മനസ്സ് സ്വസ്ഥമാകാനും ശാന്തത കൈവരിക്കാനും.
ഉപകാരിയാവുക
മറ്റുള്ളവർക്ക് ഉപകാരിയായി മാറുക. അവർക്ക് തങ്ങളുടെ ലക്ഷ്യങ്ങൾ കണ്ടെത്താനും സ്വ്പ്നങ്ങൾ സ്വന്തമാക്കാനും വേണ്ട മാർഗ്ഗനിർദ്ദേശങ്ങളും സഹായങ്ങളും ചെയ്യുക. സ്വന്തം കാര്യം നോക്കിജീവിക്കുന്നതുകൊണ്ടാണ് പലരുടെയും സന്തോഷങ്ങൾ നൈമിഷികമായി മാറുന്നത്. മറ്റുള്ളവരെ നിസ്വാർത്ഥമായി സേവിക്കുകയും സ്നേഹിക്കുകയും ചെയ്യുമ്പോൾ ജീവിതത്തിന് കൂടുതൽ അർത്ഥം കൈവരിക്കാൻ കഴിയും.
നീ നീയായിത്തീരുക
കുട്ടിക്കാലത്തെ പല അനുഭവങ്ങളും വ്യക്തികളും സാഹചര്യങ്ങളും എല്ലാം ചേർന്ന് ചിലപ്പോൾ നമ്മെ അപകർഷതാബോധത്തിന് അടിമകളാക്കിയിട്ടുണ്ടാകാം. കുറഞ്ഞ ആത്മാഭിമാനം പലപ്പോഴും സന്തോഷത്തിന് വിഘാതമാണ്. അതുകൊണ്ട് നീയെന്താണോ അതിനെ നീ അംഗീകരിക്കണം. നീ നിന്നെ അതിന്റെ പൂർണ്ണാർത്ഥത്തിൽ സ്വീകരിക്കണം, ഉൾക്കൊള്ളണം. പതുക്കെപതുക്കെ ആത്മാവബോധത്തിലേക്കും സ്വയം പ്രകാശനത്തിലേക്കും കടന്നുവരണം. എനിക്ക് സ്വപ്നങ്ങൾ സ്വന്തമാക്കാൻ കഴിയും, എനിക്ക് ജീവിതത്തിൽ വിജയിക്കാൻ കഴിയും എന്നെല്ലാം സ്വയം പറയുക.