യാത്രയ്ക്ക് പോകുമ്പോള്‍ പലതവണ ചര്‍ദ്ദിച്ചു അവശരാകുന്നവര്‍ മറ്റുള്ളവര്‍ക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് ചെറുതല്ല. യാത്രയിലെ ചര്‍ദ്ദിയും അനുബന്ധമായി വരുന്ന ക്ഷീണവും അസ്വസ്ഥതയും നേരിടാന്‍ ചെറിയ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി:-
- വയറുനിറയെ ഭക്ഷണം കഴിച്ചിട്ട് യാത്ര പുറപ്പെടരുത്. എരിവ്, മസാല, കൊഴുപ്പ് എന്നിവ ധാരാളമടങ്ങിയ ഭക്ഷണങ്ങളും പാനീയങ്ങളും ഒഴിവാക്കുക. കുട്ടികളാണെങ്കില്‍ യാത്ര പുറപ്പെടുംമുമ്പ് പാല് കൊടുക്കുന്നത് ഒഴിവാക്കുക. യാത്രയ്ക്ക് രണ്ടു മണിക്കൂര്‍ മുമ്പ് ഭക്ഷണം നല്‍കുക. പിന്നീട് ആവശ്യമെങ്കില്‍ ബിസ്കറ്റ് പോലെ ലഘുഭക്ഷണം മാത്രം കൊടുക്കുക.
- രൂക്ഷഗന്ധമുള്ള വസ്തുക്കള്‍ വാഹനത്തില്‍ ഒപ്പം കൊണ്ടുപോകരുത്. ചര്‍ദ്ദിക്കാന്‍ സാധ്യതയുള്ളവര്‍ വണ്ടിയിലുണ്ടെങ്കില്‍ സ്പ്രേ, സുഗന്ധദ്രവ്യങ്ങള്‍ എന്നിവ ഉപയോഗിക്കരുത്.
- ബസ്സിലും ബോട്ടിലും മറ്റും മദ്ധ്യഭാഗത്തായി ഇരിക്കുക. കാറിലാണെങ്കില്‍ കഴിവതും മുന്‍സീറ്റിലും.
- കുട്ടികള്‍ വണ്ടി ഓടുന്നതിന്റെ എതിര്‍വശത്തേയ്ക്ക് ഇരിക്കുന്നത് ചര്‍ദ്ദി ക്ഷണിച്ചു വരുത്തും.
- യാത്ര ചെയ്യുമ്പോള്‍ ചര്‍ദ്ദിക്കുന്നവര്‍ വണ്ടിയോടുന്ന സമയത്ത് പുസ്തകം വായിക്കുന്നത് ഒഴിവാക്കണം.
- അസ്വസ്ഥത തോന്നിത്തുടങ്ങുമ്പോള്‍തന്നെ ജനലുകളോ, ഗ്ലാസ്സോ തുറന്ന് ശുദ്ധവായു ശ്വസിക്കുക.
- പുറത്തേയ്ക്ക് വളഞ്ഞും, ചെരിഞ്ഞും നോക്കുന്നതും, വളഞ്ഞു കൂടി കിടക്കുന്നതും ഒഴിവാക്കി മുന്നോട്ടു തന്നെ നോക്കുന്നതാണ് നല്ലത്.
- ക്ഷീണം തോന്നിയാല്‍ അപ്പോള്‍ തന്നെ കണ്ണടച്ചിരിക്കുക. ദീര്‍ഘദൂരയാത്രയാണെങ്കില്‍ അല്‍പ്പസമയം ഉറങ്ങുന്നതും നല്ലതാണ്.
- ചര്‍ദ്ദി ഒഴിവാക്കാനുള്ള മരുന്നുകള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രം വാങ്ങി കൂടെ കരുതുക.