നിനക്ക് ഇത് സാധിക്കുമോ?

ടിവിയിൽ നാം കണ്ടുകൊണ്ടിരിക്കുന്ന ഒരു പരസ്യം ഇപ്രകാരമാണ്.  പന്തുകളിക്കുന്ന കുറെ ആൺകുട്ടികൾക്കിടയിലേക്ക് കളിക്കാനായി ഇറങ്ങിച്ചെല്ലുന്ന ഒരു  കൊച്ചു പെൺകുട്ടി. പക്ഷേ അവളെ കളിയിൽ നിന്ന് പിന്തിരിപ്പിക്കാനാണ് ആൺകുട്ടികളുടെ ശ്രമം. നീയൊരു പെൺകുട്ടിയല്ലേ നീ വീഴും, പരുക്കു പറ്റും എന്നെല്ലാമാണ് അവരുടെ പ്രതികരണങ്ങൾ. അപ്പോൾ ആ പെൺകുട്ടി അവരോട് ചോദിക്കുന്നത് ഇതാണ്. എന്റെ  പരിക്കാണോ  അതോ നിന്റെ തോൽവിയാണോ പ്രശ്നം? 

വീടു മുതൽ വിവിധ കർമ്മമണ്ഡലങ്ങൾ വരെ പലപ്പോഴായി  സ്ത്രീയുടെ മുമ്പിൽ ഈ ചോദ്യം മുഴങ്ങിക്കേൾക്കുന്നുണ്ട്. നീയൊരു പെൺകുട്ടിയല്ലേ നിന്നെക്കൊണ്ടിതു സാധിക്കുമോ? പ്രഥമ വനിതപദവി  മുതൽ  എവറസ്റ്റ് കൊടുമുടി വരെ കീഴടക്കിയിട്ടും ആ ചോദ്യം സ്ത്രീയെ പിന്തുടർന്നുകൊണ്ടേയിരിക്കുന്നു.

ഇനി ഒരു കഥ. ഗ്രാമത്തിൽ ഒരു ഓട്ടമത്സരം നടക്കുന്നു.  ആ മത്സരം കണ്ടുകൊണ്ടുനില്ക്കുന്നവരിൽ ഒരുപെൺകുട്ടിയുമുണ്ട്. അവളുടെ കാലുകൾ ശോഷിച്ചവയാണ്. ഓട്ടമത്സരം കണ്ടുകൊണ്ടുനില്ക്കുമ്പോൾ അവൾക്കുമൊരാഗ്രഹം. മത്സരത്തിൽ പങ്കെടുക്കണം. പക്ഷേ അച്ഛനും അമ്മയും തടഞ്ഞു. നീയൊരു പെൺകുട്ടിയല്ലേ പോരാഞ്ഞ് കാലിനും സുഖമില്ല. പിന്നെ നിനക്കെങ്ങനെ മത്സരത്തിൽ പങ്കെടുക്കാനാവും?  ഇതെല്ലാം കേട്ടുകൊണ്ടിരുന്ന അവളുടെ സഹോദരൻ പറഞ്ഞു നിന്നെ തീർച്ചയായും ഞാൻ മത്സരത്തിൽപങ്കെടുപ്പിക്കാം. അടുത്ത ദിവസം നടന്ന മത്സരത്തിൽ കാലുശോഷിച്ച സഹോദരിയെ തോളത്തിരുത്തിയാണ് സഹോദരൻ ഓടിയത്.

സ്ത്രീയുടെ വിജയങ്ങൾക്കും നേട്ടങ്ങൾക്കും പിന്നിലെല്ലാം ഇതുപോലൊരു  പുരുഷൻ ഉണ്ട് എന്നത് ഉറപ്പാണ്. അത് അച്ഛനോ സഹോദരനോ ഭർത്താവോ  കാമുകനോ മകനോ ആരുമാകാം. ഇന്ദിരാഗാന്ധിയെ ഇന്ദിരാഗാന്ധിയാക്കിയതിന് പിന്നിൽ  ‘ഒരച്ഛൻ മകൾക്കയച്ച കത്തുകൾ’ വലിയ തോതിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നത് ഉറപ്പാണ്.  പുരുഷന്റെ കരുതലിന്റെയും  ത്യാഗത്തിന്റെയും ചെറുതിരിനാളം ഓരോ സ്ത്രീയുടെയും  അകക്കാമ്പിൽ കൊളുത്തുമ്പോൾ ലോകത്തിന് അനേകം നെയ്ത്തിരിയുടെ പ്രകാശം ലഭിക്കുമെന്ന കാര്യത്തിൽ  സംശയം വേണ്ട. വളരാൻ അനുയോജ്യമായ മണ്ണും വളർത്താനുതകുന്ന സാഹചര്യങ്ങളും ഒത്തുവന്നാൽ  സ്ത്രീ വിവിധ തലങ്ങളിലും  പദവികളിലും വിജയക്കൊടി പാറിക്കുക തന്നെ ചെയ്യും. അപ്പോൾ, നിനക്ക് ഇത് സാധിക്കുമോ എന്ന ചോദ്യത്തിന് മുമ്പിൽ എനിക്ക് അത് സാധിക്കും എന്ന് ഉറപ്പിച്ചുപറയാൻ അവൾക്ക് കഴിയും.
– ഏലീശ്വ

error: Content is protected !!