സോഷ്യല്‍ മീഡിയാ വഴി ഹിറ്റായ ഫുള്‍ ജാര്‍ സോഡയ്ക്ക് പിന്നാലെയാണ് ഇപ്പോള്‍ കുടുംബങ്ങള്‍ പോലും. നാരങ്ങാവെള്ളവും മുറുക്കാനും മാത്രം വിറ്റിരുന്ന നാട്ടിന്‍പുറത്തെ പെട്ടിക്കടകളില്‍ പോലും ഇപ്പോള്‍ പുതിയ ബോര്‍ഡ് പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഫുള്‍ജാര്‍ സോഡ ഇവിടെ ലഭിക്കും. കടകളുടെ വലുപ്പവും ഭംഗിയും അനുസരിച്ച് വിലയില്‍ പോലും വ്യത്യാസമുണ്ട് ഫുള്‍ ജാര്‍ സോഡയ്ക്ക്.
ഫ്രീക്കന്മാരും ഫ്രീക്കത്തിമാരും മാത്രമാണ് ഇതിന്റെ പിന്നാലെ പോകുന്നത് എന്ന് വിചാരിക്കുകയും വേണ്ട. കുടുംബങ്ങള്‍ക്കും ഹരം തന്നെയാണ് ഫുള്‍ ജാര്‍ സോഡ. ഇങ്ങനെ ആബാലവൃന്ദം ആളുകളും ഫുള്‍ജാര്‍ സോഡയ്ക്ക് പിന്നാലെ പായുമ്പോള്‍ വലിയ ചില ആരോഗ്യപ്രശ്‌നങ്ങളും ഇതിന്റെ പി്ന്നില്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്നാണ് ആരോഗ്യമേഖലയിലെ വിദഗ്ദരുടെ അഭിപ്രായം.
സ്ഥിരമായി കുടിച്ചാല്‍ പല്ലുമുതല്‍ ശരീരത്തിലെ പല അവയവങ്ങള്‍ക്കും ദോഷം ചെയ്യുന്ന സാധനമാണ് സോഡ എന്നതാണ് അതിലൊന്ന്. സോഡയില്‍ അടങ്ങിയിരിക്കുന്ന കാര്‍ബണ്‍ ഡയോക്‌സൈഡ് ശരീരത്തിന് ഒട്ടും നല്ലതല്ല. ഫുള്‍ ജാര്‍ സോഡയില്‍ ചേര്‍ക്കുന്ന കാന്താരിമുളകും ഇഞ്ചിയും പുതിനയും നാരങ്ങാനീരും കസ്‌കസും ഒന്നിച്ചുചേര്‍ത്തുപയോഗിക്കുന്നതും അനാരോഗ്യകരമാണെന്നാണ് ഡോക്ടേഴ്‌സിന്റെ അഭിപ്രായം.
ഇതിനൊക്കെ പുറമെ ശുചിത്വമാണ് മറ്റൊരു പ്രധാന പ്രശ്‌നം. സോഡാക്കുപ്പികള്‍ പലപ്പോഴും വൃത്തിയായി കഴുകിയെടുക്കുന്നതാകണം എന്നില്ല. അതുമാത്രമല്ല ഫുള്‍ജാര്‍ സോഡ നിറയ്ക്കാന്‍ ഉപയോഗിക്കുന്ന വൈന്‍ഗ്ലാസിന്റെ അടിഭാഗത്ത് പലതരത്തിലുള്ള അഴുക്കും മാലിന്യവും ഉണ്ടായിരിക്കും. ഈ ഗ്ലാസ് വലിയ ഗ്ലാസിലേക്ക് ഇടുമ്പോള്‍ ചെറിയഗ്ലാസിന്റെ അടിഭാഗത്തുള്ള മാലിന്യവും മറ്റും ഗ്ലാസ് മുഴുവന്‍ പരക്കുകയും നാം അത്അപ്പാടെ അകത്താക്കുകയും ചെയ്യുന്നു. ഗ്ലാസുകള്‍ വൃത്തിയായി കഴുകാത്തതു മൂലം രോഗാണുക്കള്‍ പരക്കാന്‍ ഇത് ഇടയാക്കുന്നു. ഇതിനുപയോഗിക്കുന്ന വെള്ളവും ശുദ്ധമായിരിക്കണമെന്നില്ല. മഴക്കാലങ്ങളില്‍ വ്യാപകമാകുന്ന മഞ്ഞപ്പിത്തം പോലെയുള്ള പല രോഗങ്ങള്‍ക്കും ഫുള്‍ജാര്‍ സോഡ കാരണമാകുന്നുണ്ടെന്നാണ് ആരോഗ്യമേഖലയുടെ നിരീക്ഷണം.
അതുകൊണ്ട് ഫുള്‍ജാര്‍ സോഡയുടെ തരംഗത്തിന്റെ പിന്നാലെ പോയി അസുഖം വാങ്ങിവയ്ക്കണ്ടാ. സൂക്ഷിച്ചാല്‍ ദുഖിക്കണ്ടാ എന്നാണല്ലോ ചൊല്ല്