രാവിലെ നാലുവയസുകാരനായ ഇളയ മകന് ഭക്ഷണം കൊടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഓര്‍മ്മവന്നത്, കോഴിക്കൂട് തുറന്നുവിട്ടില്ലല്ലോയെന്ന്. ഒമ്പതു മണി സമയം കഴിഞ്ഞിരുന്നു. ഭക്ഷണം കൊടുക്കുന്നത് തല്‍ക്കാലത്തേക്ക് നിര്‍ത്തിയിട്ട് വേഗം ചെന്ന് കോഴിക്കൂട് തുറന്നുവിട്ടു.
വീണ്ടും മകന്റെ അടുക്കലേക്ക് വന്നപ്പോഴേയ്ക്കും കോഴികളെല്ലാം എന്റെ പുറകെ വന്നു. തീറ്റ കിട്ടുമെന്ന പ്രതീക്ഷയോടെ അവറ്റകള് വരാന്തയിലേക്കും കയറി. മഴക്കാലമായതുകൊണ്ട് അവറ്റകളുടെ ദേഹത്തു നിന്ന് കൂടുതലായി മണം അനുഭവപ്പെടുന്നുമുണ്ടായിരുന്നു.
ദുര്‍ഗന്ധം അനുഭവപ്പെട്ടപ്പോള്‍ മകന് ഉടന്‍ അകത്തേക്കോടി കയറി
എന്തൊരു നാറ്റമാ അപ്പേ കോഴിക്ക് എന്ന് പറഞ്ഞ്.
ഞാന്‍ അറിയാതെ അവനുള്ള ഭക്ഷണപാത്രത്തിലേക്ക് നോക്കി. അതില്‍ കോഴിമുട്ടയുടെ ബാക്കിയുണ്ടായിരുന്നു. അപ്പോള്‍ ഞാന്‍ അവനോട് ചോദിച്ചു,കോഴിക്ക് നാറ്റം, കോഴിമുട്ടയ്ക്ക് നാറ്റമൊന്നും ഇല്ലല്ലോ അല്ലേടാ.
ചോദിച്ചതിന്റെ അര്‍ത്ഥം മനസ്സിലായില്ലെങ്കിലും അവന് നിഷ്ക്കളങ്കമായി വെറുതെ ചിരിച്ചു.
ശരിയാണ് ഇത് നമ്മുടെയെല്ലാവരുടെയും പ്രത്യേകതയാണ്. ഒരുപാട് മണങ്ങളിലൂടെ കടന്നുപോകുന്നവരും പോയിട്ടുള്ളവരുമാണ് നമ്മള് ഓരോരുത്തരും. മണത്തില്‍ നിന്നുണ്ടാകുന്ന ഫലം അനുഭവിക്കുന്നവരും ആസ്വദിക്കുന്നവരുമാണ്. പക്ഷേ മണം നമുക്ക് സ്വീകാര്യമാകുന്നില്ല. പ്രത്യേകിച്ച് മണം ദുര്ഗന്ധമാകുന്പോള്. കോഴിമുട്ട ഇഷ്ടപ്പെടുകയും കോഴിയുടെ മണം ഇഷ്ടപ്പെടാതിരിക്കുകയും ചെയ്യുന്നതുപോലെ തന്നെ.
