കുമ്പളങ്ങി നൈറ്റ്‌സിലൂടെ ശ്രദ്ധേയനായ മാത്യു, ഉദാഹരണം സുജാതയിലൂടെ േ്രപക്ഷകരുടെ ഇഷ്ടം നേടിയെടുത്ത അനശ്വര രാജന്‍, താരതമ്യേന പുതുമുഖങ്ങളായ ഇവര്‍ക്കൊപ്പം ഒരുപിടി വേറെയും പുതുമുഖങ്ങള്‍. പ്രേക്ഷകര്‍ക്ക് സുപരിചിതരായിട്ടുള്ളത് വിനീത് ശ്രീനിവാസനും നിഷ സാംരംഗിയും ഇര്‍ഷാദും മാത്രം. നവാഗതനാണ് സംവിധായകനും പിന്നില്‍ പ്രവര്‍ത്തിക്കുന്നവരില്‍ ഭൂരിപക്ഷവും.
എന്നിട്ടും എങ്ങനെയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന സിനിമയ്ക്ക് ഒരു സൂപ്പര്‍ സ്റ്റാര്‍ ചിത്രത്തിന് ലഭിക്കുന്നതുപോലെ പ്രേക്ഷകപിന്തുണയും തിരക്കും ലഭിക്കുന്നത്. പണ്ടെന്നോ പറഞ്ഞതുപോലെ അരി പത്തായത്തിലുണ്ടെന്നറിഞ്ഞാല്‍ എലി വയനാട്ടില്‍ നിന്നും വരും. പക്ഷേ അരി പത്തായത്തിലുണ്ടാവണം. ശരിയാണ് പത്തായത്തില്‍ അരിയുള്ള സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. മാറുന്ന മലയാള സിനിമയുടെ പുതിയ മുഖങ്ങള്‍ക്ക് വീണ്ടുമൊരു വിജയാടയാളം.
വലിയ കഥയോ സംഭവവികാസങ്ങളോ താരപ്പൊലിമയോ ക്ലൈമാക്‌സോ ഒന്നും ഇപ്പോഴത്തെ സിനിമകള്‍ക്ക് ആവശ്യമില്ലെന്ന് തെളിയിക്കുന്ന ഒരു കൊച്ചുസിനിമ. അതെ, നല്ല സിനിമയാണ് തണ്ണീര്‍മത്തന്‍ ദിനങ്ങള്‍. ചെറുപ്പക്കാര്‍ക്ക് മാത്രമല്ല കുടുംബങ്ങള്‍ക്കും ഇഷ്ടമാകുന്ന കൊച്ചുനല്ല സിനിമ. ദാഹിച്ചുനില്ക്കുമ്പോള്‍ വേനലില്‍ ഒരു തണ്ണീര്‍മത്തന്‍ ജ്യൂസ് കഴിക്കുന്ന പ്രതീതി.
ഓരോരുത്തരുടെയും ഉള്ളിലെ കൗമാരകാലത്തിന്റെ ഓര്‍മ്മകളും സ്‌കൂള്‍ കോളജ് കാലത്തിന്റെ അനുഭവങ്ങളുമെല്ലാം തൊട്ടുണര്‍ത്തിയാണ് ഈ ചിത്രം കടന്നുപോകുന്നത്. അതിവൈകാരികതയിലേക്ക് വഴുതിവീഴാതിരിക്കുന്ന പ്രണയവും സ്വഭാവികതയുള്ള നര്‍മ്മവും ചിത്രത്തെ സമ്പന്നമാക്കുന്നുണ്ട്. എങ്കിലും ഹൈലൈറ്റ് മാത്യൂവിന്റെ ജയ്‌സണ്‍ തന്നെ. എന്തൊരു സ്വഭാവികഅഭിനയമാണ്് ജയസപ്പാ നിന്റേത്.
സംവിധായകനും തിരക്കഥാകൃത്തുക്കളിലൊരാളുമായ ഗിരീഷിന് അഭിമാനിക്കാനും സന്തോഷിക്കാനും ഏറെയുണ്ട്. പ്രേക്ഷകരില്‍ നിന്നു ഓരോ രംഗങ്ങള്‍ക്കും ഉണ്ടാകുന്ന കയ്യടികളും ആര്‍പ്പുവിളികളും ഈ ചിത്രം യുവത ഏറ്റെടുത്തിരിക്കുന്നുവെന്നാണ് പറയുന്നത്. വരും ദിനങ്ങള്‍ തണ്ണീര്‍മത്തന്റേതാകുമെന്ന് ഉറപ്പ്.
ഇപ്പോള്‍ മലയാള സിനിമ മുഴുവന്‍ എറണാകുളം ജില്ലയിലെ അവികസിത ഗ്രാമങ്ങളിലേക്കാണ് ക്യാമറ തിരിച്ചു വച്ചിരിക്കുന്നത് . ഇറങ്ങുന്ന പല സിനിമകളുടെയും ഭൂമിക കുമ്പളങ്ങിയും പച്ചാളവും ഗോതുരുത്തുമെല്ലാമാണ്. ജീവിതം ഇവിടെ മാത്രമേ ഉള്ളൂ എന്നാണാവോ ഈ പുതിയ സിനിമാക്കാരുടെ ധാരണ?
വിനായക്