ഇന്നുമെന്റെ കണ്ണുനീരിൽ
നിന്നോർമ്മ പുഞ്ചിരിച്ചു
ഈറൻമുകിൽ മാനത്തൊരു
ഇന്ദ്രധനുസെന്ന പോലെ..
വേദിയിൽ പാടുന്നത് പ്രസാദാണ്… 2012 നവംബർ 14 ആയിരുന്നു ആ ദിനമെന്ന് ഇന്നും ഓർമ്മിക്കുന്നു. അന്ന് ഞാൻ കിഡ്നി ഫെഡറേഷനിൽ സേവനം ചെയ്യുകയാണ്. അധികം മാസങ്ങളൊന്നും ആയിട്ടുണ്ടായിരുന്നില്ല അവിടെ ജോയ്ൻ ചെയ്തിട്ട്. ഫെഡറേഷന്റെ ആഭിമുഖ്യത്തിലുള്ള ഒരു പ്രോഗ്രാമിലായിരുന്നു പ്രസാദ് പാടിയത്.
പ്രസാദ് കിഡ്നി പേഷ്യന്റാണെന്നും ഫെഡറേഷനിൽ ട്രാൻസ്പ്ലാന്റേഷന് വേണ്ടി പേരു രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പിന്നീടാണ് ഞാൻ അറിഞ്ഞത്. സാധാരണയായി കിഡ്നിരോഗികളുടെയെല്ലാം മുഖത്ത് നിരാശയും സങ്കടവും ആകുലതയും ആർക്കും തിരിച്ചറിയാൻ കഴിയും വിധത്തിൽ പരന്നുകിടക്കാറുണ്ട്. പക്ഷേ അതിൽ നിന്നെല്ലാം വ്യത്യസ്തനായിരുന്നു പ്രസാദ്. പ്രസാദിന്റെ മുഖത്ത് എപ്പോഴും പ്രസാദം പരന്നുകിടന്നിരുന്നു. അവൻ ഒരു മ്യൂസിക് ടീമിലെ അംഗമാണെന്നും നന്നായി പാടുകയും ഫ്ളൂട്ട് വായിക്കുകയും ചെയ്യുമെന്നും പരിചയപ്പെട്ടപ്പോൾ എനിക്ക് മനസ്സിലായി. അന്ന് പിരിയുമ്പോൾ ഞാനൊരു കാര്യം പ്രസാദിനെ ഓർമ്മിപ്പിച്ചിരുന്നു. പേരു രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല. ഇടയ്ക്കിടെയെല്ലാം വന്ന് അന്വേഷിക്കണം. എങ്കിലേ ഞങ്ങൾക്കും പ്രസാദിനെ ഓർമ്മ വരൂ.
കിഡ്നി ഫെഡറേഷനിൽ എത്രയോ പേർ രജിസ്റ്റർ ചെയ്തിരിക്കുന്നു. മുൻഗണന അനുസരിച്ചാണ് അവിടെ കാര്യങ്ങൾ ചെയ്യുന്നതെങ്കിലും പേരു രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യം നടക്കണമെന്നില്ല. ഇടയ്ക്കിടെ വന്ന് അന്വേഷിക്കുമ്പോൾ നമുക്ക് അയാളുടെ കാര്യത്തിലും പ്രത്യേകമായ താല്പര്യം ഉണ്ടാവും. അതുകൊണ്ട് ഇനി മടിവിചാരിക്കാതെ ഇടയ്ക്കിടെയെല്ലാം വന്ന് അന്വേഷിക്കാമെന്ന് സമ്മതിച്ചിട്ടാണ് പ്രസാദ് അന്ന് പോയത്.
വൃദ്ധയായ അമ്മയും പ്രസാദുമാണ് ചെറിയൊരു വീട്ടിൽ കഴിഞ്ഞുകൂടുന്നത്. പ്രസാദ് നാട്ടിൽ എല്ലാവർക്കും ജനകീയനായിരുന്നു. കിഡ്നി രോഗം ബാധിച്ചുവെന്നും ട്രാൻസ്പ്ലാന്റേഷൻ അത്യാവശ്യമാണെന്നും മനസ്സിലായപ്പോൾ നാട്ടുകാർ തന്നെ ഒരു കമ്മറ്റിയുണ്ടാക്കുകയും ധനസമാഹരണം നടത്തുകയും ചെയ്തിരുന്നു. ചേട്ടൻ അന്ന് കിഡ്നി കൊടുക്കാമെന്ന് സമ്മതിച്ചതുകൊണ്ടാണ് ഇങ്ങനെയൊരു കമ്മറ്റിയുണ്ടാക്കിയതും. പക്ഷേ കൃത്യസമയമായപ്പോൾ ചേട്ടൻ കാലുമാറി. ഇത്തരം പല അനുഭവങ്ങളും കേട്ടിട്ടുള്ളതുകൊണ്ട് പ്രസാദിന്റെ ഈ കഥയെന്നെ തെല്ലും വിസ്മയിപ്പിച്ചില്ല.
