ഇഷ്‌കിലെ സച്ചിനും നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പിലെ സോളമനും

Date:

spot_img

അതെ, ടാഗ് ലൈന്‍ പറയുന്നതുപോലെ ഇഷ്‌ക് ഒരു പ്രണയസിനിമയേ അല്ല.  പേരും ഷൈന്‍ നീഗത്തിന്റെ മുഖവും കാണുമ്പോള്‍ ഭൂരിപക്ഷവും  കരുതിപോകാവുന്ന ധാരണകളെ മാറ്റിയെഴുതുന്ന സിനിമയാണ് ഇത്. എവിടെയോ വായിച്ചുകേട്ടതുപോലെ സദാചാരം മാത്രമല്ല  സിനിമ കൈകാര്യം ചെയ്യുന്നത്. അതിനുമപ്പുറം വിവിധ മാനങ്ങളുള്ള സിനിമ കൂടിയാണ് ഇത്.

സദാചാരമാണ് വിഷയമെങ്കില്‍ ആ രീതിയില്‍ ചിത്രം അവസാനിപ്പിക്കാമായിരുന്നു. ശുദ്ധപ്രണയമാണോ അതോ മാംസനിബദ്ധമായ പ്രണയമാണോ കമിതാക്കള്‍ തമ്മിലുണ്ടാവേണ്ടത്, തമ്മിലുള്ളത് എന്നതാണ് ഈ ചിത്രം കൈകാര്യം ചെയ്യുന്ന ഒരു വിഷയം. അന്യനായ ഒരു പുരുഷനൊപ്പം ഒരു കാറില്‍ ഏതാനും നിമിഷങ്ങള്‍ കാമുകി ഒറ്റപ്പെട്ടുപോകുമ്പോള്‍ അയാള്‍ അവളെ ലൈംഗികമായി ഉപദ്രവിച്ചോ അവളതിന് സമ്മതിച്ചോ എന്ന് ആശങ്കപ്പെടുന്ന സച്ചിയെന്ന നായകന്‍. ഇണയുടെ മേല്‍ ഒരു കാക്കച്ചിറകിന്റെ നിഴല്‍ പോലും ഉണ്ടാകരുതെന്ന് ആഗ്രഹിക്കുന്ന തികച്ചും യാഥാസ്ഥിതികനായ കാമുകനാണ് അയാള്‍.

അയാളുടെ മാനസികാവസ്ഥയെ വിശദീകരിക്കാന്‍ ശ്രമിക്കുന്ന ഒരുമുന്‍ ഹോട്ടല്‍ രംഗം കൂടിയുണ്ട് ചിത്രത്തില്‍. കാമുകിയെ മറ്റൊരു പുരുഷന്‍ രണ്ടുവട്ടം തറപ്പിച്ചുനോക്കുന്നതില്‍ പോലും അസ്വസ്ഥപ്പെടുന്ന, ആല്‍ബിന്റെ വാക്കുകളില്‍ പറഞ്ഞാല്‍ സംശയരോഗിയെന്ന് വിശേഷിപ്പിക്കാവുന്ന ആളാണ് സച്ചിന്‍. അങ്ങനെയുളള അവന്‍ ചിന്തിക്കുന്നത് ആല്‍ബിന്‍ കാറിനുള്ളില്‍ വച്ച് വസുവിനോട് അപമര്യാദയായി പെരുമാറിയെന്നും രക്ഷപ്പെടാന്‍ വേണ്ടി അവള്‍ അയാള്‍ക്ക് അനുകൂലമായ നിലപാട് എടുത്തുവെന്നുമാണ്. ഇതാണ് അവന്റെ എല്ലാ പിന്നീടുള്ള എല്ലാ അസ്വസ്ഥതകള്‍ക്കും കാരണമാകുന്നത്. 

ഇവിടെയാണ് നമുക്ക് പാര്‍ക്കാന്‍ മുന്തിരിത്തോപ്പ് എന്ന പത്മരാജന്റെ ക്ലാസിക് സിനിമയിലെ നായകനായ സോളമനെ ഓര്‍മ്മവരുന്നത്. സോഫിയായെ രണ്ടാനച്ഛന്‍ തന്റെ ഇംഗിതത്തിന് വിധേയമാക്കി എന്നറിഞ്ഞിട്ടും അയാളെ കായികമായി നിലം പറ്റിച്ചിട്ട് , അവളുടെ ശരീരത്തില്‍ ഒരു പുഴു കടിച്ചുവെന്നോര്‍ത്ത് അവളെ ഉപേക്ഷിച്ചുപോകുന്നവനല്ല താന്‍ എന്നാണ് സോളമന്റെ പ്രഖ്യാപനം. അതായത് ഏത് അവസ്ഥയിലും സോഫിയായെ സ്നേഹിക്കാന്‍ മാത്രം ശുദ്ധവും തീവ്രവുമാണ് സോളമന്‍റെ പ്രണയം.

