മാതൃകകളാണ്ഇനി വേണ്ടത്, ഉദാഹരണങ്ങളല്ല

Date:

spot_img

ഉദാഹരണങ്ങള്‍ക്ക് ഈ ലോകത്തില്‍ യാതൊരു പഞ്ഞവുമില്ല. ചെറുപ്പകാലം മുതല്‍ കേട്ടുവളരുന്നതാണല്ലോ പരാജയങ്ങളില്‍ നിന്ന് ഉയിര്‍ത്തെണീറ്റ ഫിനീക്‌സ് പക്ഷി യെക്കുറിച്ച് പറയാന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണ്‍ന്റെ പരാജയങ്ങളുടെയും ഉയിര്‍ത്തെഴുന്നേല്പുകളുടെയും കഥ. പലയിടത്തും അതിശയകരമായി തോറ്റുപോയിട്ടും ഒടുവില്‍ വിജയിയുടെ കിരീടം ചൂടിയവരെ ഉദാഹരിക്കാന്‍ കാലമെത്രയോ കടന്നുപോയിട്ടും നമ്മുടെ കൈയില്‍ സ്‌റ്റോക്കുള്ളത് ലിങ്കണെ പോലെയുള്ളവരുടെ ജീവിതം ആണ്. 

മിതവ്യയ ശീലത്തെക്കുറിച്ചാണ് പറയുന്നതെങ്കില്‍ ഗാന്ധിയെ ഉദാഹരിക്കും. ലാളിത്യത്തിനും പരോപകാരത്തിനുംഎല്ലാം ഇങ്ങനെ കൃത്യപ്പെടുത്തിയ ചില ഉദാഹരണങ്ങള്‍ ഉണ്ട്. അംഗവൈകല്യത്തോടെ ജനിച്ചിട്ടും ജീവിച്ചിട്ടും അതിനെയും പോസിറ്റിവായി സ്വീകരിച്ചവരുടെ കാര്യം പറയാനാവട്ടെ ബിഥോവനും ഹെലന്‍ കെല്ലറുമുണ്ട്.. 

ഇങ്ങനെ എവിടെ നോക്കിയാലും അവിടെയെല്ലാം ചില വാര്‍പ്പുമാതൃകകളുണ്ട്. ഉദാഹരണങ്ങള്‍ നല്ലതുതന്നെ. പക്ഷേ അവ കൂടാതെ മാതൃകയാവാന്‍ നമുക്ക് സാധിക്കുന്നുണ്ടോ? അതാണ് നമ്മുടെ മുമ്പിലെ ചോദ്യം. ഉദാഹരണങ്ങള്‍ നിരത്തി കടന്നുപോകാന്‍ വളരെ എളുപ്പമാണ്. എന്നാല്‍ ജീവിക്കുന്ന മാതൃകകളാകാന്‍ കഴിയുന്നുണ്ടോ.. 

അധികം ദൂരെയേക്കൊന്നും പോകണ്ട നമ്മുടെ ചെറിയ ചുറ്റുപാടുകളില്‍..വീട്ടില്‍.. ജോലി സ്ഥലത്ത്.. മക്കള്‍ക്കും മാതാപിതാക്കള്‍ക്കും ജീവിതപങ്കാളിക്കും മുമ്പില്‍.. ഇല്ല പലപ്പോഴും കഴിയാറില്ല. മറ്റാര്‍ക്കും നേരെ വിരല്‍ചൂണ്ടിയല്ല സ്വന്തം നെഞ്ചത്ത് കൈവച്ചുകൊണ്ടുകൂടിയാണ് ഇത് പറയുന്നത്.  

