വിധവകൾക്കായി ഒരു ദിനം

Date:

spot_img

വിധവകൾ നേരിടുന്ന പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുമ്പിലേക്ക് കൊണ്ടുവരാനും അതിജീവനത്തിന്റെ കരുത്ത് വിധവകൾക്ക് പകർന്നുകൊടുക്കാനുമായിട്ടാണ് അന്താരാഷ്ട്ര തലത്തിൽ വിധവാദിനം ആചരിക്കുന്നത്.  ജൂൺ 23 ആണ് ലോക വിധവാദിനം.  പല അന്താരാഷ്ട്രദിനങ്ങളും ആഘോഷങ്ങളുടെ  ഭാഗമായി  നില്ക്കുമ്പോൾ വിധവാദിനം അഭിസംബോധന  ചെയ്യുന്നത് വിധവകൾ നേരിടുന്ന ദാരിദ്ര്യവും വിവേചനവും അനീതിയെയുമാണ്. വൈധവ്യം കടന്നുപോകുന്ന വിവിധ പ്രശ്‌നങ്ങളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് ബോധവത്കരിക്കാനും സമൂഹത്തിന്റെ പിന്തുണ നേടിക്കൊടുക്കാനും ഇത്തരം ആചരണങ്ങൾക്ക് 
കഴിയുന്നു എന്നത് നിസ്സാരകാര്യമല്ല. 

ആദ്യമായി ലോകവിധവാദിനം ആചരിച്ചുതുടങ്ങിയത് 2005 മുതല്ക്കായിരുന്നു. ചെറിയൊരു തുടക്കമായിരുന്നു അതെങ്കിലും അതിന്റെ അനുരണനങ്ങൾ വിവിധ രാജ്യങ്ങളിലേക്കും കടന്നുചെന്നു. 2010 ആയപ്പോഴേയ്ക്കും റുവാണ്ട, ശ്രീലങ്ക, യുഎസ്, യുകെ, നേപ്പാൾ, സിറിയ, കെനിയ, ഇന്ത്യ, ബംഗ്ലാദേശ്, സൗത്ത് ആഫ്രിക്ക എന്നീ രാജ്യങ്ങളിലും ദിനാചരണങ്ങൾ അരങ്ങേറി. 2010 ഡിസംബർ 21ന് യുഎൻ ജനറൽ അസംബ്ലി അന്താരാഷ്ട്ര വിധവാദിനാചരണത്തിന് ഔദ്യോഗികമായ അംഗീകാരം നല്കി. അങ്ങനെ ജൂൺ 23 ലോകവിധവാദിനമായി തിരഞ്ഞെടുക്കപ്പെട്ടു. ജൂൺ 23 ഇത്തരമൊരു ദിനമായി തിരഞ്ഞെടുക്കാൻ കാരണമായതിന് പിന്നിലും മറ്റൊരു കഥയുണ്ട്. വിധവകളുടെ പ്രശ്‌നങ്ങളെയും അവർ നേരിടുന്ന വെല്ലുവിളികളെയും പൊതുജനസമക്ഷത്തിലേക്ക് ആദ്യമായി കൊണ്ടുവന്നത് ലൂംബാ ഫൗണ്ടേഷൻ ആയിരുന്നു. ഇതിന്റെ സ്ഥാപകനായ ലോർഡ് ലൂംബായുടെ അമ്മ പുഷ്പാ ലൂംബാ വിധവയായത് 1954 ലെ ജൂൺ 23ന് ആയിരുന്നു. അങ്ങനെയാണ് ജൂൺ 23  സകലമാന വിധവകളുടെയും ദിനമായി മാറിയത്. 

‘ഇൻവിസിബിൾ വുമൻ, ഇൻവിസിബിൾ പ്രോബ്ലംസ്’ എന്ന ലേഖനത്തിൽ പരാമർശിതമായിരിക്കുന്ന ചില കാര്യങ്ങൾ ഇവിടെ സൂചിപ്പിക്കുന്നതും നല്ലതായിരിക്കുമെന്ന് കരുതുന്നു. ദേശീയതലം മുതൽ ആഗോളതലം വരെ വിധവകളെ അദൃശ്യരായി കാണുകയും വിലയിരുത്തുകയും ചെയ്യുന്ന അവസ്ഥയാണ് പരക്കെയുള്ളത്. വിധവകൾ പലതരത്തിലുള്ള വിവേചനങ്ങളിലൂടെയും അസമത്വങ്ങളിലൂടെയും കടന്നുപോകുമ്പോഴും നാം അവർക്ക് നേരെ കണ്ണടച്ചുപിടിച്ചിരിക്കുകയാണ്. 

