നീയെന്നില്‍ നിന്ന് അകന്നുപോകരുതേ..നിന്റെ സാന്നിധ്യം എനിക്ക് നഷ്ടപ്പെടുത്തരുതേ.
ജീവിതത്തില്‍ ചിലരുമായി ചേര്‍ന്നിരിക്കുമ്പോള്‍ നാം ഒരിക്കലെങ്കിലും ഇങ്ങനെ മനസ്സില്‍ പറഞ്ഞുപോയിട്ടുണ്ടാവാം. കാരണം അവരുടെ സാന്നിധ്യം നമുക്ക് അത്രമേല്‍ പ്രിയപ്പെട്ടതാകുന്നു. അവരോട് ചേര്‍ന്നിരിക്കുന്പോള്‍ മനസ്സിലെ ഭാരങ്ങള്‍ മഞ്ഞുരുകുന്നതുപോലെ അലിഞ്ഞുപോകുന്ന അനുഭവങ്ങളും നമുക്കുണ്ടാകുന്നു.
എന്നാല്‍ മറ്റുചിലരുമായി സംസാരിക്കുമ്പോഴോ അടുത്ത് ഇടപഴകുമ്പോഴോ ഓടിരക്ഷപ്പെട്ടാല്‍ മതിയെന്ന് തോന്നിപോകുന്നു. ചിലപ്പോള്‍ അവര്‍ വലിയവലിയ കാര്യങ്ങളായിരിക്കാം സംസാരിക്കുന്നത്. പലതിനെക്കുറിച്ചും അവര്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുമുണ്ടാകാം. എന്നിട്ടും അവരുടെ സാന്നിധ്യം നമ്മെ മടുപ്പിക്കുന്നു.
ഒരു തീയറ്ററിലോ യാത്രയ്ക്കിടയിലോ കണ്ടുമുട്ടിയ വ്യക്തികള്‍ പോലും ആദ്യത്തേതുപോലെയുള്ള അനുഭവം നമുക്ക് സമ്മാനിക്കുമ്പോള്‍ നിത്യവും കാണുകയും കൂടെ സഞ്ചരിക്കുകയും ചെയ്യുന്ന ചിലരൊക്കെ രണ്ടാമത്തെ ഗണത്തില്‍ പെടുന്നു.
എന്തുകൊണ്ടായിരിക്കാമത്? ചിലരുടെ സാന്നിധ്യം അങ്ങനെയാണ് എന്നേ ഒറ്റവാക്കില്‍ പറയാന്‍ കഴിയൂ. കാരണമായും അകാരണമായും ചിലരോട് സ്‌നേഹം തോന്നുന്നതുപോലെ കാരണമായും അകാരണമായും ചിലരോട് അകല്‍ച്ചയും തോന്നുന്നു. ഒരേ തരംഗദൈര്‍ഘ്യങ്ങള്‍ പറന്നുപോകാന്‍ നമുക്ക് ഒരാകാശം തരുമ്പോള്‍ വിരുദ്ധമായ തരംഗങ്ങള്‍ ഒരുചുവടുപോലും ഒരുമിച്ച് നടന്നുപോകാന്‍ നമുക്ക് അവസരം തരാതാകുന്നു.
രണ്ടുപേര്‍ക്കിടയിലെ സാന്നിധ്യത്തില്‍ കയ്പ് കലരുന്നത് അവര്‍ക്കിടയിലെ സ്‌നേഹത്തില്‍ തീക്ഷ്ണത നഷ്ടപ്പെടുമ്പോഴോ അല്ലെങ്കില്‍ അവര്‍ക്ക് പരസ്പരം സ്‌നേഹിക്കാന്‍ കഴിയാതെ വരുമ്പോഴോ ആണ്. അവര്‍ക്ക് പൊതുവായി ചിന്തിക്കാനോ ആലോചിക്കാനോ ഒന്നുമില്ലാതെ വരുമ്പോള്‍ ആണ്.
ചിലരൊക്കെ നമ്മോട് അകന്നുപോയത് നമ്മുടെ സാന്നിധ്യങ്ങളുടെ പേരിലായിരിക്കും. സ്വാര്‍ത്ഥതയും തെറ്റിദ്ധാരണകളും മുന്‍വിധികളും അബദ്ധചിന്തകളും വികലവീക്ഷണവും പരിഹാസവും പുച്ഛവും നമ്മുടെ സാന്നിധ്യങ്ങളില്‍ നിന്ന് ഓടിയകലാന്‍ മറ്റുള്ളവരെ പ്രേരിപ്പിച്ചെന്നിരിക്കും. മറ്റൊരാളെ അംഗീകരിക്കാത്തവരുടെ സാന്നിധ്യങ്ങളില്‍ നിന്ന് വ്യക്തികള്‍ ഓടിയകലും. താന്‍ മാത്രമാണ് ശരിയെന്ന് ധരിക്കുന്നവരില്‍ നിന്നും എല്ലാറ്റിനെയും എന്തിനെയും പരിഹസിക്കുന്നവരില്‍ നിന്നും വ്യക്തികള്‍ ഓടിപോകും. ബഹുമാനവും ആദരവും സത്യസന്ധതയും തുറവിയും സുതാര്യതയും സ്‌നേഹവുമാണ് സാന്നിധ്യങ്ങളെ അലങ്കരിക്കുന്ന ബാഹ്യഘടകങ്ങള്‍. ആത്മാര്‍ത്ഥത ഇല്ലാതെ നിങ്ങള്‍ക്കെവിടെയും സ്‌നേഹസാന്നിധ്യമാകാന്‍ കഴിയില്ല. എവിടെയെങ്കിലും അവയ്ക്ക് കുറവു വരുമ്പോള്‍ സാന്നിധ്യങ്ങള്‍ അസ്വസ്ഥതകളാകുന്നു.
വിനായക് നിര്‍മ്മല്‍