കഴിഞ്ഞൊരു ദിവസം എന്റെ സുഹൃത്ത് പങ്കുവച്ചതാണീ സംഭവം. സമ്പന്നമായ ഒരു കുടുംബപശ്ചാത്തലത്തിലായിരുന്നു അവന്‍ ജനിച്ചതും വളര്‍ന്നതും. പക്ഷേ അവന്‍ വിവാഹം കഴിച്ചത് അത്രസാമ്പത്തികമുള്ള വീട്ടില്‍ നിന്നായിരുന്നില്ല. ഇഷ്ടപ്പെട്ട് വിവാഹം കഴിച്ചതായതുകൊണ്ട് ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികനിലവാരമോ സ്ത്രീധനമോ ഒന്നും അവനോ വീട്ടുകാരോ കണക്കിലെടുത്തിരുന്നുമില്ല. പെണ്‍കുട്ടി വിദ്യാഭ്യാസവും സൗന്ദര്യവും ഉള്ളവളായിരുന്നതുകൊണ്ട് എതിര്‍പ്പുകളുമുണ്ടായില്ല. എന്തായാലും വിവാഹം നടന്നു.
സന്തോഷകരമായ ദാമ്പത്യം. ഭാര്യയ്ക്ക് തന്റെ വീട്ടുകാരോട് സ്‌നേഹവും ബഹുമാനവുമൊക്കെയായിരിക്കും ഉണ്ടായിരിക്കുകയെന്നും ഇപ്പോള്‍ ആയിരിക്കുന്ന അവസ്ഥയോട് അവള്‍ക്ക് നന്ദിയുണ്ടായിരിക്കുമെന്നുമെല്ലാമായിരുന്നു അവന്‍ കരുതിയത്.പക്ഷേ അവന്‍ പ്രതീക്ഷിച്ചതൊന്നുമല്ല സംഭവിച്ചത് ഭര്‍ത്തൃവീട്ടുകാരോട് അവള്‍ക്ക് പരമപുച്ഛം. അവള്‍ക്കൊപ്പം ചേര്‍ന്ന് തന്റെ വീട്ടുകാരെ കുറ്റം പറയാനും വിധിക്കാനും സന്നദ്ധമാകാത്തതുകൊണ്ട് അവനോടും അവള്‍ക്ക് ദേഷ്യം. താന്‍ വലതുകാല്‍ വച്ച് കയറിവന്നതുകൊണ്ടാണ് അവന് വീടുണ്ടായതെന്നും ജോലിയില്‍ പ്രമോഷന്‍ കിട്ടിയതെന്നുംഎന്തിനേറെ അവന് മക്കളുണ്ടായതെന്നുവരെ അവള്‍ ചില നേരങ്ങളില്‍ പറയാറുണ്ടത്രെ. സുഹൃത്ത് എന്നോട് സങ്കടത്തോടെ ചോദിച്ചത് ഇതായിരുന്നു ഏതു സാഹചര്യത്തില്‍ നിന്നാണ് അവള്‍ ഈ വീട്ടിലേക്ക് കയറിവന്നതെന്ന് ഇടയ്‌ക്കെങ്കിലും അവള്‍ ആലോചിക്കണ്ടെ? ഭര്‍ത്തൃവീട്ടിലെ താരതമ്യേന അപ്രധാനമായ ചില കുറവുകളുടെ പേരില്‍ ഇത്രയും അസഹിഷ്ണുത അവള്‍ പ്രകടിപ്പിക്കേണ്ടതുണ്ടോ?വല്ലപ്പോഴുമെങ്കിലും അത്തരമൊരുചിന്ത ഉണ്ടായിരുന്നുവെങ്കില്‍ അവള്‍ ഇങ്ങനെ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുമായിരുന്നോ? ശരിയാണ്, എല്ലാവര്‍ക്കും ചില ഓര്‍മ്മകള്‍ ഉണ്ടായിരിക്കുന്നത് നല്ലതാണ്. അത്തരം ഓര്‍മ്മകളാണ് നമ്മെ ജീവിതത്തോടും വ്യക്തികളോടും നന്ദിയുള്ള മനസ്സിന്റെ ഉടമകളാക്കിമാറ്റുന്നത്. ജീവിതത്തില്‍ പലഘട്ടങ്ങളായി നാം കൈവരിച്ചിരിക്കുന്ന നേട്ടങ്ങളുടെയും നന്മകളുടെയും പേരില്‍ അതിന്റെ കാരണക്കാരായ വ്യക്തികളോട് നന്ദിസൂക്ഷിക്കുന്നത് വലിയൊരു കാര്യമാണ്.
