അയ്യോ അച്ഛാ പോകല്ലേ എന്ന് മക്കളെക്കൊണ്ട് നിർബന്ധപൂർവ്വം പറഞ്ഞുപറയിപ്പിച്ച് കുടുംബം എന്ന വ്യവസ്ഥിതിയിൽ തന്റെ സ്ഥാനം നിലനിർത്താൻ ശ്രമിക്കുന്ന പുരുഷന്മാരെ (ചിന്താവിഷ്ടയായ ശ്യാമള) തൊണ്ണൂറുകളുടെ അവസാനപാദത്തിലെ സിനിമകളിൽ നാം കണ്ടിട്ടുണ്ട്. താൻ ഇല്ലെങ്കിൽ കുടുംബം പുലരില്ലെന്നും മുന്നോട്ടുപോകില്ലെന്നുമൊക്കെ ചില ധാരണകളാണ് പുരുഷന്മാരെ കൊണ്ട് അത്തരം ചില കടുംകൈകൾ ചെയ്യിക്കാൻ പ്രേരിപ്പിക്കുന്നത്. പക്ഷേ അത്തരം അഭ്യർത്ഥനകൾ പോലും പരിഹാസജനകമാണെന്ന് അതേ ചിത്രം തന്നെ സമർത്ഥിക്കുന്നുണ്ട്.
പുരുഷൻ ഇല്ലെങ്കിലും അല്ലെങ്കിൽ പുരുഷൻ അലസനോ കുടുംബത്തോട് നീതി പുലർത്താത്തവനോ ആകുമ്പോഴും അവനെ ആശ്രയിച്ചു മാത്രം മുന്നോട്ടുപോകേണ്ടതില്ലെന്ന് പ്രസ്തുത സിനിമയിലെ നായിക തിരിച്ചറിയുകയും അവൾ തന്റേതായ വഴിയിലൂടെ ജീവിതം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്യുന്നുണ്ട്. ഈ നായികയുടെ വികസിത രൂപമാണ് ഇന്നത്തെ സിനിമകളിലെ ഭൂരിപക്ഷ നായികമാരും.
കഴിഞ്ഞ ലക്കം പരാമർശിച്ചതുപോലെ എന്നെ സ്വസ്ഥമായി ജീവിക്കാൻ അനുവദിച്ചുകൊണ്ട് നിനക്കെന്റെ ജീവിതത്തിൽ നിന്ന് ഒഴിഞ്ഞുപോകാമോ എന്ന് (ഉയരെ) പരസ്യമായി പുരുഷനോട് ചോദിക്കുന്നവരാണ് അവരിൽ പലരും.
പുരുഷനെ മാത്രം ആശ്രയിച്ചു ജീവിക്കേണ്ടവളല്ല തങ്ങളെന്ന തിരിച്ചറിവുകൾ ഇന്നത്തെ ഒട്ടുമിക്ക സ്ത്രീകൾക്കുമുണ്ട്. അതിൽ പ്രധാന പങ്കുവഹിക്കുന്നത് സ്ത്രീകളുടെ സാമ്പത്തിക സ്വയം പര്യാപ്തയും വിദ്യാഭ്യാസ നിലവാരവും ഉയർന്ന ജീവിത സ്വപ്‌നങ്ങളുമാണ്.
പുരുഷനൊപ്പം അവളും കുടുംബ ത്തിന്റെ നടത്തിപ്പിൽ ഭാഗഭാക്കാകുന്നുണ്ട്. വരുമാനം ചെറുതോ വലുതോ ആയിക്കൊള്ളട്ടെ അവളും ഒരു ഏണിംങ് മെമ്പറാണ്. അത് അവളിൽ ഏല്പിക്കുന്ന ആത്മവിശ്വാസം തെല്ലും ചെറുതല്ല. എനിക്കോ വിവാഹത്തോടെ പഠനം തുടരാൻ കഴിഞ്ഞില്ല നിനക്ക് എന്റെ ഗതി ഉണ്ടാകരുത് എന്നാണ് ശ്യാമള തന്റെ അനുജത്തിയോട് പറയുന്നത്. അപ്പോൾ, വിദ്യാഭ്യാസം, ജോലി എന്നിവയെല്ലാം സ്ത്രീകൾക്ക് നല്കുന്ന ഇടം വലുതുതന്നെ. ആധുനിക സാങ്കേതികവിദ്യകളും നവമാധ്യമങ്ങളും ഫെമിനിസ്റ്റ് നിലപാടുകളും മൂവ്മെന്റുകളും അതിന്റെയെല്ലാം പിന്നിലെ അന്തർധാരയുമാണ്.
അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് സ്വന്തമായി കൈകാര്യം ചെയ്യാൻ കഴിയുന്നതിലേക്ക് അവൾ വളരുകയും അല്ലെങ്കിൽ സ്വന്തം കാര്യം തീരുമാനിക്കാൻ മാത്രം അവൾ ആത്മവിശ്വാസം കൈവരിക്കുകയും ചെയ്തിരിക്കുന്നു. വിജയ് സൂപ്പറും പൗർണ്ണമി എന്ന ചിത്രത്തിലെ നായിക പുരുഷനെക്കാൾ ജീവിതവിജയം കൈവരിക്കാൻ കരുത്തുനേടിയവളാണ്. സ്വന്തം കാലിൽ നില്ക്കാൻ പ്രാപ്തി നേടിയവളാണ് അവൾ. ചെറിയ ചെറിയ ബിസിനസുകൾ ചെയ്ത് ആഗ്രഹിക്കുന്ന ഉയരങ്ങളിലേക്ക് എത്താനാണ് അവൾ ശ്രമിക്കുന്നത്. മായാനദിയിലെയും ജൂണിലെയും നായികമാരും സ്വന്തമായി വരുമാനം നേടിയവരും അത് സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കാൻ സ്വാതന്ത്ര്യമുള്ളവരുമാണ്.
ആദാമിന്റെ വാരിയെല്ല് എന്ന എൺപതുകളിലെ കെ.ജി. ജോർജ് സിനിമയിലെ മധ്യവർത്തി കുടുംബത്തിലെ വീട്ടമ്മയായ സുഹാസിനിയുടെ കഥാപാത്രം സർക്കാരുദ്യോഗസ്ഥയാണ്. പക്ഷേ അലസനും മദ്യപനുമായ ഭർത്താവിന് ശമ്പളം കൊടുക്കാൻ നിർബന്ധിക്കപ്പെടുകയും അയാളുടെ ആജ്ഞകൾ അനുസരിച്ച് ജീവിക്കാൻ ജീവിതം വച്ചുനീട്ടികൊടുക്കുകയും ചെയ്യുന്നവളാണ് അവൾ. ഇന്നത്തെ ഒരു സിനിമയിലും അത്തരമൊരു നായികയെ കണ്ടെത്തുക എന്നത് ദുഷ്‌ക്കരമാണ്.
ഷാജൂൺ കാര്യാൽ സംവിധാനം ചെയ്ത ചേട്ടായീസ് എന്ന സിനിമയിൽ ബിജുമേനോന്റെ ഭർത്താവ് കഥാപാത്രം മിയയുടെ ഭാര്യാ കഥാപാത്രത്തെ തല്ലുന്ന രംഗമുണ്ട്. ഒട്ടും വൈകാതെ ഭർത്താവിനെ തന്നെ തിരിച്ചടിക്കുകയാണ് അവൾ. ഇത് പുരുഷാധിപത്യത്തിന്റെ പത്തിക്കുള്ള അടിയാണോ അതോ സ്ത്രീവിജയത്തിന്റെ മുന്നേറ്റമാണോ? ഉത്തരത്തിന് താമസമെടുക്കുമെങ്കിലും അടിയും ഇടിയും കൊണ്ട് കഴിയേണ്ടവളല്ല സ്ത്രീയെന്നു തന്നെയാണ് ഇവയെല്ലാം വ്യക്തമാക്കുന്നത്. എനിക്ക് നൊന്താൽ ഞാൻ തിരിച്ചുതല്ലും എന്ന് പറയുന്ന ഭാര്യമാരുടെ കാലം കൂടിയാണ് ഇത്.