വിയര്‍പ്പൊഴുക്കി അദ്ധ്വാനിച്ച് കുടുംബം നോക്കി നടത്തുന്ന ഗൃഹനാഥന്റെ വിയര്‍പ്പിന്റെയും വായ് യുടെയും മണം ആര്‍ക്കും ഇഷ്ടമല്ല, പക്ഷേ അതില്‍ നിന്ന് അനുഭവിക്കുന്ന അപ്പം എല്ലാവര്ക്കും വേണം. രാവും പകലും എന്നോണം അടുക്കളയിലും പറമ്പിലും പണിയെടുത്ത് എങ്ങനെയെങ്കിലും ഒന്ന് കിടന്നാല്‍ മതിയെന്ന് പറഞ്ഞ് കിടക്കയിലേക്ക് ചായുന്ന സാധാരണക്കാരിയായ വീട്ടമ്മയുടെ വിയര്‍പ്പിന്റെയും അലച്ചിലിന്റെയും മണം മൂക്കത്തു വരുമ്പോള്‍ ഭര്‍ത്താവു പോലും മടുപ്പോടെ പറയും, നിനക്ക് അല്പം വൃത്തിക്കും മെനയ്ക്കും നടന്നൂടെ? മക്കളാണെങ്കില്‍ അറപ്പോടെ പറയും ഈ അമ്മയ്ക്ക് ഒരു വൃത്തിയുമില്ല, എന്തൊരുമണമാ..
കുമ്പസാരിച്ചുവരുന്നവരില് ചിലര്‍ പറഞ്ഞുകേട്ടിട്ടുണ്ട്, ഹോ ആ അച്ചന്റെയൊരു വായ് നാറ്റം. എന്തൊരു മണമാ.
ശരിയായിരിക്കാം അച്ചന് വായ്നാറ്റമുണ്ടാകാം. അഞ്ചോ പത്തോ മിനിറ്റ് ഒരാളുടെ വായ്നാറ്റം കുമ്പസാരക്കൂട്ടില്‍ പോലും സഹിക്കാന്‍ കഴിയാത്ത നമ്മള് അറിയുന്നുണ്ടോ നമ്മളെ പോലെയുള്ള എത്രയോ പേരുടെ ശ്വാസോച്ഛാസവും വിയര്‍പ്പുനാറ്റവും വായ് നാറ്റവും അറിഞ്ഞുകൊണ്ടാണ് ആ വൈദികന് കുമ്പസാരക്കൂട്ടില്‍ സമയം ചെലവഴിക്കുന്നതെന്ന്.
വഹിക്കുന്നവന് ഒരിക്കലും അറിയുന്നില്ല സഹിക്കുന്നവനേ വായ്നാറ്റം പോലെയുള്ള ദുര്‍ഗന്ധങ്ങള്‍ അറിയുന്നുള്ളൂ എന്ന് എവിടെയോ വായിച്ചുകേട്ടിട്ടുണ്ട്. മറ്റൊരാളുടെ മണത്തിനെതിരെ വിരല്‍ ചൂണ്ടുന്ന നമുക്കറിയില്ല നമുക്കെന്തുമാത്രം മണമുണ്ടെന്ന്.
ഒരു സുഹൃത്തും ഭാര്യയും തമ്മിലുള്ള പിണക്കങ്ങള്‍ക്ക് ഒരിക്കല്‍ മാധ്യസ്ഥം വഹിക്കാന്‍ അവര്‍ വിളിച്ചതുകൊണ്ട് ഒരിക്കല്‍ പോകുകയുണ്ടായി- മാധ്യസ്ഥം വഹിക്കാനുള്ള യോഗ്യതയുള്ളതുകൊണ്ടോ അതില്‍ വിജയിക്കുന്നതുകൊണ്ടോ അല്ല കേട്ടോ അവര്‍ എന്നെ ഗൗരവത്തില്‍ എടുത്തതുകൊണ്ട് മാത്രം- അന്ന് ആ ഭാര്യ പറഞ്ഞത് ഭര്‍ത്താവിന് ഭയങ്കര ദുര്‍ഗന്ധമാണ് എന്നായിരുന്നു. വളരെക്കാലം അവനുമായി അടുത്തുപരിചയിച്ചിട്ടുള്ള വ്യക്തിയായിരുന്നിട്ടും എനിക്ക് അവന് ദുര്ഗന്ധമുളളതായി അനുഭവപ്പെട്ടിരുന്നില്ല. എന്തായാലും പിന്നീട് അവര്‍ വേര്‍പിരിയുക തന്നെ ചെയ്തു.