വൃദ്ധരായ വിധവകളും യുവതികളായ വിധവകളും  നേരിടുന്നത് ഏറെക്കുറെ സമാനമായ പ്രതിസന്ധികളുമാണ്. പാരമ്പര്യസ്വത്തിൽ വിധവകൾക്ക് അവകാശം നിഷേധിക്കുന്നതും ഭൂമി ഇല്ലാതാക്കുന്നതും അതിൽ പെടുന്നു. പലതരത്തിലുള്ള ഭീഷണികളും അവർക്ക് നേരിടേണ്ടിവരുന്നു. ലൈംഗികമായ ചൂഷണവും ഇതിൽ പെടുന്നു. സ്വന്തം കുടുംബാംഗങ്ങൾ തന്നെയാണ് അവരുടെ ജീവനെടുക്കുന്നതും ലൈംഗികമായി ചൂഷണം ചെയ്യുന്നതും എന്നതാണ് ഖേദകരമായ വസ്തുത. ഭർത്താവിന്റെ വിലാസത്തിൽ മാത്രം അറിയപ്പെടുന്ന സ്ത്രീകൾ അയാളുടെ മരണത്തോടെ വിലാസമില്ലാത്തവരായി മാറുന്ന സാഹചര്യവും നിലവിലുണ്ട്. 
സമൂഹത്തിൽ പോലും അതോടെ അവൾക്ക് അസ്തിത്വം നഷ്ടമാകുന്നു. ചില അപരിഷ്‌കൃത സമൂഹങ്ങളിലാവട്ടെ  വിധവകൾ ശപിക്കപ്പെട്ടവരായിട്ടാണ് വിലയിരുത്തപ്പെടുന്നത്. വൈധവ്യം എന്ന അവസ്ഥ പോലും അപമാനകരമായി മാറുന്നു. ആഭിചാര കർമ്മിണിയായും വിധവകൾ ലേബലൊട്ടിക്കപ്പെടുന്നു. അവയെല്ലാം വിധവകളുടെ ജീവിതം നരകതുല്യമാക്കുന്നുണ്ട്. വിധവ എന്ന സംജ്ഞയിൽ ഒതുങ്ങുന്ന സ്ത്രീ ഇത്തരം അവസ്ഥകളിലൂടെയാണ് കടന്നുപോകുന്നതെങ്കിൽ അവരുടെ മക്കളുടെ അവസ്ഥയും പരിതാപകരമാണ്. 
സാമ്പത്തികമായും വൈകാരികമായും അമ്മയുടെ വൈധവ്യം മക്കളെയും ബാധിക്കുന്നു. സ്വന്തം കുടുംബാംഗങ്ങളെ ആശ്രയിച്ചുമാത്രം ജീവിക്കേണ്ട സാഹചര്യം വരുന്ന വിധവകൾക്ക് മക്കളുടെ തുടർവിദ്യാഭ്യാസത്തിനുള്ള അവസരം നല്കാൻ കഴിയാതെ വരുന്നു. പഠനം പാതിവഴിയിൽ അവസാനിപ്പിച്ച് മക്കളെ അവർക്ക് കൂലിവേലയ്ക്ക് പറഞ്ഞയക്കേണ്ടതായി വരുന്നു. വിധവകളെപോലെ അവരുടെ മക്കൾക്ക് നേരെയും സമൂഹത്തിന്റെ കാമാസക്തമായ നോട്ടവും കൈ കളും പാഞ്ഞടുക്കാറുമുണ്ട്.

