രണ്ടു മാസത്തെ ഇടവേളയ്ക്ക് ശേഷം കുട്ടികൾ വീണ്ടും സ്‌കൂളിലേക്ക് മടങ്ങുന്നു. പല അമ്മമാരുടെയും മനസ്സിലെ ആവലാതി മക്കൾ സ്‌കൂളിലേക്ക് പോകുമ്പോൾ അവർക്ക് കഴിക്കാൻ എന്താണ് കൊടുത്തുവിടേണ്ടതെന്നും രാവിലെ അവർക്ക് എന്തു ഭക്ഷിക്കാൻ നല്കും എന്നുമാണ്. രണ്ടുമാസം കൊണ്ട് പല കുട്ടികളുടെയും ജീവിതശൈലിയും ഭക്ഷണക്രമവുമൊക്കെ താളം തെറ്റിയിട്ടുണ്ടാവാം. നേരം വൈകിയുള്ള ഉറക്കമുണരലും ടിവി കണ്ട് അലസമായി ഭക്ഷണം കഴിക്കലും അതിന്റെ ഭാഗമാണ്. പക്ഷേ ജൂൺ വന്നതോടെ കഥ മാറി. ഇനി അങ്ങനെ അലസമായിട്ടിരുന്നാൽ കാര്യങ്ങൾ ഓടിപ്പോവില്ല. പ്രഭാത ഭക്ഷണം ഒഴിവാക്കി ഒരു കുട്ടിയെയും സ്‌കൂളിലേക്ക് പറഞ്ഞയ്ക്കരുത്. കാരണം ഒരു ദിവസം മുഴുവനുമുള്ള എനർജി ലഭിക്കുന്നത് രാവിലെ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ്. സ്‌കൂൾ ബസിന്റെ ഹോണടി കേൾക്കുമ്പോൾ കഴിക്കാനെടുത്തത് ബാക്കിവച്ച് ഓടിപ്പോകുന്ന കുട്ടികളുടെയും രാവിലെ വിശപ്പില്ല എന്ന് പറഞ്ഞ് ഒന്നും കഴിക്കാതെ പോകുന്നവരുടെയും സ്നാക്സ് ഐറ്റംസ് കൊണ്ടുപോകുന്നവരുടെയും മാതാപിതാക്കൾ ഇനി പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുന്നത് നല്ലതായിരിക്കും.
കുട്ടികൾക്ക് സമീകൃതാഹാരമാണ് നല്കേണ്ടത്. കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, കൊഴുപ്പ്, വിറ്റാമിൻ, ധാതുക്കൾ, ലവണങ്ങൾ, ജലം എന്നിവ എല്ലാം കൃത്യമായ അനുപാതത്തിൽ അടങ്ങിയ ആഹാരമാണ് സമീകൃതാഹാരം. പുട്ട്, കടല, ഇഡ്ഡലി, സാമ്പാർ എന്നിവയെല്ലാം സമീകൃതാഹാരങ്ങളിൽ പെടുന്നവയാണ്. കുട്ടികൾ പൊതുവെ ജങ്ക് ഫുഡിനോട് താല്പര്യം കാണിക്കുന്നവരാണ്. കുട്ടികളിൽ ഇന്ന് വർദ്ധിച്ചുകൊണ്ടിരിക്കുന്ന ആരോഗ്യപ്രശ്നങ്ങളുടെയെല്ലാം കാരണം ജങ്ക് ഫുഡ് ഉപയോഗമാണ്. ജീവിതശൈലി രോഗങ്ങളിൽ പെടുന്ന പൊണ്ണത്തടിയും മറ്റും കുട്ടികൾക്കിടയിൽ വർദ്ധിച്ചുവന്നുകൊണ്ടിരിക്കുകയാണല്ലോ. പല അമ്മമാരും മക്കളുടെ രുചിക്കും ഇഷ്ടത്തിനും പ്രാധാന്യം നല്കി മാളുകളിൽ നിന്നും മറ്റും എന്തും വാങ്ങിക്കൊടുക്കുന്ന ഒരു സാഹചര്യം നിലവിലുണ്ട്. വറുത്തതും പൊരിച്ചതും മക്കളുടെ പ്ലേറ്റിലേക്ക് വിളമ്പുന്നതിൽ സന്തോഷവും സംതൃ
പ്തിയും അനുഭവിക്കുന്ന അമ്മമാരും ധാരാളം. തങ്ങളുടെ മക്കളോട് ചെയ്യുന്ന ക്രൂരതയാണ് അതെന്ന് അമിതമായ പുത്രവാത്സല്യത്താൽ ഈ അമ്മമാർ അറിയുന്നില്ല. കൗമാരമെത്തുന്നതിന് മുമ്പുതന്നെ ഷുഗർ പിടികൂടിയിരിക്കുന്ന എത്രയോ കുട്ടികളുണ്ട് നമുക്കിടയിൽ.
കൊച്ചുകുട്ടികൾ സ്നാക്സ് കൊണ്ടുപോകുന്ന പതിവ് മിക്ക സ്‌കൂളുകളിലുമുണ്ടല്ലോ. ബിസ്‌ക്കറ്റാണ് പല അമ്മമാരും കൊടുത്തുവിടുന്നത്. ബിസ്‌ക്കറ്റിന് പകരം ഈന്തപ്പഴവും ബദാംപരിപ്പും അണ്ടിപരിപ്പും കൊടുത്തുവിട്ടാൽ അത് അവരുടെ ആരോഗ്യത്തിന് നല്ല മുതൽക്കൂട്ടായി മാറും. ചെറുപ്പം മുതലേ ഭക്ഷണകാര്യത്തിൽ അവബോധം നല്കാൻ മാതാപിതാക്കൾക്ക് കഴിഞ്ഞാൽ അത് സ്വീകരിച്ചുവളരുന്ന കുഞ്ഞുങ്ങൾ ഭാവിയിലും അതേ വഴി നടക്കും. ജീവിതശൈലി രോഗങ്ങളിൽ നിന്ന് കുഞ്ഞുങ്ങളെ രക്ഷിച്ചെടുക്കാൻ ചെയ്യേണ്ടത് അവർക്ക് ഭക്ഷണശീലങ്ങളെക്കുറിച്ച് അവബോധം നല്കുകയും അവരുടെ ഭക്ഷണരീതികൾ നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ്.