മലയാളസിനിമ ഇപ്പോള്‍ പഴയതുപോലെയല്ലെന്ന് ആര്‍ക്കാണറിഞ്ഞുകൂടാത്തത്? പരമ്പരാഗത ശീലങ്ങളെയും നടപ്പുവഴികളെയും കഥയുടെ പറച്ചിലില്‍ മാത്രമല്ല കഥാപാത്രമായി വരുന്ന നടീനടന്മാരുടെ കാര്യങ്ങളില്‍ പോലും മാറ്റിയെഴുതിക്കൊണ്ടുള്ള മുന്നേറ്റമാണ് ഇപ്പോള്‍ മലയാളസിനിമയില്‍ കണ്ടുകൊണ്ടിരിക്കുന്നത്.
അച്ചന്‍കുഞ്ഞിനെയും ഭരത്‌ഗോപിയെയും പോലെയുള്ള അഭിനേതാക്കളെ മുഖ്യതാരങ്ങളായി അവതരിപ്പിച്ചുകൊണ്ടുള്ള പഴയകാല നായകവിപ്ലവകാലത്തും നായികമാരുടെ ആകാരവടിവില്‍ വിട്ടുവീഴ്ചയ്‌ക്കൊന്നും മലയാള സിനിമ തയ്യാറായിട്ടില്ല. ലളിതശ്രീയെ പോലെയുള്ള വണ്ണക്കൂടുതലുള്ള നടിമാരാവട്ടെ നായികാധാരയിലേക്ക് വന്നതുമില്ല.
പക്ഷേ അത്തരം ശീലങ്ങളെയും പിഴുതെറിഞ്ഞുകൊണ്ടാണ് പുതിയ സിനിമ കുതിക്കുന്നത്. സമീപകാലത്തിറങ്ങിയ രണ്ടു സിനിമകളിലെയും -തമാശ, കക്ഷി അമ്മിണിപ്പിള്ള-നായികമാര്‍ പ്ലസ് സൈസ് ഹീറോയിന്‍ സങ്കല്പത്തെ ആഴത്തില്‍ വേരുറപ്പിക്കുകയാണ് ചെയ്തത്.
സുജിത്ത് എന്ന ഗള്‍ഫുകാരന്റെ ഭാര്യയായി കാന്തി എന്ന യുവതി കടന്നുവരുന്നതും തന്നെക്കാള്‍ വണ്ണക്കൂടുതലുള്ള ഭാര്യയെ അയാള്‍ക്ക് അംഗീകരിക്കാന്‍ കഴിയാത്തതും തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് കക്ഷി അമ്മിണിപ്പിള്ള പറയുന്നത്. ഒറ്റവാക്കില്‍ പറഞ്ഞാല്‍ അതിമനോഹരമായ കൊച്ചുസിനിമയാണ് കക്ഷി അമ്മിണിപ്പിള്ള. കഥയും കാര്യവും തമാശയുമുള്ള നല്ല സിനിമ.
സൗന്ദര്യം എപ്പോഴും വൈയക്തികമാണ്.കാണുന്നവന്റെ കണ്ണിനെയാണ് അത് ആശ്രയിച്ചിരിക്കുന്നത്. കെട്ടുകാഴ്ചകള്‍ കൊണ്ട് അലങ്കരിക്കപ്പെട്ടിട്ടും ഉള്ളില്‍ സൗന്ദര്യമില്ലാതെ പോയാല്‍ ഏതുബന്ധവും വിഫലമായി പോകും. കാന്തിയുടെ രൂപം എന്താണോ, അവളുടെ കുറവുകള്‍ എന്താണോ അതിനപ്പുറം അവളുടെ മനസ്സ് കാണാന്‍ അമ്മിണിപ്പിള്ള എന്ന സുജി്ത്തിന് കാണാന്‍ കഴിയുന്നു എന്നതിലാണ് ചിത്രം അവസാനിക്കുന്നത്.സനേഹത്തോടെ നോക്കുമ്പോള്‍ ഏതൊരാളിലുമുള്ള എല്ലാകുറവുകളും ഇല്ലാതായി പോകും. സ്‌നേഹത്തോടെ നോക്കാന്‍ കഴിയാതെ പോകുന്നതാണ് നമ്മുടെ ദാമ്പത്യബന്ധങ്ങളെ പലപ്പോഴും അപകടത്തിലേക്ക് കൊണ്ടുപോകുന്നത്.