ലോകത്തിന് മുഴുവന്‍ ആത്മീയോപദേശങ്ങളും വഴികാട്ടികളുമായി മാറിയിരിക്കുന്ന ധാരാളം പേര്‍ വിവിധ മതസമൂഹങ്ങളില്‍  ഇന്ന് കേരളത്തിലുണ്ട്. വലിയ വലിയ സ്ഥാപനങ്ങളുടെ ഭാഗമായിരിക്കുന്നവര്‍. വലിയ വലിയ കാര്യങ്ങള്‍ പ്രബോധിപ്പിക്കുന്നവര്‍. പക്ഷേ അകലെ നില്ക്കുന്നവര്‍ക്ക് അവരെല്ലാം ഉദാഹരണങ്ങളാകുമ്പോഴും അടുത്തുനില്ക്കുന്നവര്‍ക്ക് അവരാരും മാതൃകകളാകുന്നില്ല എന്നതാണ് ഖേദകരമായ സത്യം.  കാരണം പ്രബോധനങ്ങള്‍ക്കപ്പുറം ജീവിതത്തിന് പ്രയോഗികതയുടെയും പ്രാവര്‍ത്തികമാക്കലുകളുടെയും കൂടി ഒരു വശമുണ്ട്. ഈ വശം മറക്കുന്നവര്‍ വര്‍ത്തമാനകാലത്ത് മാതൃകകളാകുന്നില്ല. ഇതുപോലെയാണ് എന്ന് പറയാന്‍ എത്ര പേര്‍ക്ക് കഴിയും എന്നതാണ്..  കാലം മാറുന്നത് അനുസരിച്ച് ഇനി ഇത്തരത്തിലുള്ള പുതിയ മാതൃകകള്‍ ഉണ്ടാവണം.  പഴങ്കഥകളുടെയും പഴമ്പുരാണങ്ങളുടെയും കാലം കഴിഞ്ഞു. ഇനി വേണ്ടത് വര്‍ത്തമാനകാലത്തില്‍ ജീവിക്കുന്ന സാക്ഷ്യങ്ങളാണ്.
 

പഴങ്കഥകളും ഉദാഹരണങ്ങളും നിരത്താന്‍ വളരെ എളുപ്പമാണ്. അതൊന്നും എന്നെ ബാധിക്കുന്ന കാര്യങ്ങളല്ല. മോട്ടിവേഷന്‍ ക്ലാസുകളിലെ പ്രതിപാദ്യങ്ങള്‍ ആണ് അവ പലപ്പോഴും. പശു കുത്താന്‍വരുമ്പോള്‍ എങ്ങനെ നേരിടണം എന്ന് ക്ലാസെടുക്കുന്ന മോട്ടീവേറ്റീവ് സ്പീക്കര്‍  അപ്രതീക്ഷിതമായി എന്തോ അനക്കം കേള്‍ക്കുമ്പോള്‍ ഞെട്ടുന്നതായ ഒരു കഥാപാത്രത്തെ നടന്‍ മുകേഷ് ഒരു ചലച്ചിത്രത്തില്‍ അവതരിപ്പിച്ചിട്ടുണ്ട്. മറ്റുള്ളവരെ ഉദാഹരിക്കുന്നവയ്ക്ക് പകരം സ്വന്തം ജീവിതം കൊണ്ടോ പ്രവൃത്തികൊണ്ടോ മാതൃകകളായി മാറാനുള്ള ശ്രമമാണ് ഇനി നമ്മുടെ ഭാഗത്തുനിന്നുണ്ടാകേണ്ടത്. ഉദാഹരണം സുജാതമാരല്ല ഉദാഹരണം ഞാന്‍  ആണ് ഉണ്ടാവേണ്ടത്. അത് ജീവിതത്തിന്റെ സമസ്ത മേഖലകളിലെയും കാര്യമായിരിക്കണം.

More like this
Related

സേവിങ്ങ്‌സ് എത്ര ഉണ്ട്..? 

ചോദ്യം കേട്ടാൽ ഓർമ തനിയെ ബാങ്കിലേക്ക് പോകും. സേവിങ്ങ്‌സ് അഥവാ നിക്ഷേപം...

പരിമിതികൾ ഇല്ലാത്ത ജീവിതം

കുഞ്ഞുനാളുകളിൽ സ്വപ്‌നങ്ങളെക്കുറിച്ച് കേട്ടിട്ടുള്ള മനോഹരമായ ഒരു കാര്യം വെളുപ്പാൻ കാലത്ത് കാണുന്ന...

മുറിവുകൾ തളിർക്കുമ്പോൾ…

മുറിവുകൾക്ക് ഒരു ചരിത്രം ഉണ്ടോ?  അറിഞ്ഞുകൂടാ. എന്നിരുന്നാലും ഓരോ മുറിവുകൾക്ക് പിന്നിലും...

പോസിറ്റീവാകൂ നല്ലതുപോലെ…

കേൾക്കുമ്പോൾതന്നെ ഉള്ളിൽ സന്തോഷം നിറയുന്ന ഒരു വാക്കാണ് പോസിറ്റീവ്. പോസിറ്റീവ് കാര്യങ്ങൾ...
error: Content is protected !!