ജീവിതം വിലയുള്ളതാണെന്ന് തിരിച്ചറിയുന്നവരല്ല ജീവിതം ധൂര്‍ത്തടിക്കാനുള്ളതാണ് എന്ന് തെറ്റിദ്ധരിക്കുന്നവരാണ് മയക്കുമരുന്നിന് അടിമകളാകുന്നത്. ജീവിതത്തിലെ ചില പ്രത്യേക സാഹചര്യങ്ങളിലാണ് വ്യക്തികള്‍ മയക്കുമരുന്നിന് അടിമകളാകുന്നത് എന്ന് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നു. എങ്കിലും കൗമാരകാലം മുതല്‍ ഇതിനുള്ള പ്രവണത കണ്ടുവരുന്നുണ്ട്. സ്വത്വാന്വേഷണ പ്രായമെന്ന് അറിയപ്പെടുന്ന ബാല്യത്തില്‍ നിന്ന് യൗവനത്തിലേക്ക് സഞ്ചരിക്കുന്ന പ്രായത്തിലാണ് ഇതേറ്റവും കൂടുതലായി കണ്ടുവരുന്നത് എന്ന് മനശാസ്ത്രവിദഗ്ദര്‍ പറയുന്നു.
കുടുംബസാഹചര്യങ്ങളോ കൂട്ടുകെട്ടുകളോ മാത്രമല്ല ആരാധനാമൂര്‍ത്തികളായ സെലിബ്രിറ്റികളോട് തോന്നുന്ന ജീവിതാകര്‍ഷണം വരെ ഇവരെ ഇതിലേക്ക് വഴിതെളിച്ചേക്കാം. ഒരിക്കല്‍ ഉപയോഗിച്ചാല്‍ വീണ്ടും വീണ്ടും ഉപയോഗിക്കാന്‍ തോന്നുന്ന വിധത്തിലുള്ള ആകര്‍ഷണം മയക്കുമരുന്നുകള്‍ക്കെല്ലാമുണ്ട്. ഇതിന് കാരണം തലച്ചോറിലുള്ള rewards system എന്ന ഭാഗവുമായി ലഹരിപദാര്‍ത്ഥങ്ങള്‍ കൂടികലരുമ്പോള്‍ സംഭവിക്കുന്ന പ്രേരണയാണ്. പുരുഷന്മാര്‍ മാത്രമല്ല സ്ത്രീകളും മയക്കുമരുന്നിന് അതിവേഗം അടിമകളായിക്കൊണ്ടിരിക്കുന്നു എന്ന റിപ്പോര്‍ട്ടുകളും നാം കാണുന്നുണ്ട്. മാനസിക സമ്മര്‍ദ്ദങ്ങളാണ് തങ്ങളെ മയക്കുമരുന്നിന് അടിമകളാക്കുന്നത് എന്ന സ്ത്രീകള്‍ വാദിക്കുന്നു.ഒരിക്കല്‍ ഉപയോഗിച്ചുകഴിഞ്ഞാല്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകളാണത്രെ മയക്കുമരുന്നിന് അടിമകളായിത്തീരുന്നത്. അതുപോലെ ഗര്‍ഭാവസ്ഥയില്‍ ജീവിതപങ്കാളി ലഹരിമരുന്നുകള്‍ക്ക് അടിമകളാണെങ്കില്‍ ഗര്‍ഭസ്ഥ ശിശുവിനെയും അത് ദോഷകരമായി ബാധിക്കും.
കൗമാരക്കാര്‍ മയക്കുമരുന്നു ഉപയോഗിക്കുന്നുണ്ടോ എന്ന് കണ്ടെത്തേണ്ടത് മാതാപിതാക്കളും അധ്യാപകരുമാണ്. അമിതമായ ദേഷ്യം, പഠനകാര്യത്തിലും പാഠ്യേതരകാര്യങ്ങളിലുമുള്ള താല്പര്യക്കുറവ്, അസമയത്തുള്ള പോക്കുവരവ് എന്നിവയെല്ലാം കൗമാരക്കാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണ് എന്നതിന്റെ പ്രകടമായ സൂചനകളാണ്. അതുകൊണ്ട് ഇത്തരത്തിലുള്ള സ്വഭാവപ്രത്യേകതകളും വൈകല്യങ്ങളും മനസ്സിലാക്കിക്കഴിയുമ്പോള്‍ അവരെ വിദഗ്ദചികിത്സയ്ക്ക വിധേയമാക്കേണ്ടതാണ്. മയക്കുമരുന്ന് വ്യാപാരം നമ്മുടെ കൊച്ചുകേരളത്തില്‍ വന്‍തോതില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്നു എന്നതിന്റെ വ്യക്തമായ തെളിവുകളാണ് അടുത്തദിവസങ്ങളിലായി നടന്ന മയക്കുമരുന്നു വേട്ടകള്‍. വല വിരിച്ചും കരുക്കള്‍ നിരത്തിയും നമ്മുടെ പാതകളില്‍ മയക്കുമരുന്നുകച്ചവടക്കാര്‍ കാത്തിരിക്കുന്നുണ്ട്. അവരില്‍ നിന്ന് ഓടിരക്ഷപ്പെടാനുള്ള വിവേകവും സാമര്‍ത്ഥ്യവും നാം കാണിക്കണം. മറ്റുള്ളവര്‍ക്ക് പറഞ്ഞുകൊടുക്കുകയും വേണം.
മയക്കുമരുന്നിന് അടിമകളായവരെ തിരികെ ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ സാധിക്കുന്ന ആധുനിക ചികിത്സകള്‍ നിലവിലുണ്ട് എന്നതാണ് ഏക ആശ്വാസം. പക്ഷേ ചെളിയില്‍ ചവിട്ടിയിട്ട് കാല്‍ കഴുകുന്നതിനെക്കാള്‍ നല്ലതാണല്ലോ ചെളിയില്‍ ചവിട്ടാതിരിക്കുന്നത്.