ചേട്ടൻ കാലുമാറിയതോടെ പ്രസാദിന്റെ മുമ്പിലുള്ള വഴികൾ അടഞ്ഞു. പ്രതീക്ഷിക്കാതെയിരിക്കുമ്പോൾ പ്രതീക്ഷ ലഭിക്കുകയും വീണ്ടും അതിനെക്കാൾ വേഗത്തിൽ അത് മാഞ്ഞുപോകുകയും ചെയ്യുമ്പോഴുണ്ടാകുന്ന നിരാശ ഭീകരമാണ്. പ്രസാദിന്റെ അവസ്ഥയും അങ്ങനെയായിരുന്നു. കിഡ്നി കൊടുക്കാൻ സമ്മർദ്ദം കൂടിവരുമോയെന്ന് ഭയന്നാവാം ചേട്ടനും ഭാര്യയും കൂടി ആ വീടു വിട്ടുപോകുകയും ചെയ്തു. അങ്ങനെയാണ് ചെറിയൊരു വീട്ടിൽ പ്രസാദും അമ്മയും തനിച്ചായത്.
ഈ സമയത്തെല്ലാം പ്രസാദ് ഡയാലിസിസിന് വിധേയനാകുന്നുണ്ടായിരുന്നു. ഇന്ന് പലയിടത്തും സൗജന്യമായി ഡയാലിസിസ് നടത്തികൊടുക്കാറുണ്ടല്ലോ. ഈ സെന്ററുകളുടെ സഹായം കൈപ്പറ്റിക്കൊണ്ടാണ് പ്രസാദ് ഡയാലിസിസ് ചെയ്തിരുന്നത്. ഉദാഹരണത്തിന് ഒരു തവണ എക്സ് എന്ന സ്ഥലത്താണ് ഡയാലിസിസ് നടത്തിയതെങ്കിൽ അടുത്ത തവണ പ്രസാദ് പോകുന്നത് വൈ എന്ന സ്ഥലത്തേക്കായിരിക്കും. ഒരേ രോഗിയെതന്നെ സ്ഥിരമായി പരിഗണിക്കുമ്പോൾ സെന്ററുകാർക്കും ഉണ്ടായേക്കാവുന്ന ഈർഷ്യകളെ ഇങ്ങനെയാണ് പ്രസാദ് മറികടന്നത്. ഇങ്ങനെ മാറിമാറി സൗജന്യ ഡയാലിസിസുകളെ ആശ്രയിക്കുന്നതുവഴിയാണ് നിർദ്ധനനായിരുന്നിട്ടും പ്രസാദ് കടക്കാരനാകാതിരുന്നതും ആകെയുള്ള സ്ഥലവും വീടും വില്ക്കാതിരുന്നതും. പ്രസാദ് എന്ന വ്യക്തിയുടെ പ്രായോഗികവീക്ഷണവും ജീവിതത്തോടുള്ള സമീപനവുമാണ് ഇവിടെ വ്യക്തമാകുന്നത്. കിടപ്പാടം വിറ്റു തന്നെ ചികിത്സിച്ചാൽ ഒരുപക്ഷേ അധികം വൈകാതെ താൻ മരിച്ചുപോകുക കൂടി ചെയ്താൽ അമ്മ വഴിയാരാധാരമാകുമോയെന്ന പേടിയും പ്രസാദിനുണ്ടായിരുന്നിരിക്കണം. സഹോദരങ്ങളിൽ നിന്ന് സന്തോഷകരമായ ഇടപെടലൊന്നും അയാൾക്ക് പ്രതീക്ഷിക്കാനുമുണ്ടായിരുന്നില്ലല്ലോ?
