ഇന്ത്യക്കാരില്‍ 87.9 ശതമാനത്തിനും ബാധകമായ ഒരു രോഗമാണത്രെ മൈഗ്രെയ്ന്‍. 182 പേരില്‍ പഠനം നടത്തിയപ്പോള്‍ അതില്‍ 160 പേര്‍ക്കും മൈഗ്രെയ്ന്‍ ഉണ്ടായിരുന്നു എന്നാണ് വെളിവായിരിക്കുന്നത്. മൈഗ്രെയന് കാരണമാകുന്നത് വിവിധ സാഹചര്യങ്ങളും ഘടകങ്ങളുമാണ്. വൈകാരികമായ സമ്മര്‍ദ്ദങ്ങളുടെ പങ്ക് ഇതില്‍ എഴുപത് ശതമാനത്തോളം വരും. ശാരീരികമായ ബുദ്ധിമുട്ടുകളും യാത്രകളും 52.5 ശതമാനവും ഫാസ്റ്റിങ് 46.3 ശതമാനവും പങ്കുവഹിക്കുന്നുണ്ട്. ഉറക്കവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് 44.4 ശതമാനം. സ്ത്രീകളില്‍ ആര്‍്ത്തവവുമായി ബന്ധപ്പെട്ടവ 12.8 ശതമാനം വരും. അതുപോലെ കാലാവസ്ഥയും മൈഗ്രെയ്‌ന് കാരണമാകുന്നുണ്ട്. മൈഗ്രെയ്ന്‍ കുറയ്ക്കാനും ഇല്ലാതാക്കാനും മനസ്സുവച്ചാല്‍ സാധിക്കുമെന്നാണ് ഡോക്ടര്‍മാരുടെ അഭിപ്രായം. അവര്‍ അതിലേക്കായി പങ്കുവയ്ക്കുന്ന നിര്‍ദ്ദേശങ്ങള്‍ ഇവയാണ്.
ടെന്‍ഷന്‍ ഫ്രീയാകുക
എല്ലാത്തരം മൈഗ്രെയ്‌നും പ്രധാന കാരണം ടെന്‍ഷനാണ്. പലവിധത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്ക് വിധേയമാണ് നമ്മുടെ സാമൂഹ്യജീവിതം. പക്ഷേ അവയ്ക്ക് അടിമപ്പെട്ടുപോയാല്‍ മൈഗ്രെയ്ന്‍ കൂടിയായിരിക്കും ഫലം.അതുകൊണ്ട് ഉത്കണ്ഠരഹിതമായ ജീവിതം ശീലിക്കുക.
ലഘുവ്യായാമങ്ങളില്‍ ഏര്‍പ്പെടുക.
വ്യായാമം ആരോഗ്യത്തിന് മാത്രമല്ല മനസ്സിനും നല്ലതാണ്. അതുപോലെ മൈഗ്രെയ്‌നും. പ്രത്യേകിച്ച് യോഗ, മെഡിറ്റേഷന്‍, നടത്തം തുടങ്ങിയവ.
ഭക്ഷണം ഒഴിവാക്കരുത്
തിരക്കില്‍ ഭക്ഷണം കഴിക്കാതെ പോകുന്നത് മൈഗ്രെയ്ന്‍ കൂടാന്‍ കാരണമാകും. പോഷകസമൃദ്ധവും ഒമേഗ 3 അടങ്ങിയിരിക്കുന്നതുമായ ഭക്ഷണം ശീലമാക്കുക
അധികയാത്രകള്‍ കുറയ്ക്കുക
മണിക്കൂറുകള്‍ നീണ്ട യാത്രകള്‍ കാരണം പലരും ഈ രോഗത്തിന് അടിപ്പെട്ടുപോകാറുണ്ട്. അതുകൊണ്ട് ഒഴിവാക്കാന്‍ കഴിയുന്ന നീണ്ടയാത്രകള്‍ ഒഴിവാക്കുക തന്നെ വേണം.
ഡിഹൈഡ്രേഷന്‍ ഒഴിവാക്കുക
യാത്രകളിലോ ജോലികള്‍ക്കിടയിലോ എന്തുമായിരുന്നുകൊള്ളട്ടെ വെള്ളം കുടി കുറയ്ക്കരുത്. ഡിഹൈഡ്രേഷന്‍ മൈഗ്രെയ്ന്‍ വര്‍ദ്ധിപ്പിക്കുന്നുണ്ട്. ദിവസം രണ്ടു ലിറ്റര്‍ വെള്ളം കുടിക്കണം.
നല്ല ഉറക്കം
ദിവസം ഏഴുമുതല്‍ പത്തു മണിക്കൂര്‍വരെ നിര്‍ബന്ധമായും ഉറങ്ങണം. മൈഗ്രെയ്‌നെ ഇല്ലാതാക്കാന്‍ ഒരു പരിധിവരെ നല്ല ഉറക്കത്തിന് കഴിയും.