ജീവിതത്തില്‍ നാം ഇപ്പോള്‍ അനുഭവിക്കുന്ന നന്മകള്‍ക്കെല്ലാം ആരെങ്കിലുമൊക്കെ കാരണക്കാരായിട്ടുണ്ട് എന്നതാണ് സത്യം. ജനിപ്പിച്ചുവളര്‍ത്തിയ മാതാപിതാക്കളും കൈപിടിച്ചു നടത്തിയ കൂടപ്പിറപ്പുകളും അവരില്‍ പെടുന്നു. ഗുരുക്കന്മാരും സുഹൃത്തുക്കളും അക്കൂട്ടത്തിലുണ്ട്. സഹപ്രവര്‍ത്തകര്‍, അഭ്യുദയാകാംക്ഷികള്‍… പിന്നെ ജീവിതപങ്കാളി.. മക്കള്‍..എത്രയെത്ര പേരോടുള്ള നന്ദിയാല്‍, അവരെക്കുറിച്ചുള്ള ഓര്‍മ്മകളാല്‍ ബന്ധിക്കപ്പെട്ടിരിക്കുന്നതാണ് നമ്മുടെ ഓരോരുത്തരുടെയും ജീവിതങ്ങള്‍. അത് അറുത്തുമാറ്റുന്നത് ശരിയല്ല. എത്രയൊക്കെ സ്ത്രീസമത്വം പറഞ്ഞാലും ഇന്നും നമ്മുടെ ഭൂരിപക്ഷ കുടുംബങ്ങളും പുരുഷകേന്ദ്രീകൃതം തന്നെയാണ്. ഹെഡ് ഓഫ് ദ ഫാമിലി എന്നത് അപ്പനാണെന്നാണ് കുട്ടികളുടെ പാഠപുസ്തകങ്ങളില്‍ പോലും പഠിപ്പിക്കുന്നത്. അപ്പോള്‍ നിങ്ങളുള്‍പ്പെടുന്ന കുടുംബം നോക്കിനടത്താന്‍, നിങ്ങളുടെ ഓരോരോ ആവശ്യങ്ങള്‍ നിവര്‍ത്തിച്ചുതരാന്‍ കുടുംബനാഥനെന്ന നിലയില്‍ പുരുഷന്‍ വഹിക്കുന്ന പങ്ക് കാണാതെപോകരുത്. അത് അയാളുടെ കടമ എന്ന പേരില്‍ കൈ കഴുകരുത്. കടമയാണെന്നത് ശരി. അതിനോട് അയാള്‍ എന്തുമാത്രംനീതിപുലര്‍ത്തുന്നുണ്ട് എന്നതാണ് അയാളെ മഹത്വമുള്ളവനാക്കുന്നത്. ഭക്ഷണം,വസ്ത്രം, മരുന്ന്,വിനോദം…
എല്ലാറ്റിനും നിങ്ങള്‍ക്ക് ആശ്രയിക്കാനുള്ളത് അയാളെയാണെങ്കില്‍ അയാളോട് നിങ്ങള്‍ക്ക് നന്ദിയുണ്ടായിരിക്കണം. നിങ്ങള്‍ കാണിച്ചുകൊടുക്കുന്ന നന്ദിയും ആദരവും ബഹുമാനവും കണ്ടാണ് മക്കള്‍ വളരുന്നത്. അപ്പനോട് സ്‌നേഹവും ആദരവുമില്ലാതെ മക്കള്‍ വളര്‍ന്നുവരുന്നതിന് കാരണങ്ങളിലൊന്ന് അമ്മയെന്ന നിലയില്‍, ഭാര്യയെന്ന നിലയില്‍ നിങ്ങള്‍ കാണിക്കാതെയും കൊടുക്കാതെയും പോകുന്ന ബഹുമാനാദരവുകളാണ്. പല ഭാര്യമാരും ഭര്‍ത്താക്കന്മാരോട് പറയുന്നതാണ് അത് നിങ്ങളുടെ കടമ..നിങ്ങളുടെ ഉത്തരവാദിത്തം..