ഒരു സ്ത്രീ പ്രസവിച്ചു എന്ന് കേള്‍ക്കുമ്പോഴേ എല്ലാവരുടെയും ആദ്യത്തെ ചോദ്യം സുഖപ്രസവമായിരുന്നോ എന്നാണ്. അതുപോലെ ഭാര്യ പ്രസവിച്ചു , സുഖപ്രസവമായിരുന്നു എന്ന് മെസേജ് അയ്ക്കുന്നവരും ഉണ്ട്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ എന്താണ് സുഖപ്രസവം? പലര്‍ക്കും അതേക്കുറിച്ച് ചില തെറ്റായ ധാരണകളുണ്ട്. സിസേറിയന്‍ കൂടാതെ സ്വഭാവികമായ രീതിയില്‍ നടക്കുന്ന പ്രസവമാണ് സുഖപ്രസവമെന്നാണ് ഭൂരിപക്ഷത്തിന്റെയും ധാരണ. പക്ഷേ ഇത് ശരിയായ അറിവല്ല. നോര്‍മല്‍ ഡെലിവറിയോ സിസേറിയനോ എന്ന് നോക്കിയല്ല സുഖപ്രസവം എന്ന് വിലയിരുത്തേണ്ടത് എന്നാണ് ഇന്നത്തെ ഡോക്ടര്‍മാരുടെ അഭിപ്രായം. അതിനുമപ്പുറം പ്രസവാനന്തരം അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുണ്ടോ എങ്കില്‍ അവിടെ സുഖപ്രസവം നടന്നുവെന്നാണ് അവര്‍ പറയുന്നത്.
സുഖപ്രസവത്തിന് ചില പ്രധാന ഘടകങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വളര്‍ച്ചയെത്തിയ പ്രസവം അഥവാ മൂപ്പെത്തിയ പ്രസവം. സാധാരണയായി 40 ആഴ്ചയാണ് ഒരു സ്ത്രീയുടെ ഗര്‍ഭകാലം. എങ്കിലും 37 ആഴ്ചയെങ്കിലും വളര്‍ച്ചയെത്തിയതിന് ശേഷമാണ് പ്രസവം നടക്കുന്നതെങ്കില്‍ അത് മൂപ്പെത്തിയ പ്രസവം എന്ന് പറയാം. ഇത് സുഖപ്രസവം എന്ന നിര്‍വചനത്തില്‍ പെടുന്നു.
രണ്ടാമതായി കുഞ്ഞിന്റെ തൂക്കമാണ്. നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങളുടെ സാധാരണ തൂക്കം മൂന്നു കിലോ വരെയാണ്. ഇതില്‍ രണ്ടര കിലോവരെയും പ്രശ്‌നമില്ല. അതിലും താഴെയാണ് തൂക്കമെങ്കില്‍ തൂക്കക്കുറവില്ലാത്ത കുഞ്ഞു എന്ന് പറയേണ്ടതായി വരും. തൂക്കക്കുറവില്ലാതെ പ്രസവിക്കുന്നുണ്ടെങ്കില്‍ അവിടെയും സുഖപ്രസവം തന്നെ നടന്നുവെന്ന് പറയാം.
കുഞ്ഞ് കരയുന്നതാണ് മറ്റൊരു ശുഭസൂചന. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞ് തനിയെ ശ്വസിക്കേണ്ട കാര്യമില്ല. നീരും വെള്ളവും നിറഞ്ഞ അവസ്ഥയിലായിരിക്കും അവരുടെ ശ്വാസകോശം. വീര്‍പ്പിക്കാത്ത ബലൂണിന്റെ അവസ്ഥയോടാണ് ഇതിനെ വൈദ്യശാസ്ത്രം വിശേഷിപ്പിക്കുന്നത്. പൊക്കിള്‍ കൊടി മുറിക്കുമ്പോള്‍ പോഷകാംശങ്ങളുടെയും ഓക്‌സിജന്റെയും ഒഴുക്ക്് തടയപ്പെടുന്നുണ്ടത്രെ. അമ്മയില്‍ നിന്ന് വേര്‍പെട്ടു കഴിയുമ്പോള്‍ തന്മൂലം ഓക്‌സിജന്‍ കിട്ടാനായി കുഞ്ഞിന്റെ ശ്വാസകോശം പ്രവര്‍ത്തനം ആരംഭിക്കുകയും അതിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്നു. ഇതാണ് കുഞ്ഞിന്റെ കരച്ചില്‍. ഈ ആദ്യകരച്ചില്‍ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ പ്രസവശേഷം കുഞ്ഞ് കരഞ്ഞാല്‍ അതും സുഖപ്രസവത്തില്‍ പെടുന്നു.
ഇതുപോലെ അമ്മയുടെ ആരോഗ്യത്തിനോ ശാരീരികാവസ്ഥയ്‌ക്കോ പരിക്കുകളൊന്നും സംഭവിക്കുന്നില്ലെങ്കില്‍ അതും സുഖപ്രസവമാണ്. ചുരുക്കത്തില്‍ സിസേറിയന്‍, നോര്‍മല്‍ ഡെലിവറി എന്നിവ കൊണ്ടുമാത്രം ഒരു പ്രസവവും സുഖപ്രസവമായിരിക്കണമെന്നില്ല. മേല്പ്പറഞ്ഞ വിവിധ കാരണങ്ങള്‍ കൊണ്ടാണ് ഒരു പ്രസവം സുഖപ്രസവമായി മാറുന്നത്.