തൊടാതെ പോയല്ലോ അപ്പാ തൊട്ടപ്പാ

ഫ്രാന്‍സിസ് നൊറോണയുടെ തൊട്ടപ്പനെ വായിച്ചിട്ടുള്ളവര്‍ക്ക് ഒരു പക്ഷേ തൊട്ടപ്പന്‍ സിനിമ ഇഷ്ടമാകണം എന്നില്ല. നിറത്തിന്റെയും സൗന്ദര്യത്തിന്റെയും അതിരുകളെ ഭേദിച്ചു വന്ന വിനായകന്റെ, ആദ്യത്തെ ടൈറ്റില്‍ റോള്‍  സിനിമയെന്ന പ്രതീക്ഷയുമായി ചെല്ലുന്നവര്‍ക്കും സിനിമ ഇഷ്ടമാകണം എന്നില്ല. അപ്പോള്‍ പിന്നെ ആര്‍ക്കാണ് ഇഷ്ടമാകുക? അല്ലെങ്കില്‍ ഈ രണ്ടു ഗണത്തിലും പെടാത്ത ആരെങ്കിലും ഈ സിനിമ കാണാന്‍ കയറുമോ? ഇല്ല എന്നു തന്നെ പറയേണ്ടിവരും. കാരണം മാസിന് വേണ്ടുന്ന ഒന്നും ഈ സിനിമയില്‍ ഇല്ല. മാസ് കാണാന്‍ കൊതിക്കുന്ന ഒന്നും ഇതിലില്ല താനും. അല്ലെങ്കില്‍ ടൈറ്റില്‍ റോള്‍ വരുന്ന കേന്ദ്രകഥാപാത്രത്തെ ഒരു പീറപ്പയ്യന്‍ പിന്നില്‍ നിന്നു വന്നു കുത്തിക്കൊല്ലുന്നതു കാണാന്‍ നായകനെന്നാല്‍ ധീരോദാത്തനും വിഖ്യാതവംശജനും വീരനുമാണെന്ന് ഇന്നും കരുതിപ്പോരുന്ന സാധാ മലയാളിയുടെ സിനിമാ സങ്കല്പങ്ങള്‍ക്ക് സാധിക്കുമോ? ഇല്ല എന്നു അവിടെയും പറയേണ്ടിവരും. തൊട്ടപ്പന്‍ സിനിമയ്ക്കു സംഭവിച്ചതും ഇതാണ്. വിനായകിനെ ഇഷ്ടപ്പെടുന്നവരെ തൃപ്തിപ്പെടുത്താനോ നൊറോണയുടെ കഥ വായിച്ചിട്ടുള്ളവരെ വിസ്മയിപ്പിക്കാനോ സിനിമയ്ക്ക് കഴിയാതെ പോയി. സംവിധായകനും തിരക്കഥാകൃത്തിനും സംഭവിച്ച പിഴ. പിഎസ് റഫീക്ക് എന്ന തിരക്കഥാകൃത്തില്‍ നിന്ന് പ്രതീക്ഷിക്കാത്ത ക്ലീഷേ തമാശുകള്‍.

അണ്ടര്‍വയറിന്റെ വള്ളി കടും കെട്ടായിപോകുന്നവ പോലെയുള്ളത്.- കഥയുമായി യാതൊരു ചേര്‍ച്ചയും ഇല്ലാതെ പോകുന്ന വൃദ്ധരുടെ പ്രണയം., റിയലിസ്റ്റിക്കായി പറഞ്ഞുപോകുന്ന കഥയില്‍ ഒട്ടും ചേരാതെ നില്ക്കുന്ന മനോജ് കെ ജയന്റെ വൈദികവേഷം..ചിത്രത്തിന്റെ മൊത്തം ഘടനയെ പ്രതികൂലമായി ബാധിച്ചതെന്ന് തോന്നുന്ന ചില കാരണങ്ങളാണിവ. ഇവയൊക്കെ ഒഴിവാക്കിക്കൊണ്ട്  ഇത്താക്കും സാറയും തമ്മിലുള്ള ഹൃദയൈക്യത്തിന് കുറെക്കൂടി പ്രാധാന്യം നല്കിയും സാറായുടെ പ്രതികാരനിര്‍വഹണത്തിന് മുറുക്കം നല്കുകയും ചെയ്തിരുന്നുവെങ്കില്‍ തൊട്ടപ്പന്‍ ഹൃദയം തൊടുന്ന അനുഭവമായി മാറുമായിരുന്നുവെന്നുറപ്പ്.  ഇങ്ങനെയാണെങ്കിലും സാറയായി വന്ന പ്രിയംവദയും  റോഷനും ശരിക്കും വിസ്മയിപ്പിക്കുക തന്നെ ചെയ്തു. താരമത്യമേന പുതുമുഖമായ റോഷന്‍ വരും കാലങ്ങളില്‍ തനിക്ക് ഇവിടെ നിലനില്ക്കാന്‍ കഴിയും എന്നുതന്നെ ഉറപ്പിച്ചുപറഞ്ഞിട്ടുണ്ട്  ഈ ചിത്രത്തിലെ കഥാപാത്രത്തിലൂടെ. പ്രിയംവദയിലൂടെ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നതും നല്ലൊരു നടിയെ തന്നെ. വിസ്മയിപ്പിച്ചതില്‍ രഘുനാഥ് പലേരിയും പെടും.

