ആംഗലേയ കവിയും, നാടകകൃത്തുമായ വില്യം ഷേക്സ്പിയര്‍ ലോകസാഹിത്യചരിത്രത്തില്‍ ഉന്നതസ്ഥാനത്ത് വിരാജിക്കുന്നു. അദ്ദേഹത്തിന്റെ സംഭാവനകള്‍ നിസ്തുലമാണ്. ഇന്നും, ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഷേക്സ്പീരിയന്‍ കൃതികള്‍ക്കും, ഉദ്ധരിണികള്‍ക്കും പ്രസക്തി ഏറെയാണ്. ഷേക്സ്പിയര്‍ ഇന്നും പഠിതാക്കള്‍ക്ക് ഇഷ്ടവിഷയമാണ്.
ആകെ മുപ്പത്തിയെട്ടു നാടകങ്ങളാണ് ഷേക്സ്പിയര്‍ രചിച്ചിട്ടുള്ളത്. ലോകനാടകരംഗത്ത് എത്രയോ പരിവര്‍ത്തനങ്ങള്‍ക്ക് വഴിവെച്ചു, അദ്ദേഹം. ഷേക്സ്പിയര്‍ അവതരിപ്പിച്ച വിശ്വവിഖ്യാതമായ കഥാപാത്രങ്ങളെയും, അവരുടെ പ്രശസ്തങ്ങളായ സംഭാഷണങ്ങളെയും ഇന്നും സാഹിത്യകുതുകികള്‍ ആരാധനയോടെ നോക്കിക്കാണുന്നു. ഷേക്സ്പീരിയന്‍ കഥാപാത്രങ്ങളെ അഭിനയിച്ചു പ്രസിദ്ധി നേടിയവരാണ് പില്‍ക്കാലത്ത് ലോകശ്രദ്ധ പിടിച്ചുപറ്റിയ നദീനടന്മാരെല്ലാം. അതുപോലെ ഷേക്സ്പിയര്‍ കഥകള്‍ സിനിമാമാധ്യമങ്ങളിലും അരങ്ങേറി പ്രശസ്തി നേടി.
ഷേക്സ്പിയറിനെ കുറിച്ചുള്ള ചില കൌതുകകരമായ വസ്തുതകള്‍:-
- നാടകരചയിതാവ് എന്ന നിലയില്‍ അറിയപ്പെടുന്ന ഷേക്സ്പിയര്‍ ഒരു അഭിനേതാവ് കൂടിയായിരുന്നു എന്ന കാര്യം പലര്‍ക്കും അറിയില്ല. അദ്ദേഹത്തിന്‍റെ സ്വന്തം രചനകളുടെ അവതരണങ്ങളിലടക്കം പലതിലും അദ്ദേഹം അഭിനയിക്കാറുമുണ്ട്. ഹാംലറ്റ് നാടകത്തില്‍ ഷേക്സ്പിയര്‍ പ്രേതമായി അഭിനയിച്ചു എന്നതിന് തെളിവുകള്‍ ഉണ്ടത്രേ.
- ഓക്സ്ഫോര്‍ഡ് ഡിക്ഷണറി ഷേക്സ്പിയറിന് കടപ്പാട് രേഖപ്പെടുത്തിയിട്ടുണ്ട്. കാരണം, ഇംഗ്ലീഷ് ഭാഷയിലേയ്ക്ക് അദ്ദേഹം സംഭാവന ചെയ്തത് ഏതാണ്ട് മൂവായിരത്തോളം പുതിയ വാക്കുകളാണ്.
- തന്‍റെ ഇടത് കാതില്‍ ഷേക്സ്പിയര്‍ ഒരു സ്വര്‍ണ്ണവളയം അണിഞ്ഞിരുന്നുവത്രേ. അദ്ദേഹത്തിന്‍റെ പഴയ രേഖാചിത്രങ്ങളില്‍ ഇത് കാണാം.
- ഷേക്സ്പിയര്‍ വളരെ ധനികന്‍ ആയിട്ടാണ് ജീവിച്ചത്. കണക്കറ്റ സ്വത്തിനു ഉടമയായിരുന്നു അദ്ദേഹം. ബുദ്ധിമാനായ ഒരു വ്യവസായി കൂടി ആയിരുന്നു, ഷേക്സ്പിയര്‍.
- വിവാഹിതനാവുമ്പോള്‍ ഷേക്സ്പിയറിന് പ്രായം 18, അദ്ദേഹത്തിന്റെ പത്നി ആന്‍ ഹാത്തവേയ്ക്ക് പ്രായം 26. വിവാഹം നടക്കുമ്പോള്‍ ആന്‍ ഷേക്സ്പിയറുടെ കുഞ്ഞിനെ മൂന്നു മാസം ഗര്‍ഭിണിയുമായിരുന്നു. ആ കുഞ്ഞാണ് അവരുടെ മകള്‍, സൂസന്ന.· മരണശേഷം ഷേക്സ്പിയര്‍ പലര്‍ക്കുമായി പാരിതോഷികങ്ങള്‍ എന്ന നിലയില്‍ പലതും എഴുതിവെച്ചിരുന്നു. പക്ഷെ, തന്‍റെ സ്വത്തുക്കള്‍ എല്ലാംതന്നെ മകള്‍ സൂസന്നയ്ക്കാണ് അവകാശം നല്‍കിയത്.