ഭക്ഷണം കഴിക്കുമ്പോള്‍ അത് തൊണ്ടയില്‍ നിന്ന് താഴേയ്ക്ക് ഇറക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടോ..സ്ഥിരമായി ഈ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെങ്കില്‍ ഉടന്‍ തന്നെ ഡോക്ടറെ കാണാന്‍ മറക്കരുത്. കാരണം ചിലപ്പോഴെങ്കിലും ഇത് ഉദരകാന്‍സറിന്റെ ലക്ഷണങ്ങളിലൊന്നാകാന്‍ സാധ്യതയുണ്ട്. ഉദരകാന്‍സറിന്റെ ലക്ഷണങ്ങള്‍ പൊതുവെ സാധാരണ നിലയിലാണ് പ്രത്യക്ഷപ്പെടാറുള്ളത്. എന്നാല്‍ ഈ ലക്ഷണങ്ങളെ തുടക്കം മുതല്‍ കണ്ടെത്തുകയും ചികിത്സ ആരംഭിക്കുകയും ചെയ്താല്‍ ആയുസിന്റെ ദിനങ്ങള്‍ നീട്ടിക്കിട്ടാന്‍ സാധ്യതയുണ്ട്. എന്തൊക്കെയാണ് സാധാരണപോലെ കണ്ടുവരുന്ന ഈ ലക്ഷണങ്ങള്‍ എന്നല്ലേ പറയാം.
മലത്തില്‍ രക്തത്തിന്റെ അംശം
മറ്റ് പലകാരണങ്ങള്‍ കൊണ്ടും മലത്തില്‍ രക്തത്തിന്റെ അംശം കണ്ടുവരാം. പക്ഷേ ഉദരകാന്‍സറിന്റെ ലക്ഷണങ്ങളില്‍ ഇതും പെടുന്നുണ്ട്. അതുകൊണ്ടാണ് ഇക്കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് പറയുന്നത്.
വയറുവേദന
കിഡ്‌നി സ്റ്റോണ്‍, ദഹനക്കുറവ് തുടങ്ങിയ പലകാരണങ്ങള്‍ കൊണ്ടും വയറുവേദന അനുഭവപ്പെടാം. അക്കൂട്ടത്തില്‍ ഉദരകാന്‍സറിനുള്ള സാധ്യതയും തള്ളിക്കളയാവുന്നതല്ല.
വിശപ്പില്ലായ്മ
അടുത്തകാലം വരെ നല്ലഅളവില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വ്യക്തിയാണ് നിങ്ങള്‍ എന്നിരിക്കട്ടെ പക്ഷേ പെട്ടെന്ന് ഭക്ഷണത്തിനോട് മടുപ്പ് തോന്നുന്നു. വിശപ്പില്ലായ്മയും. ഇതിനെ ഗൗരവത്തില്‍ കാണണം. നീണ്ടുനില്ക്കുന്ന ഈ ലക്ഷണത്തിന് ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാകുന്നു.
തൂക്കക്കുറവ്
പ്രത്യേകമായ ശ്രമമൊന്നും കൂടാതെ ശരീരഭാരം പെ്‌ട്ടെന്ന് കുറയുന്നതായി ശ്രദ്ധയില്‍പെട്ടാലും അടിയന്തിര ശ്രദ്ധ കൊടുക്കണം.
ഭക്ഷണം കഴിച്ചുതുടങ്ങുമ്പോഴേ വയര്‍ നിറഞ്ഞ പ്രതീതിയാണ് മറ്റൊരു രോഗലക്ഷണം.
ഈ പറഞ്ഞ ലക്ഷണങ്ങളില്‍ പലതോ ഏതെങ്കിലും ഒന്നോ രണ്ടോ തോന്നിയാലും ഡോക്ടറെ കാണാന്‍ വൈകരുത്. കൃത്യസമയത്തുള്ള രോഗനിര്‍ണ്ണയവും ചികിത്സയും കാന്‍സറിനെയും ദൂരെയകറ്റാന്‍ കഴിയുമെന്ന് പല അനുഭവങ്ങളും നമുക്ക് പറഞ്ഞുതന്നിട്ടുണ്ടല്ലോ?