 ഇത്തരം ദുരവസ്ഥകൾക്കെതിരെയുള്ള പ്രതികരണവും പ്രതിപ്രവർത്തനവുമായിട്ടാണ് ലോകവിധവാദിനാചരണങ്ങൾ രൂപപ്പെട്ടിരിക്കുന്നത്. സമൂഹത്തിൽ വിധവകളുടെ പ്രാതിനിധ്യം ഉറപ്പാക്കലും അവകാശങ്ങൾ നേടിയെടുക്കാനുമുള്ള സാധ്യതകളാണ് ഈ ആചരണം വഴിയൊരുക്കുന്നത്.  അവഗണിക്കപ്പെട്ടും എണ്ണപ്പെടാതെയും അദൃശ്യരായും നിലകൊണ്ട് ജീവിതത്തിന്റെ അരികുകളിലേക്ക് മാറ്റിനിർത്തപ്പെട്ടിരിക്കുന്ന സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനും അവരുടെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാനും ഇത്തരം പരിപാടികൾക്ക്‌സാധിക്കുന്നു എന്നത് ചാരിതാർത്ഥ്യജനകമാണ്. സ്ത്രീകളുടെ സുരക്ഷയ്ക്കു വേണ്ടി മുറവിളി കൂട്ടുമ്പോഴും നമ്മുടെ തെറ്റായ ധാരണ സ്ത്രീകൾ എന്ന് പറഞ്ഞാൽ കൗമാരക്കാർ,യുവതികൾ, ഭർത്തൃമതികൾ തുടങ്ങിയവരെയാണ്. അതിനപ്പുറം വിധവകളെക്കൂടി ഉൾക്കൊള്ളാൻ കഴിയുന്ന പൊതുബോധമുള്ള എത്രപേർ ഈ സമൂഹത്തിലുണ്ട് എന്ന് അറിഞ്ഞുകൂടാ. വിധവകൾ നേരിടുന്ന ഏതു പ്രശ്‌നവും സ്ത്രീകൾ നേരിടുന്ന പ്രശ്‌നങ്ങൾ തന്നെയാണ്. വിധവകൾ അഭിമുഖീകരിക്കുന്ന ഏതു വിവേചനവും സ്ത്രീകൾക്ക് നേരെയുള്ള വിവേചനം തന്നെയാണ്. ഇത്തരത്തിലുള്ള ബോധവൽക്കരണത്തിന്റെ അഭാവം നമ്മുടെ സമൂഹത്തിൽ വളരെ ശക്തമായി നിലനില്ക്കുന്നുണ്ട്. വിധവകൾക്ക് അവകാശങ്ങളും അഭിമാനബോധവുമുണ്ട്. അവളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടേണ്ടതും അവളുടെ പ്രശ്‌നങ്ങൾ നാം കേൾക്കേണ്ടതുമാണ്.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ അവസാനിപ്പിക്കുക, അവരുടെ ദാരിദ്ര്യം നിർമ്മാർജ്ജനം ചെയ്യുക, വിദ്യാഭ്യാസം നല്കുക, എല്ലാ പ്രായത്തിലുമുള്ള വിധവകൾക്ക് പിന്തുണ നല്കുക, ആരോഗ്യകാര്യങ്ങളിൽ പരിഗണന നല്കുക, പൊതുവിഷയങ്ങളിൽ അവരുടെ അഭിപ്രായങ്ങൾ വ്യക്തമാക്കാൻ അവസരം നല്കുകയും ഉചിതമായവയെങ്കിൽ നടപ്പിലാക്കുകയും ചെയ്യുക, പൊതുജീവിതം അവർക്ക് ഒരുക്കിക്കൊടുക്കുക തുടങ്ങിയ കാര്യങ്ങളെല്ലാം നടപ്പിലാക്കാനും വിധവകളുടെ ജീവിതത്തെക്കുറിച്ച് സാമാന്യബോധമെങ്കിലും പൊതുസമൂഹത്തിന് ഉണ്ടാക്കിക്കൊടുക്കാനും വിധവാദിനാചരണങ്ങൾക്ക് കഴിയുന്നുണ്ട്.

More like this
Related

നല്ല അമ്മയുടെ ലക്ഷണങ്ങൾ

നല്ല അമ്മയായിത്തീരുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല.  ഇന്നത്തെ കാലത്ത് പ്രത്യേകിച്ചും. എന്നാൽ...

പ്രസവാനന്തര വിഷാദവും അതിജീവനവും 

നല്ലൊരു ശതമാനം സ്ത്രീകൾക്കും പ്രസവശേഷം ചെറിയതോതിലെങ്കിലും മാനസികപ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്.  പോസ്റ്റ്പാർട്ടം ഡിപ്രഷൻ...

അറിയണം പോസ്റ്റ് പാർട്ടം ഡിപ്രഷനെ

ഏതൊരു സ്ത്രീയുടേയും ആത്മാഭിലാഷമാണത്; പ്രസവം. താൻ സ്ത്രീയാണെന്നുള്ള അഭിമാനവും അമ്മയെന്നുള്ള വികാരവും...

വെറുതെ അല്ല ഭാര്യ

ഒരു നല്ല ഭാര്യയുടെ ലക്ഷണങ്ങൾ പറയുക എന്നത് ചിലപ്പോൾ ബുദ്ധിമുട്ടായേക്കാം. എന്നാൽ...
error: Content is protected !!