പലരും സ്വയം ചികിത്സകരാണ്. പനിയോ ജലദോഷമോ തലവേദനയോ വന്നാല്‍ ഡോക്ടറെ കാണാതെ മരുന്നുകഴിക്കുന്നവര് ധാരാളമുണ്ട്. അതുപോലെയാണ് ഒരു കൂട്ടര് കാത്സ്യം ഗുളികകള്‍ കഴിക്കുന്നതും. എല്ലിന്റെ ആരോഗ്യത്തിന് നല്ലതാണല്ലോ എന്ന് കരുതി ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ കാല്‍സ്യം ഗുളികകള്‍ കഴിക്കുന്നത് ദോഷം ചെയ്യും. കാരണം അളവില്‍ കൂടുതല്‍ കാല്‍സ്യം ഗുളികകള്‍ കഴിക്കുന്നത് വൃക്കയില്‍ കല്ലുണ്ടാക്കുമെത്ര. അതുകൊണ്ട് എല്ലുകളുടെ ആരോഗ്യത്തിന് വേണ്ടി കാല്‍സ്യം ഗുളികകള്‍ കഴിക്കാതെ മറ്റ് പല രീതിയിലും ആരോഗ്യം മെച്ചപ്പെടുത്താനാണ് ശ്രമിക്കേണ്ടത്.
കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുന്നതിലൂടെ എല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്താം. കൊഴുപ്പ് നീക്കിയ പാല്, തൈര് തുടങ്ങിയ പാലുല്പന്നങ്ങള്, സോയാബീന്‍ ഉത്പ്പന്നങ്ങള്‍, വെണ്ടയ്ക്ക, ബീന്‍സ്, ബദാംപരിപ്പ്, മത്തി, ഓറഞ്ച് ജ്യൂസ് തുടങ്ങിയവയെല്ലാം ഇതില്‍ പെടും. അതുപോലെ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുള്ള അയല പോലത്തെ മീനുകള്‍, മുട്ട, കൂണ്, പഴങ്ങള്‍,തവിടുകളയാത്ത ധാന്യങ്ങള്‍,നട്സ് എന്നിവയും എല്ലുകള്‍ക്ക് കരുത്തുപകരും. വ്യായാമങ്ങളും എല്ലുകളുടെ കരുത്തു കൂട്ടും. എന്നാല്‍ ഏതുതരം വ്യായാമം ചെയ്യണമെന്ന കാര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശം അനുസരിക്കണം.