വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാലം. ഇലക്ഷൻ ബൂത്തിലേക്ക് നടക്കാനും ക്യൂ നില്ക്കാനും നമുക്കിനി അധികദിവസങ്ങളൊന്നുമില്ല. പക്ഷേ എത്ര പേർ വോട്ടു ചെയ്യാൻ പോകും? എന്താണ് ഇലക്ഷനെക്കുറിച്ചും വോട്ടിംങിനെക്കുറിച്ചുമുള്ള പ്രതികരണം? പ്രത്യേകിച്ച് യുവജനങ്ങൾക്ക്?
വോട്ടവകാശം രേഖപ്പെടുത്താനുള്ള നിയമപരമായ അംഗീകാരം കിട്ടിയതിന് ശേഷം ആദ്യമായി വോട്ടു ചെയ്യാൻപോയപ്പോൾ ഉണ്ടായ സന്തോഷവും അഭിമാനവും പല യുവജനങ്ങളിൽ നിന്നും പതുക്കെ അപ്രത്യക്ഷമാകുന്നുണ്ട്. ഒരുതരം ഈസി മനോഭാവം. വോട്ടു ചെയ്താലും ചെയ്തില്ലെങ്കിലും എനിക്കൊരു കുഴപ്പവുമില്ല എന്ന മട്ട്. പിന്നീട് ഏതെങ്കിലും സർക്കാർ അധികാരത്തിലെത്തിക്കഴിയുമ്പോൾ അതിനെ അകന്നുനിന്ന് കുറ്റംപറയാനും ചെളിവാരിയെറിയാനും എളുപ്പമാണ്. ഈ സർക്കാർ ശരിയല്ല എന്ന മട്ടിൽ. ഇത് ശരിയല്ല.
കാരണം നിങ്ങളുടെ വോട്ട് അതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. യുവജനങ്ങളുടെ വോട്ട് രാജ്യത്തിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ പ്രധാനപങ്കുവഹിക്കുന്നുവെന്നാണ് രാഷ്ട്രീയവിഗദ്ഗരുടെ നിരീക്ഷണങ്ങൾ. ഒരു ജനാധിപത്യരാജ്യത്തിൽ പൗരന്മാരുടെ പൂർണ്ണഭാഗഭാഗിത്വവും പങ്കാളിത്തവുമില്ലാതെ നല്ലൊരു ഗവൺമെന്റിനെ തിരഞ്ഞെടുക്കാനോ അധികാരത്തിലേറ്റാനോ സാധിക്കുകയില്ല. അതുകൊണ്ടുതന്നെ സമ്മതിദാനഅവകാശം വളരെ പ്രധാനപ്പെട്ടതാണ്.
നാളെത്തെ നേതാക്കന്മാരെ തിരഞ്ഞെടുക്കാൻ എന്തുകൊണ്ട് വോട്ടു ചെയ്യണം എന്നത് പ്രധാനമായും മൂന്ന് കാരണങ്ങൾ കൊണ്ട് വിശദീകരിക്കാൻ കഴിയും.
1. അത് നമ്മുടെ അവകാശമാണ്
ഒരു ജനാധിപത്യരാജ്യം പൗരന്മാർക്ക് നല്കുന്ന ഏറ്റവും പ്രധാനപ്പെട്ട അവകാശമാണ് വോട്ടിംങ്. ആ അവകാശം നിഷേധിക്കുകയോ ദുരുപയോഗം നടത്തുകയോ ചെയ്യരുത്. വരും തലമുറയുടെ ഭാവി കൂടി സുരക്ഷിതമാക്കാനുള്ള മാർഗ്ഗം കൂടിയാണ് വിവേകത്തോടെ ചെയ്യുന്ന വോട്ട്.
2. ഓരോ വോട്ടും പ്രധാനപ്പെട്ടതാണ്
നമ്മുടെ ഓരോരുത്തരുടെയും വോട്ട് വളരെ നിർണ്ണായകമാണ്. നമ്മുടെ ഓരോ വോട്ടും വിലയുള്ളതാണ്. ഓരോ വോട്ടും എണ്ണപ്പെടുന്നുണ്ട്.
3. നമ്മുടെ വോട്ടാണ് നമ്മുടെ ഭാവിയെ രൂപപ്പെടുത്തുന്നത്.
അഞ്ചുവർഷം എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാലാവധിയാണ്. സർക്കാരുകൾ ഏതുമായിക്കൊള്ളട്ടെ പക്ഷേ അധികാരത്തിലേറിയതിന് ശേഷമുള്ള അവരുടെ അഞ്ചു വർഷങ്ങൾ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നവ കൂടിയാണ്. ഒരു സർക്കാർ കൈക്കൊള്ളുന്ന തെറ്റായ തീരുമാനങ്ങളുടെയും നടപ്പിലാക്കുന്ന പദ്ധതികളുടെയും അനന്തരഫലം അഞ്ചുവർഷം കഴിഞ്ഞും രാജ്യത്തെ ജനങ്ങളെ പിന്തുടരുന്നുണ്ട്. ്ചിലപ്പോൾ നമുക്ക് ഏതെങ്കിലുമൊക്കെ രാഷ്ട്രീയപാർട്ടിയോടോ പ്രത്യയശാസ്ത്രങ്ങളോടോ ആഭിമുഖ്യമുണ്ടായിരിക്കാം. എന്നാൽ അതിനപ്പുറം ആ രാഷ്ട്രീയപാർട്ടി അധികാരത്തിലേറിയാൽ രാജ്യത്തിന്റെ ഭാവി എന്തായിരിക്കും, ജനങ്ങളുടെ നന്മ എന്തായിരിക്കും എന്ന കാര്യത്തെക്കുറിച്ചുകൂടി വീണ്ടുവിചാരം ഉണ്ടായിരിക്കണം. ചുരുക്കത്തിൽ വോട്ട് വിലയുള്ളതാണ്. അതിനെ അവഗണിക്കരുത്.
ഗൗരവത്തോടെ സമ്മതിദാന അവകാശം പ്രയോജനപ്പെടുത്തുക.