ഇത് കേട്ട് വളരുന്ന മക്കളുടെ വഴി മറ്റൊന്നാകുന്നതില്‍ അത്ഭുതപ്പെടാനുണ്ടോ? അതുപോലെ സാധനങ്ങള്‍ വാങ്ങിച്ചുകൊണ്ടുവരുന്നതില്‍ മാത്രമല്ല കാര്യങ്ങള്‍. അത് സമയാസമയങ്ങളില്‍ വച്ചുവിളമ്പുന്നതിലുമുണ്ട് ഇത്തിരിയധികം കാര്യം. എന്നെങ്കിലും ഭാര്യ വച്ചുവിളമ്പിതന്നതിന്റെ പേരില്‍, വസ്ത്രങ്ങള്‍ അലക്കിയും ഇസ്തിരിയിട്ടും തന്നതിന്റെ പേരില്‍ നിങ്ങള്‍ അവളോട് നന്ദി പറഞ്ഞിട്ടുണ്ടോ? ഭൂരിപക്ഷത്തിനും ഇല്ല എന്ന് തന്നെയാവും മറുപടി.അതുപോലെ തുടക്കത്തില്‍ പറഞ്ഞ ഭാര്യയെപോലെ മക്കള്‍ ജനിച്ചതില്‍ ഭര്‍ത്താവ് അവളോട് നന്ദിപറയുന്നതിന് പകരം ഇരുവരും ചേര്‍ന്ന് ആദ്യം ദൈവത്തിന് നന്ദിപറയണം. കാരണം ഇവിടെ എത്രയോ ദാമ്പത്യങ്ങളില്‍ ഭര്‍ത്താവ് മൂലമോ ഭാര്യമൂലമോ കുട്ടികളുണ്ടാകാതെ പോകുന്നുണ്ട്. അപ്പോള്‍ മക്കളെ ജനിപ്പിക്കാനും പ്രസവിക്കാനും തങ്ങള്‍ക്ക് അവസരം കിട്ടിയതിനെയോര്‍ത്ത് ദമ്പതികള്‍ പരസ്പരം നന്ദിപറയണം. നീ എനിക്ക് ഒരു കുഞ്ഞിനെ തന്നുവല്ലോയെന്നതിന്റെ പേരില്‍.. ദാമ്പത്യത്തില്‍ നന്ദി പറയാതെ പോകുന്നതാണ് ഒട്ടുമിക്ക പ്രശ്‌നങ്ങളുടെയും മൂലകാരണം. നന്ദി പറയണമെങ്കില്‍ അവിടെ ഓര്‍മ്മകളുണ്ടാകണം.. ഓര്‍മ്മകളുണ്ടാകണമെങ്കില്‍ സ്‌നേഹമുണ്ടാകണം. സ്‌നേഹമുണ്ടെങ്കിലേ ഓര്‍മ്മയുണ്ടാകൂ..ഓര്‍മ്മയുണ്ടെങ്കിലേ നന്ദിപറയാന്‍ കഴിയൂ.ഓര്‍മ്മകളുണ്ടായിരിക്കണം എന്ന് നമ്മുടെ ഒരു കവി തങ്ങളുടെ ദാമ്പത്യജീവിതത്തിന്റെ അവസാനഘട്ടങ്ങളില്‍ നില്ക്കുമ്പോള്‍ പ്രിയ സഖിയോട് പറയുന്നുണ്ടല്ലോ.. അത് എല്ലാ ദാമ്പത്യബന്ധങ്ങള്‍ക്കും ബാധകമാണ്. ഭര്‍ത്താവ് ഒരു സാരിയോ ചുരിദാറോ വാങ്ങിത്തരുമ്പോള്‍, പ്രത്യേക വിഭവമൊരുക്കി ഭാര്യ കാത്തിരിക്കുമ്പോള്‍, അപ്പോഴൊക്കെ ഒരു നന്ദിപറയുക. താങ്ക്‌സ് എന്ന് പറയേണ്ടത് കുടുംബത്തിന് വെളിയിലുള്ളവര്‍ തമ്മില്‍ മാത്രമാണെന്ന ഒരു അബദ്ധധാരണ പലര്‍ക്കുമുണ്ട്. അത് ശരിയല്ല. വീടുകളില്‍ പരസ്പരം താങ്ക്‌സ് പറഞ്ഞുതുടങ്ങുന്ന ഒരു ശീലം നമുക്ക് വളര്‍ത്തിയെടുക്കാം.
പുതിയ തലമുറയെ നന്ദിയുള്ളവരാക്കിമാറ്റാന്‍ അത്തരമൊരു ശീലത്തിന് സാധിക്കും. വെറുതെയൊരു നന്ദിയല്ല ആത്മാവിന്റെ ആഴങ്ങളില്‍ നിന്ന്..അങ്ങനെയാണ് നന്ദിപറയേണ്ടതെന്നും മറക്കരുത്.
വിനായക്