പ്രസാദിന്റെ മറ്റൊരു നന്മ കൂടി പരാമർശിക്കേണ്ടതുണ്ട്. സാധാരണയായി രോഗികൾ തങ്ങൾ കൈപ്പറ്റുന്ന സഹായത്തിന്റെ ഉറവിടങ്ങളെക്കുറിച്ച് മറ്റുരോഗികളുമായി പങ്കുവയ്ക്കാറില്ല. അവർ അവിടേയ്ക്ക് ചെന്നാൽ തങ്ങൾക്ക് കിട്ടിക്കൊണ്ടിരിക്കുന്നത് നഷ്ടപ്പെട്ടുപോകുമോ, കുറഞ്ഞുപോകുമോ എന്നെല്ലാമുള്ള അനാവശ്യമായ ഭീതി കാരണമാണ് അവർ ഇക്കാര്യങ്ങൾ പങ്കുവയ്ക്കാത്തത്. പക്ഷേ പ്രസാദ് അവിടെയും വ്യത്യസ്തനായിരുന്നു. താൻ സഹായം കൈപ്പറ്റിയസ്ഥലങ്ങളെക്കുറിച്ചും സ്വീകരിക്കാൻ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ചും അയാൾ മറ്റ് രോഗികളുമായി പങ്കുവച്ചു. പലരെയും തനിക്കൊപ്പം സൗജന്യ ഡയാലിസിസ് കേന്ദ്രങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോയി.
പ്രസാദിന്റെ ആ നന്മയെ ദൈവം മാനിച്ചതിന്റെ ഫലമായിരുന്നു റീത്താന്റിയുടെ മനസ്സിൽ ദൈവം കൊടുത്ത പ്രചോദനം. ഓരോ രോഗികൾക്കുമായി ദൈവം ആരെയെങ്കിലുമൊക്കെ അവരുടെ വഴിയിലേക്ക് നീക്കിനിർത്തുന്നുണ്ടെങ്കിൽ അതിന് പിന്നിൽ ആ മനസ്സുകളുടെ പ്രാർത്ഥന മാത്രമല്ല നന്മയും ഉണ്ടെന്ന് വിചാരിക്കുന്നതിൽ തെറ്റില്ലെന്ന് തോന്നുന്നു. അല്ലെങ്കിൽ എങ്ങനെയാണ് ഒരിക്കൽ പോലും അറിയുകയും കേൾക്കുകയും ചെയ്തിട്ടില്ലാത്തവർക്കായി കിഡ്നി ദാനം ചെയ്യാൻ മനുഷ്യസ്നേഹികൾ മുന്നോട്ടുവരുന്നത്?
റീത്താന്റി കിഡ്നി ഫെഡറേഷനിലെ സ്റ്റാഫായിരുന്നു. അതോടെ പ്രസാദിന്റെ ജീവിതത്തിൽ വീണ്ടും പ്രതീക്ഷകൾ നാമ്പെടുത്തുതുടങ്ങി. എന്നാൽ അതിന് ആയുസ് വളരെ കുറവായിരുന്നു. മെഡിക്കൽ കമ്മീഷന് മുമ്പിൽ കിഡ്നി ദാനം ചെയ്യാൻ സന്നദ്ധത പ്രകടിപ്പിക്കുന്നതിനായി ഹാജരാകുന്നതിന്റെ ആ ദിവസം കുളിമുറിയിൽ തെന്നിവീണ് റീത്താന്റിയുടെ കാലൊടിഞ്ഞു. പ്രസാദിന്റെ ജീവിതം വീണ്ടും ഇരുണ്ടു.
ഇനി കാലിലെ ഫ്രാക്ച്ചറൊക്കെ നീക്കി സമയമെടുത്താണെങ്കിലും ട്രാൻസ്പ്ലാന്റേഷൻ നടത്താമെന്ന് തീരുമാനിച്ചാൽപോലും വേറെയും ചില പ്രശ്നങ്ങളുണ്ട്. മുറിവുണങ്ങാൻ കഴിക്കുന്ന മരുന്നു മൂലം കിഡ്നി ദാതാവിന്റെ രക്തത്തിൽ ചിലപ്രശ്നങ്ങളുണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് റീത്താന്റി തയ്യാറാണെങ്കിൽ തന്നെ ട്രാൻസ്പ്ലാന്റേഷൻ നടക്കണമെന്ന്നിർബന്ധമില്ല.
