കുടുംബജീവിതത്തെ കൂട്ടിയിണക്കുന്ന പ്രധാനപ്പെട്ട ഘടകം സ്‌നേഹമാണ് എന്ന കാര്യത്തില്‍ ആരും സംശയം പറയുമെന്ന് തോന്നുന്നില്ല. പക്ഷേ സാമ്പത്തികത്തിനും അവഗണിക്കാനാവാത്ത ഒരു സ്ഥാനമുണ്ട്. കുടുംബജീവിതത്തിന്റെ സന്തോഷത്തില്‍ പണം പ്രധാനപങ്കുവഹിക്കുന്നുവെന്ന് തന്നെ ചുരുക്കം. കാരണം പണമാണ് പല കാര്യങ്ങളെയും നിയന്ത്രിക്കുന്നത്. അത്യാവശ്യകാര്യങ്ങളില്‍ പണം ഇല്ലാതെ വരുമ്പോഴോ തികയാതെ വരുമ്പോഴോ അത് ബന്ധങ്ങളുടെ ഇടര്‍ച്ചയ്ക്ക് കാരണമാകും.
സാമ്പത്തികസന്തുലിതാവസ്ഥയുണ്ടെങ്കില്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. അതുകൊണ്ട് ദമ്പതികള്‍ തമ്മില്‍ സാമ്പത്തികകാര്യങ്ങളില്‍ പരസ്പരധാരണയും അച്ചടക്കവും പാലിക്കേണ്ടത് അത്യാവശ്യമാണ്. നവദമ്പതികള്‍ തങ്ങളുടെ ജീവിതം ആരംഭിക്കുമ്പോള്‍ തന്നെ ഇക്കാര്യത്തില്‍ സംസാരിച്ച് പൊതു ധാരണയിലെത്തേണ്ടതാണ്.
ദമ്പതികള്‍ തമ്മില്‍ സാമ്പത്തികകാര്യങ്ങളില്‍ സുതാര്യതയുണ്ടായിരിക്കണം. സാലറി, മറ്റ് സാമ്പത്തികസ്രോതസുകള്‍, ചെലവുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഇരുവര്‍ക്കും പരസ്പരധാരണയുണ്ടായിരിക്കണം. പല കുടുംബങ്ങളിലും ഇക്കാര്യത്തില്‍ ധാരണയില്ല. പങ്കാളി എന്തുമാത്രം സമ്പാദിക്കുന്നുണ്ടെന്ന കാര്യം പോലും മറ്റേയാള്‍ക്ക് അറിയാത്ത കേസുകളുമുണ്ട്. ശമ്പളം കിട്ടിയിട്ട് അത് പറയുക പോലും ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാരം ചെലവഴിക്കുന്ന ഭാര്യമാരും വരുമാനത്തിന്റെ ഭൂരിപക്ഷവും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ധൂര്‍ത്തടിക്കുന്ന ഭര്‍ത്താക്കന്മാരുമുളള കുടുംബത്തില്‍ സന്തോഷം കടന്നുവരികയില്ല.
എല്ലാ കാര്യങ്ങളിലും സ്ത്രീപുരുഷ സമത്വം അവകാശപ്പെടുന്ന നമ്മള്‍ കുടുംബജീവിതത്തിലെ സാമ്പത്തികകാര്യങ്ങളിലും അത് പ്രയോജനപ്പെടുത്തണം. സമ്പാദിക്കുന്നതിന്റെ പാതി കുടുംബത്തിലേക്ക് ഇരുവരും ചെലവഴിക്കാന്‍ തയ്യാറാകണം. ഒരാളുടെ മാത്രം ചുമലിലേക്ക് കുടുംബബാധ്യതകള്‍ മുഴുവന്‍ വച്ചുകൊടുക്കരുത്. വീട് ലോണ്‍, വാഹനലോണ്‍ തുടങ്ങിയവയെല്ലാം പലപ്പോഴും ഒരാള്‍ മാത്രമായിരിക്കും വഹിക്കുന്നത്. ഇതിന് പുറമെയാണ് വീട്ടുചെലവുകള്‍, മക്കളുടെ വിദ്യാഭ്യാസം, ആശുപത്രി, വിനോദം തുടങ്ങിയവയുടെ ചെലവും. അതുകൊണ്ട് വരുമാനത്തിന്റെ പാതി ഇരുവരും തുല്യംപോലെ ചെലവഴിക്കാന്‍ തയ്യാറാകണം.
സാമ്പത്തികകാര്യങ്ങളില്‍ തീരുമാനമെടുക്കേണ്ടിവരുമ്പോള്‍ രണ്ടുപേരും കൂടി ഒരുമിച്ച് ആലോചിച്ച് വരുംവരായ്കകളെക്കുറിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുക. ഏകപക്ഷീയമായ സാമ്പത്തികതീരുമാനങ്ങള്‍ കുടുംബബന്ധങ്ങളില്‍ വിള്ളലുകള്‍ വീഴ്ത്തുകയും കുടുംബത്തെ തകര്‍ച്ചയിലേക്ക് നയിക്കുകയും ചെയ്‌തേക്കാം
സമത്വം പോലെ തന്നെ സാമ്പത്തികസ്വാതന്ത്ര്യവും ദമ്പതികള്‍ക്കുണ്ടായിരിക്കണം. രണ്ടുപേര്‍ക്കും വ്യക്തിപരമായ ആവശ്യം വരികയാണെങ്കില്‍ അതിന് വേണ്ടി പണം ചെലവഴിക്കാന്‍ സ്വാതന്ത്ര്യമുണ്ടായിരിക്കണം. ഭാര്യയുടെ ഒരു കൂട്ടുകാരിയെ സഹായിക്കണം, അല്ലെങ്കില്‍ വീട്ടുകാരെ സഹായിക്കണം തുടങ്ങിയ സാഹചര്യങ്ങളില്‍ തന്റെ പണം അത്തരം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി നീക്കിവയ്ക്കാന്‍ ഭര്‍ത്താവ് തയ്യാറാകണം. അതുപോലെ തിരിച്ചും.
വീട്ടില്‍ അത്യാവശ്യഘട്ടങ്ങള്‍ വരുമ്പോള്‍ അതിന് സഹായകരമായ വിധത്തില്‍ ഒരു എമര്‍ജന്‍സി ഫണ്ട് ഉണ്ടായിരിക്കണം. അപ്രതീക്ഷിതമായ ചെലവുകള്‍ വരുമ്പോള്‍ അതിനെ താങ്ങിനിര്‍ത്താന്‍ ഇതേറെ സഹായകരമായിരിക്കും. രണ്ടുപേരു താന്താങ്ങളുടെ വീതം ഇതില്‍ നിക്ഷേപിക്കണം. അസുഖം, ജോലി നഷ്ടമാകല്‍, വീടിന്റെ കേടുപാടുകള്‍ നീക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ വരുമ്പോള്‍ ആരോടും കടം ചോദിക്കാതെയും അനുദിനകാര്യങ്ങള്‍ക്ക് തടസ്സമില്ലാതെയും പ്രശ്‌നം പരിഹരിക്കാന്‍ ഇത്തരം ഫണ്ടുകള്‍ ഏറെ സഹായകരമാകും.