അദ്ദേഹം തന്നെ രചന നിര്‍വഹിച്ചപൊന്മുട്ടയിടുന്ന താറാവിലെ ഹാജിയാരുടെ സ്മരണ ഉണര്‍ത്തി തൊട്ടപ്പനിലെ അന്ധനും വൃദ്ധനുമായ മുസ്ലീം കച്ചവടക്കാരന്‍.  ക്യാമറയുടെ സൗന്ദര്യത്തെക്കുറിച്ചും പറയാതിരിക്കാനാവില്ല. ഇരുണ്ട ഷേഡില്‍ വരച്ചിട്ട ചിത്രങ്ങള്‍ അത്രയെളുപ്പത്തിലൊന്നും പ്രേക്ഷകന്‍റെ കാഴ്ചയില്‍ നിന്നു മങ്ങിപ്പോകുകയില്ല.

വായനക്കാരുടെ ഹൃദയം കീഴടക്കിയ സാഹിത്യരൂപങ്ങള്‍ പിന്നീട് ചലച്ചിത്രഭാഷ്യം കൈവരിക്കുമ്പോള്‍ അവയില്‍ പലതിനും പ്രേക്ഷകരുടെ സംതൃപ്തി നേടിയെടുക്കാന്‍ കഴിയാതെ പോകാറുണ്ട്. രണ്ടും രണ്ടു രീതിയിലുള്ള മാധ്യമങ്ങള്‍ ആയതുകൊണ്ടായിരിക്കാം അങ്ങനെ സംഭവിക്കുന്നത്. അത്തരം ചില ശൈഥില്യങ്ങളാണ് തൊട്ടപ്പനെയും പിടികൂടിയത്. എന്തായാലും സിനിമ കണ്ടിറങ്ങിയപ്പോള്‍ ചില സംശയം തോന്നി. സിനിമ പ്രതിനിധാനം ചെയ്യുന്നത് ഏതു കാലമാണ്? അതായത് ഏതു കാലത്താണ് ഈ കഥ നടക്കുന്നത്? സ്ഫടികം സിനിമ തീയറ്ററിലെത്തുന്ന കാലഗണന വച്ച് സാമാന്യബുദ്ധിക്ക ഇങ്ങനെ വിലയിരുത്താം. ആ ദ്വീപിലെ തീയറ്ററില്‍ ചിലപ്പോള്‍ സ്ഫടികം എത്തുന്നത് റീലീസ് കഴിഞ്ഞ് ഒന്നോ രണ്ടോ വര്‍ഷം ശേഷമായിരിക്കാം. അങ്ങനെയെങ്കില്‍ സ്ഫടികം പുറത്തുവന്നിട്ട് ഇരുപതിന് മേല്‍ വര്‍ഷം ആയിട്ടുണ്ട് എന്നാണ് വിക്കിപീഡിയായെ ആശ്രയിക്കാതെയുള്ള പഴയൊരു ഓര്‍മ്മ. അതായത് തൊണ്ണൂറുകളില്‍ ആണ് സിനിമ നടക്കുന്നത്. അതാണ് സിനിമയിലെ കാലം എങ്കില്‍ ഇത്താക്കിനെയും പ്ലമേനയെയും പോലെയുള്ള കഥാപാത്രങ്ങള്‍ക്ക് അക്കാലത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ കഴിയുമോ..മൊബൈല്‍, ആ ദ്വീപില്‍ പോലും അത്ര സാര്‍വത്രികമായിക്കഴിഞ്ഞോ? ഒരു സാധാ പ്രേക്ഷകന്റെ ഈ സംശയം എവിടെയാണ് തീര്‍ത്തുകിട്ടുക?

വിഎന്‍

error: Content is protected !!