ഇണയ്ക്ക് സൗന്ദര്യം കുറവായതിന്റെ പേരില്‍, കൂട്ടുകാര്‍ ഇണയെക്കുറിച്ച് പറഞ്ഞ പരിഹാസത്തിന്റെ പേരില്‍ ഇന്നും മനസില്‍ അതോര്‍ത്ത് ഇണയെ വേദനിപ്പിക്കുന്ന എത്രയോ ദമ്പതിമാരുണ്ട് നമുക്കിടയില്‍. അതിന് പകരം ഇണയില്‍ നിന്ന് തനിക്ക് കിട്ടിയ നന്മകളെ അല്പമെങ്കിലും നന്ദിയോടെ ഓര്‍ക്കാന്‍ കഴിഞ്ഞാല്‍ ഇപ്പോഴുള്ളതിലേറെസ്‌നേഹത്തോടെ അവര്‍ക്ക് കുടുംബജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയും എന്നതല്ലേ വാസ്തവം. ?
അത്തരക്കാരെല്ലാം കണ്ടിരിക്കേണ്ട ചിത്രമാണ് അമ്മിണിപ്പിള്ള. സ്‌നേഹം കൊണ്ടും സന്മനസും കൊണ്ടുമാണ് സ്ത്രീ പുരുഷനെ നേടിയെടുക്കേണ്ടത് എന്നാണ് ഈ ചിത്രം നല്കുന്ന മറ്റൊരു സന്ദേശം. (ഒരുപക്ഷേ നമ്മുടെ സ്ത്രീവിമോചന പ്രസ്ഥാനക്കാര്‍ക്ക് ഈ സിനിമ എത്രകണ്ട് രുചിക്കും എന്ന് പറയാന്‍ കഴിയില്ല. അവര്‍ ഇതില്‍ കാണുന്നത് മിക്കവാറും സ്ത്രീവിരുദ്ധത തന്നെയായിരിക്കും.)
വിവാഹമോചനം അനുവദിച്ചുകൊണ്ട് ജഡ്ജി വിധി പ്രസ്താവിക്കുമ്പോള്‍ കണ്ണുനിറഞ്ഞുനില്ക്കുന്ന കാന്തി പ്രേക്ഷകന്റെ നെഞ്ചിലെ വേദനയാണ്. അവളെ മനസ്സിലാക്കാന്‍ പ്രേക്ഷകര്‍ക്കു സാധിക്കുന്നു എന്നതുകൊണ്ടാണത്. പതുക്കെ സുജിത്തിലേക്കും പ്രേക്ഷകന്റെ വികാരം പടര്‍ന്നിറങ്ങുകയും ഉപേക്ഷിച്ചവളുടെ കൈയ്ക്ക് അവന്‍ പിടിക്കുകയും ചെയ്യുമ്പോള്‍ ഉള്ളില്‍ നന്മയുള്ള പ്രേക്ഷകന് കയ്യടിക്കാതിരിക്കാനാവില്ല. മാസ് സിനിമയുടെ അസംഭാവ്യതയ്ക്കും ഗിമ്മിക്കുകള്‍ക്കുമുള്ള കയ്യടിയില്‍ നിന്ന് അത് വ്യത്യസ്തവുമാണ്.
ആസിഫ് അലിയുടെ അല്ല, ഷിബിലയുടെയും അഹമ്മദ് സിദ്ദിഖിയുടെയും സിനിമയാണ് ഇത് എന്നുപറയുന്നതാവും കൂടുതല്‍ ശരി. കൈയൊതുക്കമുള്ള ഭദ്രമായ തിരക്കഥയാണ് സനിലേഷ് ശിവന്റേത്. ദിന്‍ജിത്ത് അയ്യത്താന്‍ അതിനെ ഏറ്റവും ഹൃദ്യമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അഭിനന്ദനങ്ങള്‍.
തീയറ്ററുകളില്‍ നിന്ന് സിനിമ വിടും മുമ്പേ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്ത് വിജയിപ്പിക്കേണ്ട നല്ലൊരു സിനിമയാണ് ഇത് എന്ന് ഒരിക്കല്‍ക്കൂടി പറയുന്നു..
വിനായക്