സോളമനില്‍ നിന്ന് സച്ചിനില്‍ എത്തുമ്പോള്‍ ആ പ്രണയം വെറും ശാരീരിക തലത്തില്‍ മാത്രം ഒതുങ്ങുന്നു. ആല്‍ബിന്റെ ചില  നെറികേടുകളില്‍ നിന്ന് രക്ഷപ്പെട്ട് എറണാകുളത്തു നിന്ന് കോട്ടയം വരെ നീളുന്ന യാത്രയ്ക്കിടയില്‍ ഒരിക്കല്‍ പോലും വാസുവിനെ ആശ്വസിപ്പിക്കാനോ നീ മാനസികമായി തകര്‍ന്നുപോകരുതെന്ന് പറയാനോ സച്ചിന്‍ തയ്യാറാകുന്നുമില്ല. മറിച്ച് അവന് അറിയേണ്ടത് അയാള്‍ നിന്നെ എന്തു ചെയ്തു എന്നതു മാത്രമായിരുന്നു. ഇത് ഭൂരിപക്ഷം പുരുഷന്മാരുടെയും ചിന്തയും ആകുലതയുമാണ്.  മറ്റൊരു പുരുഷനില്‍ നിന്ന് മലിനമാക്കപ്പെടാത്തവളെ മാത്രമേ താന്‍ ഭാര്യയായി സ്വീകരിക്കൂ എന്നാണ് എല്ലാ പുരുഷന്മാരുടെയും നിലപാട്.
വാസുവിനെ ആല്‍ബിന്‍ ഒരു ചെറുവിരല്‍ കൊണ്ടുപോലും അപമാനിച്ചിട്ടില്ല എന്ന അറിവ് നല്കുന്ന ആശ്വാസം കൊണ്ടുമാത്രമാണ് അവന്‍ അവളെ മോതിരം അണിയിക്കാന്‍ തയ്യാറാകുന്നത്. അവിടെ സോളമന്റേതുപോലെയുള്ള നിഷ്‌ക്കളങ്ക സ്‌നേഹത്തിന്റെ പ്രകടനങ്ങളില്ല. മാംസനിബദ്ധമല്ല രാഗമെന്ന് പറയാനും അവന് കഴിയുന്നില്ല. സ്ത്രീയുടെ പക്ഷത്തില്‍ നോക്കുമ്പോള്‍ പുരുഷന്റെ ഈ സങ്കുചിതത്വത്തിനും സ്വാര്‍ത്ഥതയ്ക്കുമാണ് വാസു പോടാ പുല്ലേ എന്ന മട്ടില്‍ തിരിച്ചടി നല്കുന്നത്്. ഇവിടെ വാസു പുതിയ കാലത്തിന്റെ പ്രതിനിധിയും പെണ്‍കുട്ടിയുമാകുന്നു. തന്നെ വൈകാരികമായി പോലും ആശ്വസിപ്പിക്കാതിരിക്കുകയും തന്നെ സംശയിക്കുകയും ചെയ്യുന്ന പുരുഷനെ അവള്‍ വളരെ നിസ്സാരമായി തറ പറ്റിക്കുന്നു. മഹേഷിന്റെ പ്രതികാരത്തിന്റെ ക്ലൈമാക്‌സ് ഓര്‍മ്മിപ്പിക്കുന്ന വിധത്തിലുള്ള പര്യവസാനമായി അത്. തികച്ചും ഉചിതവും. 

ഇനി മറ്റൊരു വശം. അത് ആല്‍ബിന്റേതാണ്. നല്ലൊരു അച്ഛനും ഭര്‍ത്താവുമായി ജീവിക്കുമ്പോഴും  വേലി ചാടുന്ന അയാളുടെ മാനസികാവസ്ഥകള്‍ ഈ സമൂഹത്തില്‍ പരക്കെ നല്ലവരായി പ്രത്യക്ഷപ്പെടുന്ന ഓരോ കുടുംബനാഥന്മാരുടെയും നേര്‍സാക്്ഷ്യമാണ്. വീട്ടില്‍ ഒന്നും പുറമെ മറ്റൊന്നും. ഇത്തരത്തിലുള്ള എത്രയോ ഭര്‍ത്താക്കന്മാര്‍ നമുക്ക് പരിചയക്കാരായുണ്ട്.