മാസങ്ങൾ വീണ്ടും കടന്നുപോയി. റീത്താന്റിയുടെ ഫ്രാക്ച്ചർ നീക്കി. കിഡ്നി കൊടുക്കാനുള്ള സന്നദ്ധത അപ്പോഴും റീത്താന്റിയിൽ നിന്ന് മാഞ്ഞുപോയിട്ടുണ്ടായിരുന്നില്ല. പരിശോധനകൾക്കെല്ലാം റീത്താന്റി വിധേയയായി. അത്ഭുതമെന്ന് പറയട്ടെ ആന്റിയുടെ രക്തത്തിൽ കഴിച്ച മരുന്നിന്റേതായ യാതൊരു ദോഷവശങ്ങളും ഉണ്ടായിരുന്നില്ല. റീത്താന്റിയുടെ കിഡ്നി തനിക്ക് അനുയോജ്യമാണെന്നറിഞ്ഞപ്പോൾ പ്രസാദിന്റെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തതായിരുന്നു. പക്ഷേ അവന്റെ ഉള്ളിൽ പെട്ടെന്ന് തന്നെ മറ്റൊരു ചിന്ത കടന്നുവന്നു. ഓപ്പറേഷൻ കഴിഞ്ഞ് തന്റെ കൂടെ ആരു നില്ക്കും? ട്രാൻസ്പ്ലാന്റ് ചെയ്ത വ്യക്തി ഏറെക്കുറെ ഐസലേറ്റഡ് ആയ അവസ്ഥയിലാണ് തുടർന്നുള്ള ഏതാനും മാസക്കാലം ജീവിക്കേണ്ടത്. ഒരു വ്യക്തിക്ക് മാത്രമേ അടുത്ത സമ്പർക്കം പുലർത്താൻ കഴിയുകയുള്ളൂ. പ്രസാദിന്റെ അമ്മയ്ക്ക് അങ്ങനെയൊരു ചുറ്റുപാടിൽ കഴിഞ്ഞുകൂടുക സാധ്യമല്ലായിരുന്നു. അപ്പോൾ പെട്ടെന്ന് എന്റെ മനസ്സിലേക്ക് വന്നത് ഇങ്ങനെയൊരു ചിന്തയാണ്. ഞാനത് പ്രസാദിനോട് പറഞ്ഞു, നിനക്ക് വൃക്ക കിട്ടാനുണ്ടെങ്കിൽ നിന്നെ നോക്കാനും ആളെ കിട്ടും. വൃക്കയെക്കാൾ വലുതല്ലല്ലോ ഒരു ബൈസ്റ്റാന്റർ?
ആ വാക്ക് സത്യമായി. പ്രസാദിന്റെ വിവാഹിതയായ സഹോദരി ഓപ്പറേഷന് ശേഷമുള്ള അവന്റെ ശുശ്രൂഷയുടെ ചുമതലയേറ്റെടുത്തു. ഓപ്പറേഷൻ കഴിഞ്ഞു. അതിനടുത്ത ദിവസങ്ങളിൽ ബാത്ത്റൂമിലേക്ക് കയറിയ പ്രസാദ് ഏറെ സമയം കഴിഞ്ഞാണ് തിരികെയിറങ്ങിയത്. പുറത്തേക്ക് വന്നപ്പോൾ അവന്റെ മുഖത്ത് ഒരു വിജയിയുടെ സന്തോഷം..
ചോദ്യഭാവത്തിൽ നോക്കിയ എന്നോട് അവൻ പറഞ്ഞു: ”എന്റെ സാറേ, എട്ടുവർഷം കൂടി ഇന്നാ മൂത്രമൊഴിച്ചത്. മൂത്രമൊഴിക്കുന്നതിന്റെ സുഖമെന്താണെന്ന് ഇപ്പോഴാ ആദ്യമായി മനസ്സിലാക്കിയത്.”
അത് വലിയൊരു തിരിച്ചറിവായിരുന്നു എനിക്ക്. ആരോഗ്യത്തോടെ ജീവിക്കുമ്പോൾ, അവയവങ്ങൾ എല്ലാം ക്രമം പോലെ പ്രവർത്തിക്കുമ്പോൾ, ദൈവം നമുക്ക് നല്കിയിരിക്കുന്ന അവയവത്തിന്റെ മഹത്ത്വത്തെക്കുറിച്ച്, പ്രാധാന്യത്തെക്കുറിച്ച് നാം ഓർമ്മിക്കാറില്ല. ദൈവത്തിന് നന്ദി പറയാറുമില്ല. ഇത് വായിക്കുന്ന ഓരോരുത്തരും സ്വയം ചോദിക്കുക. ഇത്രയും കാലം ഞാൻ ആരോഗ്യത്തോടെ ജീവിച്ചിരുന്നതിന്, എന്റെ ശരീരത്തിലെ ഓരോ അവയവങ്ങളും പണിമുടക്കാതിരുന്നതിന് ഞാൻ എന്നെങ്കിലും എപ്പോഴെങ്കിലും ഒരു തവണയെങ്കിലും ദൈവത്തിന് നന്ദി പറഞ്ഞിട്ടുണ്ടോ? സ്വന്തം ആരോഗ്യത്തിന്റെയും ശരീരത്തിന്റെയും മൂല്യം തിരിച്ചറിയണമെങ്കിൽ ഇതുപോലുള്ള രോഗികളുടെ ജീവിതത്തിന്റെ നിസ്സഹായതകളിലൂടെ കടന്നു പോകുക തന്നെ വേണം.
(കിഡ്നി ദാതാവ്, സാമൂഹ്യപ്രവർത്തകൻ,
തൃശൂർ സ്വദേശി)