തിരക്കുള്ള ബസിലോ പൊതു ഇടങ്ങളിലോ ഒക്കെ ആയിരിക്കുമ്പോള്‍ പലതരത്തിലുള്ള ദുര്‍ഗന്ധങ്ങളും നമുക്ക് അനുഭവപ്പെടാറുണ്ട്., കീഴ് ശ്വാസങ്ങളുള്പ്പടെ. അപ്പോഴൊക്കെ മൂക്കുപൊത്തി നാം പറയും ഇവനൊക്കെ രാവിലെ കക്കൂസില്‍ പോകാന്‍ മേലേ? പക്ഷേ ഏതെങ്കിലും മരുന്ന് കഴിച്ചതിന്റെ പേരിലോ അസുഖങ്ങളുടെ പേരിലോ കൃത്യമായി ശോധന നടക്കാതെ വരുന്ന സാഹചര്യത്തില്‍ നാം തന്നെ ഒരു അധോവായു പുറപ്പെടുവിക്കുമ്പോള്‍ നാം തിരിച്ചറിയുന്നു, ഇത് എല്ലാവര്ക്കും ഉള്ളതും എല്ലാവരും ചെയ്യുന്നതുമാണ് എന്ന്.
ഒരുപക്ഷേ ചില മണങ്ങളൊക്കെ നമ്മള് സഹിക്കുകയോ അല്ലെങ്കില്‍ നമ്മെ മടുപ്പിക്കുകയോ ചെയ്യാത്തത് ആ വ്യക്തിയോടുള്ള സ്നേഹം കൊണ്ടായിരിക്കണം. മദര്‍ തെരേസയെയും ഡാമിയനെയും പോലെയുള്ള വിശുദ്ധ ജന്മങ്ങളെ മാറ്റിനിര്‍ത്തിക്കൊണ്ടു തന്നെ നമ്മുടെ സാധാരണക്കാരായ നേഴ്സുമാരെ നോക്കൂ. എന്തുമാത്രം അറപ്പും വെറുപ്പും തോന്നുന്നവയാണ് പുറമേയ്ക്ക ഒരു മടിയും മടുപ്പും കൂടാതെ അവര്‍ കൈകാര്യം ചെയ്യുന്നത്.
കഴിഞ്ഞ ആഴ്ചയില്‍ തൊണ്ണൂറ്റിമൂന്നുകാരനായ അപ്പന് ശ്വാസതടസം ഉണ്ടായി ഹോസ്പിറ്റലില്കൊണ്ടുപോയിരുന്നു. അപ്പന് ചുമച്ചുതുപ്പിയപ്പോള് ഒരു നേഴ്സിന്റെ കയ്യിലേക്കാണ് കഫം വീണത്. കണ്ടുനിന്ന എനിക്ക് അയ്യോ എന്ന ഭാവം ഉണ്ടായപ്പോള്‍ നേഴ്സ് പറഞ്ഞു ഓ അത് സാരമില്ല.
ജോലിയുടെ ഭാഗമായി ഏതൊക്കെയോ മണങ്ങളിലൂടെ കടന്നുപോകാന്‍ വിധിക്കപ്പെട്ടിരിക്കുന്നവരാണ് പലരും. മുന്‍സിപ്പാലിറ്റി- കോര്‍പ്പറേഷനുകളിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നവരും തോട്ടിപ്പണിക്കാരും കാന വൃത്തിയാക്കുന്നവരെയുമൊക്കെ നോക്കൂ അവരൊക്കെ എന്തുമാത്രം മണം അനുഭവിക്കുന്നുണ്ട്. എല്ലാം വൃത്തിയാക്കി വീട്ടില്‍ ചെല്ലുമ്പോള്‍ നിങ്ങള്‍ക്കെന്തു മണമാണ എന്ന് ഭാര്യയോ മക്കളോ പറഞ്ഞാല്‍ അത് അയാളിലേല്പിക്കുന്ന മുറിവ് എത്രയോ ആഴത്തിലുള്ളതായിരിക്കും.