ഭര്‍ത്താവിനെക്കുറിച്ച് അയാളുടെ കൂട്ടുകാര്‍ പറയുന്നത് കേട്ടുനില്‌ക്കേണ്ടിവരുന്ന മരിയയുടെ മാനസികാവസ്ഥയും എത്രയോ ഭീകരമാണ്. സത്യത്തില്‍ ആല്‍ബിന്‍ ദുര്‍ബലനും മറ്റൊരുരീതിയില്‍ പറഞ്ഞാല്‍ നിഷ്‌ക്കളങ്കനുമാണ്. വാസുവില്‍ നിന്ന് അടിപോലും ഏറ്റുവാങ്ങേണ്ടിവരുന്നവനാണ് അയാള്‍. അനുകൂല സാഹചര്യമായിരുന്നിട്ടും അതിനോടുപോലും പ്രതികരിക്കാത്തവന്‍. സച്ചിക്കും വാസുവിനും ആല്‍ബിന്‍  നല്കിയ മാനസികസമ്മര്‍ദ്ദം ഭീകരമായിരുന്നുവെന്ന് സ്മ്മതിക്കുമ്പോഴും വീടുകയറിയുള്ള ആക്രമണത്തിന് വിധേയനായ ആല്‍ബിനോട് എന്തോ വ്യക്തിപരമായി  സഹതാപമാണ് തോന്നിയത്.  മകളുടെ മുമ്പില്‍ വച്ചുപോലും ആല്‍ബിനെ ആക്രമിക്കുന്ന സച്ചിനോട് നീരസവും.

ചുരുക്കത്തില്‍ രണ്ടുതരം മാനസികാവസ്ഥയിലുള്ള പുരുഷന്മാരുടെ കഥ കൂടിയാണ് ഇഷ്‌ക്. ഒപ്പം സ്വന്തം വ്യക്തിത്വം അടയാളപ്പെടുത്താന്‍ സന്നദ്ധതയുള്ള പെണ്‍കുട്ടിയുടെയും. 

ഇന്നലെ കണ്ട ഒരുപുരുഷന്റെയൊപ്പം രാത്രിയെന്നും പകലെന്നും ഭേദമില്ലാതെ സഞ്ചരിക്കാന്‍ തയ്യാറാകുന്ന പുതിയ കാലത്തെ പെണ്‍കുട്ടികള്‍ ചെന്നുചാടാന്‍ സാധ്യതയുള്ള അപകടങ്ങളെക്കുറിച്ചുള്ള വീണ്ടുവിചാരം കൂടി ഇഷ്‌ക് നല്കുന്നുണ്ടെന്ന ഉപദേശത്തോടെ….

വിനായക് നിര്‍മ്മല്‍

More like this
Related

RESTART…

എങ്ങനെയെങ്കിലും വിജയിക്കാൻ ശ്രമിക്കുന്നവരുടെ ലോകമാണ് നമ്മുടേത്. പലവിധത്തിലുള്ള വിജയങ്ങളുണ്ട്. പരീക്ഷാ വിജയം,...

ക്ഷമയുടെ ‘പൂക്കാലം’

ദാമ്പത്യത്തിലെ സംഘർഷങ്ങളും സങ്കീർണ്ണതകളും അതിൽ അകപ്പെട്ടിരിക്കുന്നവരുടെ മാത്രം  ലോകമാണ്. പുറമേയ്ക്ക് നോക്കുന്നവർ...

സ്ഫടികം ഒരു പുന:വായന

പാളിപ്പോയ പേരന്റിംങിനെക്കുറിച്ച് പറയു ന്ന, ചർച്ചകളിലൊക്കെ ആവർത്തിച്ച് ഉദാഹരിക്കുന്ന ഒരു സിനിമയാണ്...

ആത്മസംഘർഷങ്ങളുടെ ഇരട്ടകൾ

കുറ്റബോധത്തെക്കാൾ വലുതായി മറ്റെന്താണുള്ളത്? ഉമിത്തീയിൽ നീറുന്ന അനുഭവമാണ് അത്. കുറ്റബോധം താങ്ങാനാവാതെ...
error: Content is protected !!