കുടുംബത്തിന് വേണ്ടി, മറ്റുള്ളവര്‍ക്കു വേണ്ടി ത്യാഗം അനുഭവിക്കുകയും കഷ്ടപ്പാടുകള്‍ അനുഭവിക്കുകയും ചെയ്യുന്ന എല്ലാവര്ക്കും മണങ്ങളുണ്ട്. അത് കുടുംബനാഥന് മുതല്‍ കുമ്പസാരക്കൂട്ടിലുള്ള വൈദികന് വരെ. ഇതിന് മുമ്പ് പലതവണ ഈ കോളത്തില്‍ എഴുതിയതുപോലെ ചില ഓര്മ്മനഷ്ടങ്ങളാണ് നമ്മളെ നന്ദിഹീനരാക്കുന്നത്. അതുകൊണ്ട് ചില മണങ്ങള്‍ നാം ഓര്‍മ്മയില്‍ സൂക്ഷിച്ചേ തീരൂ. അത് വിയര്‍പ്പുചിന്തി പാടത്തും പറമ്പിലും പണിയെടുത്ത അപ്പന്റെ വിയര്‍പ്പിന്റെ മണമാകാം. അടുക്കളയില്‍ പുകയുന്തി ജീവിച്ച അമ്മയുടെ പുകമണമാകാം. നാം ആരായിരുന്നുവെന്ന് ചിന്തിക്കാനും നാം എവിടെ എത്തിനില്ക്കുന്നുവെന്ന് കണ്ടെത്താനുംഅത്തരം മണങ്ങളുടെ ഓര്‍മ്മകള്‍ നാം ഉള്ളില്‍ സൂക്ഷിച്ചേ മതിയാകൂ.
ദുര്‍ഗന്ധവും സുഗന്ധവും ഒരു നാണയത്തിന്റെ ഇരുപുറങ്ങളാണ്. സ്നേഹത്തിന്റെ ദൂരവും അടുപ്പവുമാണ് അവ തമ്മിലുള്ള വ്യത്യാസം നിശ്ചയിക്കുന്നത്.
ഉദാഹരണത്തിന് ഒരമ്മ തന്റെ കുഞ്ഞിന്റെ ശൈശവ ബാല്യങ്ങളില്‍ അവന്റെ , അവളുടെ വിസര്‍ജ്ജ്യവസ്തുക്കള്‍ എത്രയോ അധികമായാണ് കൈകാര്യം ചെയ്യുന്നത്. അവളതില്‍ തെല്ലും അറപ്പോ മടിയോ ദുര്‍ഗന്ധമോ കാണുന്നുമില്ല. എന്നാല്‍ ഇതേ അമ്മ വാര്‍ദ്ധക്യത്തിലെത്തുമ്പോള്‍ അമ്മയുടെ വിസര്ജ്യങ്ങളെ മകന്/ മകള്‍ കാണുന്നതോ? അവര്‍ക്കത് അറപ്പും മടുപ്പും ഉണ്ടാക്കുന്നു.
സ്നേഹവും സ്നേഹത്തിന്റെ അഭാവവും നമ്മുടെ എല്ലാ മണങ്ങളെയും കീഴടക്കുന്നു. എന്റെ സുഗന്ധം മാത്രമല്ല ദുര്‍ഗന്ധവും സഹിക്കാന്‍ നിനക്കു കഴിയുന്പോള്‍ മാത്രേ നീയെന്നെ സ്നേഹിക്കുന്നുള്ളൂ എന്നതിന് പൂര്‍ണ്ണ കൈവരികയുള്ളൂ. സുഗന്ധങ്ങളെ മാത്രം സ്നേഹിച്ച് ദുര്‍ഗന്ധങ്ങള്‍ക്ക് നേരെ മൂക്കുപൊത്തുന്പോള് നീയെന്നെ സ്നേഹിക്കുന്നില്ല എന്നുതന്നെയാണ് അര്‍ത്ഥം.